Search This Blog

Wednesday, December 28, 2011

തുളസീദളമായ്...

ഉള്ളിന്റെയുള്ളിലെ ശാന്തി ദീപം പോലെ
കണ്ണാ ! നിന്നോടക്കുഴല്‍പ്പാട്ടെന്നിലലിയുന്നു
എന്റെ പകല്‍ച്ചിറകിലാ വേണുനാദം പേറി
നിന്നേക്കു ഞാനെന്‍ മിഴികളര്‍പ്പിക്കുന്നു.

ഇരുളിന്റെ കോണില്‍ വഴി ചൂണ്ടും ചിരാതായ്
ഹൃദയരേണുവില്‍ കുളിരിടും തുളസീദളമായ്
പാഴ്മുളംതണ്ടിന്റെ ജീവനാം ചുംബനപ്പൂവായ്
എന്നിലെ ഞാനിലേക്കെത്തുന്നു നീ കണ്ണാ !!

ആ തിരുമേനിയില്‍ ചാര്‍ത്തിയ ചന്ദന -
മാത്മപ്രഭയായെന്നില്‍ തെളിഞ്ഞെങ്കില്‍
പഞ്ചഭൂതങ്ങളും യമുനാപുളകം പോ -
ലഞ്ജന ശ്രീയായെന്നില്‍ തിളങ്ങിയെങ്കില്‍

ഈ കുരുക്ഷേത്രത്തിലെന്നാസുര ചിന്തയോ -
ടാരും തടുക്കാത്തോരമ്പു പോല്‍ കണ്ണാ നീ
ആകുലപ്പത്തിമേല്‍ താളം ചവിട്ടുന്നോ -
രരോമലായെന്നില്‍ നിറയേണമേ.

നിന്റെ മൌലി തന്‍ സപ്തവര്‍ണ്ണത്തുണ്ടി-
ലെന്റെ സ്വപ്‌നങ്ങള്‍ ഞാന്‍ വരച്ചു ചേര്‍ക്കട്ടെ
നീയാമീ നീലക്കടമ്പിന്‍ ചോട്ടിലെ ശീതളഛായയില്‍
നീരാടി നീരാടി ഞാനെന്നെയുയര്‍ത്തിടട്ടെ

എനിക്കു സ്നേഹമായെന്നഞ്ചിന്ദ്രിയങ്ങളു -
മെനിക്കു പൊരുതുവാനീയാസുരജന്മങ്ങളും
എനിക്കു ഞാനായിടാന്‍ നീയുമെന്‍ കണ്ണാ !!!
അലിയട്ടെ ഞാനീ വേണു തന്നാത്മാവില്‍ .

Tuesday, December 27, 2011

ഇടവക്കുളിര്‍

എന്തോ പറയുവാനിന്നലെ നീയെന്റെ
ജാലകപ്പടിക്കരികിലായെത്തിയില്ലേ.
ചെമ്പകപ്പൂങ്കാറ്റിന്‍ ചിറകിലായെത്തി നീ
യെന്തോ സ്വകാര്യം പറയാന്‍ ഒരുങ്ങിയില്ലേ

ഈയിടവത്തിന്റെ തെക്കിനിക്കോലായില്‍
നീ നിന്റെ കാല്‍ച്ചിലമ്പൊച്ച പൊഴിച്ചു നില്‍ക്കെ
മുറ്റത്തെന്‍ തുളസിക്കതിര്‍ത്തുമ്പില്‍ താളം പിടി -
ച്ചിറ്റുമ്പോളെന്നോടു നീയെന്തോ മൊഴിഞ്ഞതില്ലേ

കാതോരമെനിക്കീയിളം കാറ്റു കോരും കുളിരില്‍
കാതര മൊഴിയായ് നിന്റെ പാട്ടു ഞാന്‍ കേട്ടു
സന്ധ്യ തന്‍ നെറുകയില്‍ മുനിയും ചിരാതിനോ-
ടെന്തേ പരിഭവം കോരുന്നു നീ ,അവള്‍ പാവമല്ലേ

ജാലകച്ചില്ലിലൂടൂര്‍ന്നിറങ്ങും മുത്തില്‍ നി -
ന്നാര്‍ദ്ര നൊമ്പരങ്ങള്‍ തുടി കൊട്ടി നില്‍ക്കെ
പ്രാണന്റെ കവിളില്‍ കുളിര്‍മുത്തമേകി
പ്രണയിനീ നീ യെന്നോടു ചൊല്ലാന്‍ കൊതിപ്പതെന്തേ ?

Friday, December 23, 2011

ഡിസംബര്‍ നിനക്കു ഞാന്‍...........

ഇന്നു ഞാനീ ധനുമാസ്സക്കുളിരില്‍ ലോകമേ
പൊന്‍ താരകത്തിളക്കത്തിലീ പുല്‍ക്കൂട്‌ പൂകുന്നു
എന്നമ്മ മറിയം, ഈ ഭൂമി,നിങ്ങള്‍ക്കു മാത്രമായ്
എന്നെ പ്പിറപ്പിച്ചിറ്റു ചുടു ചോര ചിന്തുവാന്‍

ഒത്തിരിത്താരകത്തിളക്കത്തിലീയാര്‍പ്പൂവിളിയു -
മൊത്തിരി സ്നേഹത്തിളക്കോമീ രാത്രിക്കു കൂട്ടാകുമ്പൊഴും
ഇന്നുമെനിക്കന്യ മാണാ ഒറ്റിന്റെ വെള്ളിച്ചിലമ്പും
എന്നെ മറന്നുള്ളോരീ ചിരിപ്പിന്നിലെ കറുപ്പും

Thursday, December 15, 2011

ഗുരോ !!!

എന്നുമെന്നുള്ളിലറിവിന്‍ വിളക്കാ -
യുള്ളിന്‍ പ്രഭയ്ക്കെന്‍ വഴികാട്ടിയായ്
അന്യന്റെ കണ്ണീരിലലിയും ഹൃദയമാകാ -
നെന്നോടു ചൊല്ലുന്നു നിന്റെ മൌനം ഗുരോ !

അയലിന്റെ കാന്തിക്കൊരു കണ്ണു നല്കാ -
നഴലുകളിലെന്നുമെന്‍ കൈത്താങ്ങു നല്‍കാന്‍
ഇരവുകളിലൊരു കൈത്തിരിച്ചാര്‍ത്തായിടാന്‍ നീ -
യുരുവിട്ട വാക്കുകളെനിക്കൂര്‍ജ്ജമാകും ഗുരോ !!

ശിവഗിരിക്കുന്നിലെ ശാന്തിയെന്‍ വെളിച്ചമാകും
ശാരദക്കാന്തിയെന്നക്ഷരത്തെളിച്ചമാകും
അറിയാനലയുന്ന ജീവിതമായി ഞാ -
നറിവാം നിന്‍ ചരണമണയുന്നൂ ഗുരോ !!!

ഒരു മുളം തണ്ടിലെയാര്‍ദ്ര നാദം പോലെ -
യൊരു നിലാവിന്റെ നിര്‍മ്മലക്കുളിരു പോലെ
ഒന്നെന്ന നിന്റെയുള്‍ക്കാഴ്ചയെന്നി -
ലെന്നുമറിവിന്‍ മലരായ് വിരിയേണമേ ഗുരോ !!!!

Sunday, December 11, 2011

തണുപ്പ് കൊതിക്കുന്ന കൂടംകുളവും തണുക്കാന്‍ മടിക്കുന്ന മുല്ലപ്പെരിയാറും

തണുപ്പ് കൊതിക്കുന്ന കൂടംകുളവും
തണുക്കാന്‍ മടിക്കുന്ന മുല്ലപ്പെരിയാറും

അപകട സാദ്ധ്യതയുടെ നിജസ്ഥിതി വ്യക്തം ആയിരിക്കെ തന്നെ ഭരണ കൂടം ഉദാസീന സമീപനം സ്വീകരിക്കുന്ന തിന്റെ പൊരുള്‍ ഭരണ കൂടത്തിനു പുറത്തുള്ള ഒരു വിഭാഗത്തിനും മാധ്യമ മേഖലയിലെ മിക്ക ഇടങ്ങള്‍ക്കും അറിവുണ്ടായിട്ടും അതിനെ ഭൂമിശാസ്ത്രപരമോ വംശീയമോ ആയ ഭീകരതയുടെ ഇരകളാകുന്ന സമൂഹത്തോട് തുറന്നു പറയുവാനും ബോധവത്കരിക്കുവാനും തുനിയാത്തതിന്റെ കാരണം എന്തായിരിക്കാം ?
ലോകത്തെ ഇതര രാജ്യങ്ങളില്‍ നില നില്‍ക്കുന്നതും വളര്‍ന്നു വരുന്നതുമായ സാമൂഹ്യ അസ്വസ്ഥതകളും അവയുടെ പരിണാമവും അതിന്റെ ചാലക ശക്തിയായി വര്‍ത്തിക്കുന്ന ഗൂഡ കേന്ദ്രങ്ങളെയും അതിന്റെ പിന്നാം പുറങ്ങളെയും സൂക്ഷ്മ നിരീക്ഷണം നടത്തി ഭൂരിപക്ഷ സാധാരണത്വത്തിനു മനസ്സിലാകി കൊടുക്കുവാന്‍ നാം ഉത്തരവാദികള്‍ ആണ് .ഇവിടെ ആ ചുമതല തികഞ്ഞ പരിശുദ്ധിയോടെ നിര്‍വഹിക്കേണ്ട രാഷ്ട്രീയ സാമൂഹ്യ സംഘടനകള്‍ തികച്ചും അവരുടെതായ ആവശ്യങ്ങളിലേക്ക്‌ മാത്രം ചുരുങ്ങുന്നു എന്നത് അപകടകരം ആണ് .

ഒരു തമിഴ് മലയാള സംഘര്‍ഷത്തിനുള്ള അന്തരീക്ഷം ( രാജ്യത്തെ ഇതര സാമൂഹ്യ ആലോസരങ്ങള്‍ക്ക് ഒപ്പം ) ആയി നില നിര്‍ത്തെണ്ട ആവശ്യം നമ്മുടെ രാജ്യത്തെ രാഷ്ട്രീയ കോര്‍പ്പറേറ്റ്കളുടെതാണ് .അത് ഒരു അധിനിവേശ ആവശ്യത്തിന്റെ ഭാഗവും കൂടി ആണ് .അരാഷ്ട്രീയ തലമുറ ഉണ്ടാ വേണ്ടതും മേല്‍പ്പറഞ്ഞ ആവശ്യത്തിന്റെ കരുപ്പിടിപ്പിക്കലിനും നിലനില്‍പ്പിനും അത്യന്താ പേക്ഷിതവും.രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ അനിവാര്യതയിലേക്ക് വിരല്‍ ചൂണ്ടുന്ന ഈ വിഷയം അര്‍ഹമായ പ്രാധാന്യത്തോടെ ശ്രദ്ധിക്കാപ്പെടാതെ പോകുന്നത് നമ്മുടെ രാജ്യത്തിന്റെ സാമൂഹ്യ അപകടാവസ്ഥ പതിരറിഞ്ഞു ചികിത്സിക്കാന്‍ സാധ്യമാവാത്ത സാഹചര്യം സൃഷ്ടിക്കും .

ഭരണകൂടം തങ്ങളുടെ താത്പര്യ സംരക്ഷണത്തിന് ഒത്തു കിട്ടുന്ന ചാകര പോലെ ഇത്തരം പ്രശ്നങ്ങള്‍ക്ക് വിത്തും വളവും നല്‍കും .സമഗ്രതയുടെ സ്വര്‍ണ തിളക്കം പേറുന്ന ഒരു സംസ്കാരത്തിന്റെ ഹൃദയ ത്തിലേക്ക് കുന്തം ഓങ്ങി നില്‍ക്കുന്ന അധിനിവേശത്തിന്റെ പടയോട്ടത്തിനു നമ്മുടെ ഭരണകൂടം കുട പിടിക്കുന്നത്‌ എന്ത് കൊണ്ട് ?

പരമ്പരാഗതവും തനതുമായ ഊര്‍ജ്ജ സ്രോതസ്സുകളുടെ ലഭ്യത നമുക്ക് സമൃദ്ധം എന്നിരിക്കെ അവയെ പാരിസ്ഥിതികാനുകൂലമായി ഉപയോഗ പ്പെടുത്താതെ ആഗോളതാത്പര്യാനുസരണം ചട്ടങ്ങള്‍ മാറ്റി എഴുതപ്പെടുമ്പോള്‍ നമ്മുടെ സംസ്കാരത്തിന്റെയും സാമൂഹ്യ ബന്ധങ്ങളുടെയും വില ഭൂമിയുടെ നീരുറവ വരളുന്നതോടൊപ്പം രാജ്യത്തിന്റെ അസ്വസ്താന്തരീക്ഷത്തിന്റെ വേനല്‍ ചൂട് ഉയര്‍ന്ന മാനബിന്ദുവില്‍ എത്തി നില്‍ക്കും .

എന്നും വൈകാരിക സമീപനം മാത്രം സ്വീകരിക്കപ്പെടുന്ന തമിഴ് ജനത അവരുടെ ഈ സമീപനങ്ങളെ അപ്പടി തന്നെ നിലനിര്‍ത്തിപ്പോകണം എന്ന് ആഗ്രഹിക്കുന്ന നേതൃത്വത്തിന്റെ അടിമകള്‍ ആണ് .സിനിമ മുതല്‍ രാഷ്ട്രീയം വരെയും തിരുവിഴ മുതല്‍ തിരുമണം വരെയും ഉള്ള അവരുടെ വൈകാരിക സമീപനം ഒരു സന്തുലിത സാമൂഹ്യ - രാഷ്ട്രീയ അന്തരീക്ഷത്തിന്റെ നെടും തൂണാവാന്‍ സഹായകം ആവുന്നില്ല .ഇത് തന്നെ ആണ് വെള്ളിത്തിരയുടെ നായികാ നായക തിളക്കങ്ങളെ ഭരണ ചക്രത്തിന്റെ നിയന്ത്രക പദവിയില്‍ അവരോധിക്കാന്‍ ഇടവരുത്തിയത് .രാജ്യത്തിന്റെ മുഖ്യ ധാരാരാഷ്ട്രീയത്തില്‍ രാഷ്ട്ര സ്നേഹവും അനുപമമായ ജീവിത ആദര്‍ശങ്ങളും നില നിര്‍ത്തുകയും പുലര്‍ത്തുകയും പകര്‍ത്തുകയും ചെയ്ത രാഷ്ട്രീയ നേതാക്കള്‍ തമിഴ് രാഷ്ട്രീയത്തിലെ നാലാം കിട നേതാക്കള്‍ക്കും താഴെയാണ് .തമിഴിന്റെ ഈ രാഷ്ട്രീയ മനസ്സിലൂടെ തിരശീലയിലെ തിളക്കങ്ങള്‍ക്ക് മാത്രമേ യാത്രാനുവാദം ഉള്ളൂ എന്ന് പരസ്യ പ്പലക സ്ഥാപിക്കുന്ന സാഹചര്യത്തിലേക്ക് ദേശാവസ്ഥയെ എത്തിച്ചത് തമിഴ് വികാരം അല്ല മറിച്ച് ദേശീയ രാഷ്ട്രീയപ്പാര്ടികള്‍ തന്നെ ആണ് .

മണ്ണിന്റെയും പ്രകൃതിയുടെയും ഉള്ളു നിറഞ്ഞു അനുഗ്രഹീതം ആയ നമ്മുടെ രാജ്യത്തിന്‍റെ കൃഷി സാഹചര്യങ്ങളെ അല്‍പ്പം പോലും സ്നേഹിക്കാതെ ഭരണ കൂടം നമ്മുടെ ജീവവായു പോലും ആര്‍ക്കോ വേണ്ടി വാണിജ്യ വത്ക്കരിക്കുംപോള്‍ നമുക്ക് നഷ്ടപ്പെടുന്നത് നമ്മുടെ സ്വത്വം ആണ് എന്നാ തിരിച്ചറിവ് തികഞ്ഞ ഊര്‍ജ്ജസ്വലതയോടെ ഉത്തര വാദിത്വതോടെ ഉയര്‍ത്തിപ്പിടിക്കെന്ടത് നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ആണ് .അവരൊക്കെ അപ്പാടെ വ്യവസായ സ്ഥാപനങ്ങള്‍ ആയി മാറി .ഇത്തരം അപചയ സാഹചര്യങ്ങളില്‍ ഒരു തിരുത്തല്‍ ശക്തി ആയി നില്‍ക്കേണ്ട രാഷ്ട്ര സാംസ്കാരിക സംഘടനകള്‍ പോലും സുഷുപ്തിയില്‍ ആണ് .

ഇന്ന് മുല്ലപ്പെരിയാര്‍ രണ്ടു സംസ്ഥാനങ്ങള്‍ക്ക് ഇടയിലെ വിഷയം മാത്രം ആണോ ? അസ്വസ്ഥതകളുടെ ശ്രുംഖല കളിലേക്ക് വലിച്ചു ചേര്‍ക്കപ്പെടുന്ന അവസാന കണ്ണിയായി മുല്ലപെരിയാര്‍ രൂപപ്പെടുമ്പോള്‍ ഒരു ദുരന്തം കൊണ്ട് വെട്ടി മുറിക്കപ്പെട്ട സംസ്ഥാനത്തിന്റെ ഇരു കരകളിലെയും അപരിഹാര്യമായ ആകുലതകളുടെയും നാളത് വരെയും നെഞ്ചേ റ്റി നടന്ന കാര്‍ഷിക സൌഭാഗ്യത്തിന്റെ പെട്ടെന്നുള്ള തോരോധാനം വാരി വിതയ്ക്കുന്ന തമിഴ് അസ്വസ്തതയുടെയും പക കണ്ണ് കളുടെ തേരോട്ടം കാണേണ്ടി വരാം .കാരണം തമിഴിന്റെ കുടി വെള്ള പ്പേരില്‍ കാലഹരണ പ്പെട്ട ഒരു മനുഷ്യ നിര്‍മ്മിതി രാഷ്ട്രീയ പിടിവാശികളുടെയും മുതലെടുപ്പിന്റെയും തീവ്രതയ്ക്ക് മുന്നില്‍ തകര്ന്നടിയുംപോള്‍ ബലിയാടാ വുന്ന ജന്മ ശേഷിപ്പുകളുടെ പക വിരല്‍ ചൂണ്ടുന്നതും കണ്ണ് കോര്‍ക്കുന്നതും തമിഴിലേക്ക് ആയിരിക്കും .സമാധാന ദൌത്യതിലേക്ക് വേഷ പ്പകര്‍ച്ച നടത്തുന്ന രാഷ്ട്രീയ നപുംസകങ്ങള്‍ പ്രശ്ന പരിഹാര ത്തോണി വലിച്ചടുപ്പി ക്കുമ്പോഴേക്കും ഇരു കരയില്‍ നിന്നും ചൂടും ചൂരും ഉള്ള പുതിയ ഇര അവര്‍ക്കായി പിറന്നിരിക്കും .

കാലഹരണ പ്പെട്ട ഇത്തരം അണ കളുടെ എണ്ണം ഇന്ത്യയില്‍ ഏറെ ഉണ്ടെന്നിരിക്കെ അവയൊക്കെ ഡീ ക്ക മ്മീഷന്‍ ചെയ്തു നിലവിലുള്ള ജലനയം വിപുലീകരിക്കുകയോ പുതുതായി രൂപീകരിക്കുകയോ ചെയ്തു ജല വൈദ്യുത മേഖലയും കാര്‍ഷിക രംഗവും സമഗ്ര വത്കരിക്ക പ്പെടുന്നില്ല എന്നത് ഭരണ കൂടം ദേശത്തോട് ചെയ്യുന്ന ദ്രോഹം എന്നല്ലേ പറയേണ്ടൂ .ഒരേ ജല സ്രോതസ്സില്‍ നിന്ന് തന്നെ പാരിസ്ഥിതിക വ്യതിയാനങ്ങള്‍ക്ക് വിധേയം ആകാതെ മള്‍ട്ടി ഹൈഡല്‍ പദ്ധതികള്‍ ആവിഷ്ക്കരിക്കാം എന്നിരിക്കെ അധികാരി വര്‍ഗ്ഗം ഇതിനോട് നിസ്സംഗം ആവുന്നത് എന്ത് കൊണ്ട് ?

സോവിയറ്റ് യൂണിയന്റെ കാര്‍ഷിക മുന്നേറ്റങ്ങളുടെ ചുവടു പിടിച്ചു പഞ്ചവത്സര പദ്ധതികള്‍ ആവിഷ്ക്കരിക്ക പ്പെടുമ്പോള്‍ ഇന്ത്യയുടെ ആത്മാവ് വ്യാപരിക്കുന്ന ഇടങ്ങളില്‍ എത്തി നിന്ന നെഹ്രൂവിയന്‍ ചിന്തകളില്‍ കാര്‍ഷിക കാര്‍ഷികേതര വികസനങ്ങളില്‍ സമഗ്രവും സമൃദ്ധവുമായ ഇന്ത്യന്‍ ചാലുകള്‍ നമ്മുടെ രാജ്യത്തിന്റെ ഭാഗധേയ നിര്‍ണ്ണ യത്തിന് നൂറു ശതമാനവും മികവുറ്റതെന്നും അവയെ ശ്രദ്ധാ പൂര്‍വ്വം ഉപയോഗപ്പെടുത്തി നമ്മുടെ സംസ്കൃതിക്ക് അനുയോജ്യമായി വികസന മുന്നേറ്റം കരുപ്പിടിപ്പിക്കാം എന്ന് ബോധ്യപ്പെടുത്തി യിട്ടുണ്ട് .വികസന പാതയില്‍ ഈ കാഴ്ച പ്പാടുകള്‍ നില നിര്‍ത്തി ക്കൊണ്ടു ഒരു പടി കൂടി മുന്നോട്ടു പോയി ബാങ്ക് ദേശ സാത്കരണം വരെ നടത്താന്‍ ഇന്ദിരാജി തുനിഞ്ഞപ്പോള്‍ അണിയറയില്‍ വിദേശ ഇടപെടലുകള്‍ക്ക് വഴി തുറക്കാന്‍ ഉള്ള രൂപ രേഖ അട വച്ച് തുടങ്ങിയിരുന്നു .രാജ്യത്തിന്റെ ആന്തരിക ഭീകരതയുടെ ഇരയായി ഒരു യുഗത്തിന് വിരാമ ബിന്ദു ഇടുമ്പോള്‍ പകരം കിട്ടിയ മൃഗീയ ഭൂരിപക്ഷത്തിന്റെ ചവിട്ടു പടിയില്‍ പിന്നം പുറങ്ങളിലൂടെ നടന്നിരുന്ന അധിനിവേശം ചുവടു ഉറപ്പിക്കാന്‍ തുടങ്ങി .പക്ഷെ അകത്തളങ്ങളില്‍ സ്വൈര വിഹാരം നടത്താനും മണിയറ പങ്കിടാനും വീണ്ടും ഒരു ഭീകരതയുടെ താണ്ഡവം വരെ കാത്തിരി ക്കേണ്ടി വന്നു .പക്ഷെ അപ്പോഴേക്കും വിതറി ഇട്ടിരുന്ന വിത്തുകളുടെ മുള പൊട്ടാന്‍ തുടങ്ങി .

ഇവിടെ രാഷ്ട്രത്തിന്റെ ഓരോ ചലനങ്ങളിലും ശ്വാസ നിശ്വാസങ്ങളിലും കണ്ണും കാതും കൂര്‍പ്പിക്കുകയും സാന്ത്വന ത്തിന്റെയും പ്രതിഷേധത്തിന്റെയും വാക്കുടമസ്തര്‍ ആവുകയും ചെയ്യേണ്ട നാല് എസ്റ്റെറ്റുകളും ചിതലരിച്ച തൂനുമായി കാലക്ഷേപം നടത്തുന്നുവോ എന്ന് തോന്നി പ്പോകുന്നു .ഭരണ കൂടത്തെ തിരുത്തേണ്ട ജുടീഷ്യറിയുടെ മേലും അഴിമതിയുടെ പാപക്കറ വീണു തുടങ്ങുമ്പോള്‍ മാദ്ധ്യമങ്ങള്‍ പത്ര ധര്‍മ്മത്തില്‍ നിന്നും അകലെ മാറി ഇവയെല്ലാം ഒരു ആഘോഷമായി മാത്രം കാണാന്‍ ശ്രമിക്കുന്നുവോ ?

കേരളത്തില്‍ കാര്‍ഷിക വികസനം ഭരണ കൂടത്തിന്റെ ചെങ്കുരുക്കില്‍ ശ്വാസം മുട്ടുമ്പോള്‍ വഴി മുട്ടി പ്പോകുന്ന കര്‍ഷകന്റെ ജീവിതം കയര്‍ ക്കുരുക്കിലും കാള കൂടത്തിലും അവസാനിക്കുന്നു .ലക്ഷോപ ലക്ഷം രോഗാണു വാഹിയായി കുട്ടനാടന്‍ ജലം ചീഞ്ഞു അഴുകുമ്പോള്‍ അവയുടെ നടുവില്‍ കുടി വെള്ളത്തിനുപോലും പാങ്ങില്ലാതെ നരകിക്കുന്ന ജീവിതങ്ങള്‍ക്ക് നേരെ ഇട്ടെങ്കിലും കരുണ കാണിക്കാന്‍ മാറി മാറി വരുന്ന ഒരു ഭരണ കൂടത്തിനും ആവുന്നില്ല .ഇഛാ ശക്തിയും ദിശാ ബോധവും ചോര്‍ന്നു പോയ എക്സി ക്യൂടീവ് കളുടെ കക്ഷത്തില്‍ ചുവപ്പ് നാട കൊണ്ട് വിരട്ടി കുട്ടനാട് പാക്കേജിനെ വിയര്‍പ്പിക്കുമ്പോള്‍ ദുസ്സഹം ആയി തീരുന്ന ജീവിതത്തോടൊപ്പം പാരിസ്ഥിതിക പ്രശ്നങ്ങളും തല പൊക്കുന്നു .ശാസ്ത്ര സംഘടനകളും പുരോഗമന പ്രസ്ഥാനങ്ങളും ഉറങ്ങുകയോ ഉറക്കം നടിക്കുകയോ ചെയ്യുന്നിടത്ത് ജാതി മത വര്‍ഗ്ഗീയ ശക്തികള്‍ വിത്ത് പാകി ക്കിളിര്‍പ്പിക്കുന്നു .

സമൂഹത്തിലെ ഓരോ തീവ്രമായ വിഷയങ്ങളും ഒരു നൈരന്തര്യത്തിന്റെ കണ്ണി പോലെ ചൂടേറി എഴുന്നു നില്‍ക്കുകയും തൊട്ടു മുമ്പായി ജ്വലിച്ചു നിന്നിരുന്ന വിഷയങ്ങള്‍ തമസ്കരിക്ക പ്പെടുകയും ചെയ്യണം എന്നത് പ്രാദേശിക ഭരണ കൂടം ഉള്‍പ്പടെ ആഗ്രഹിക്കുന്നതും അനുവര്തിക്കുന്നതും ആയ വിഷയം ആകുന്നു .

ഇവിടെയാണ്‌ മുല്ല പ്പെരിയാര്‍ കൂടം കുളത്തിന്റെ തുടര്‍ പ്രതി ആകുന്നതു .
പാശ്ചാത്യ രാജ്യങ്ങള്‍ ഉള്‍പ്പടെ ഊര്‍ജ്ജ ആവശ്യത്തിന്റെ പാതയില്‍ നിന്ന് ആണവ മേഖലയെ ഒഴിവാക്കി നിര്‍ത്തുകയും പാരമ്പര്യ ഊര്‍ജ്ജ സ്രോതസ്സുകളുടെ പ്രയോഗ വത്കരണത്തിനു ഉപയുക്തം ആകുന്ന പദ്ധതികള്‍ ആവിഷ്ക്കരിക്കുകയും ചെയ്യുന്ന അതെ സമയം തന്നെ വികസ്വര രാജ്യങ്ങളുടെ ഭരണ കര്‍ത്താക്കളെ ആണ വോര്‍ജ്ജത്തിന്റെ കപട അനിവാര്യത ജനങ്ങളെ ബോധ്യപ്പെടുത്തുന്ന ത്തിനുള്ള പ്രചാരകര്‍ ആക്കുകയും ചെയ്യുന്നു .ഊര്‍ജ്ജ പ്രതിസന്ധി രൂക്ഷം ആണെന്നും അതി ഭീകരമായ പ്രതിസന്ധിയെ രാജ്യം നേരിടാന്‍ പോവുകയാണെന്നും വരുത്തി തീര്‍ക്കാനുള്ള ചുവടു വയ്പ്പിന്റെ ഭാഗമായി അപ്രഖ്യാപിതവും അനാവശ്യവുമായ പവര്‍ കട്ട് നടത്തി ജനങ്ങളെ പ്പോലും ആണവോ ര്ജ്ജതിന്റെ വക്താക്കള്‍ ആക്കുകയാണ് .ലോകം കണ്ട ഏറ്റവും വലിയ ആണവ ദുരന്തമായ ചെര്‍ണോബില്‍ ഇന്നും ഒരു പ്രേതാലയം ആയി നമുക്ക് മുന്നില്‍ നില്‍ക്കുന്നു .അവിടെ നിന്നും പുനരധി വസിപ്പിക്ക പ്പെട്ട ജനങ്ങള്‍ ഇന്നും നേരിടുന്ന ദുരിതം ഒരു പ്രേത ഭൂമിയുടെ ചിത്രം നമ്മുടെ ജീവിതത്തില്‍ വരച്ചു ചേര്‍ക്കുന്നു .കാല്‍ നൂറ്റാണ്ടു മുന്‍പ് നടന്ന ആ ദുരന്തക്കാ റ്റു ഇന്നും റഷ്യ യെ ആഞ്ഞടിച്ചു കൊണ്ടിരിക്കുന്നു .അതിനു ശേഷം റഷ്യ ആണവ പദ്ധതികള്‍ പാടെ ഉപേക്ഷിച്ചു എങ്കിലും കൂടംകുളതെക്കുള്ള റിയാക്ടര്‍ അവര്‍ തന്നെ നിര്‍മ്മിച്ച്‌ നല്‍കി .കാരണം നമ്മുടെ ജനത ഇവയൊക്കെ സ്വീകരിക്കും എന്ന് ഇവിടുത്തെ രാഷ്ട്രീയ വ്യവസായികള്‍ ബോധ്യപ്പെടുത്തി ഇരിക്കാം .

ആണവ ഊര്‍ജ്ജ ഉത്പാദന രംഗത്തെ കിടയറ്റ ജപ്പാന്‍ പോലും സുനാമി ദുരന്തത്തിന് ശേഷം തുടര്‍ന്ന് വന്നിരുന്ന മുഴുവന്‍ പദ്ധതികള്‍ നിര്‍ത്തി വയ്ക്കുകയും പുതിയതിന് വേണ്ടി ഉള്ള ആസൂത്രണ പദ്ധതികള്‍ പാടെ ഉപേക്ഷിക്കുകയും ചെയ്തു .ഫിഗുഷിമ നല്‍കുന്ന പാഠം ആണവേതര ഊര്‍ജ്ജ സ്രോതസ്സുകളെ ആവശ്യ വ്യാപ്തിക്കനുസൃതം ആയി വികസിപ്പിക്കുവാന്‍ ജപ്പാനെ നിര്‍ബ്ബന്ധിക്കുകയാണ് .ഹിരോഷിമയും നാഗസാക്കിയും ഏല്‍പ്പിച്ച മുറിവിന്റെ വേദന ഒരു ജനത തങ്ങളുടെ രാഷ്ട്രത്തോടു എങ്ങിനെ ഒക്കെ ആവണം ആവരുത് എന്നാ അലിഖിത നിയമം അണുവിട തെറ്റാതെ പുലര്‍ത്തി പ്പോകുവാന്‍ പ്രാപ്തമാക്കുന്നത് ഇ ഛാ ശക്തിയും ലക്ഷ്യ ബോധവും ഉള്ള ഭരണ കൂടത്തിന്റെ നേതൃ പാടവം ഒന്ന് കൊണ്ട് മാത്രം ആണ് .

ഫിഗുഷിമ ന്യൂനതയ റ്റ സാങ്കേതിക വിദ്യയുടെ സംരക്ഷണ തണലില്‍ പ്രവര്‍ത്തിച്ചു വരുമ്പോള്‍ അപ്രതീക്ഷിത പ്രകൃതി ദുരന്തം ഏല്‍പ്പിച്ച മുറിവുമായി തകര്‍ച്ച നേരിട്ടു എങ്കില്‍ ഇന്ത്യയില്‍ ഉണ്ടാകാവുന്ന ആണവ ദുരന്തങ്ങള്‍ പ്രകൃതി ഏല്‍പ്പിക്കുന്ന ആഘാതത്തെക്കാള്‍ ഭീകരമായ ഭരണ കൂട രാഷ്ട്രീയ അഴിമതികളുടെ മായ്ക്കാനാവാത്ത പാപക്കറകള്‍ ആയിട്ടാ യിരിക്കും .നിലവിലുള്ള അതി തീവ്രമായ സുരക്ഷാ പാലനത്തിലൂടെ ഫിഗുഷിമ അനുവര്‍ത്തിക്കുന്ന വികിരണ നിര്‍മ്മാര്‍ജ്ജന പ്രക്രിയകള്‍ പോലും പൂര്‍ണ്ണ ഫല പ്രാപ്തിയിലെത്താന്‍ ഏറ്റവും ചുരുങ്ങിയത് മുപ്പതു വര്‍ഷം വേണ്ടി വരും .

അപ്പോള്‍ വെള്ളം ചേര്‍ത്ത സുരക്ഷാ പാലന രീതിയും ഗുണ നിലവാരം ഉറപ്പു വരുത്താത്ത സാങ്കേതിക വിദ്യാ പ്രയോഗവും അഴിമാത്യുടെ മധുരം ചേര്‍ത്ത് ആണവോര്‍ജ്ജ പദ്ധതികളായി ഇന്ത്യന്‍ ഭരണ കൂടം ഒരുക്കി എടുക്കുമ്പോള്‍ സമൂഹത്തിനു മേല്‍ അടിച്ചേല്‍പ്പി ക്കപ്പെടുന്ന ഭരണ കൂട ഭീകരതയായി പരിണമിക്കും എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടോ ?

മുല്ലപ്പെരിയാറിന്റെ വെള്ളം നുകരുന്ന മുല്ലയുടെയും മുന്തിരിയുടെയും മണത്തിനും ഗുണത്തിനും കീഴില്‍ നിത്യ വൃത്തിക്കായി സമര്‍പ്പിക്കപ്പെടുന്ന തമിഴ് സാധാരണ ജന്മങ്ങള്‍ അക്ഷരങ്ങളുടെ തിരു മുറ്റ ത്തേക്ക് ആകര്‍ഷിക്കാ പ്പെടാതിരി ക്കേണ്ടത് തമിഴ് രാഷ്ട്രീയ മുതലാളി മാരുടെ ദീര്‍ഘ കാള കുരുട്ടു പദ്ധതികളുടെ അടിവേരുകള്‍ ആണ് .ഒറ്റ ക്കുടുസ്സു മുറിയുടെയും ഓല പ്പുരയുടെയും കീഴില്‍ ആധുനിക സാങ്കേതിക വിദ്യയുടെ ആസ്വാദന ക്യാപ്സ്യൂള് കള്‍ പഴകിയ റേഷന്‍ അരി ചേര്‍ത്ത് നനയ്ക്കുന്ന സൌജന്യത്തിലൂടെ കിളിര്‍ത്തു പന്തലിക്കുന്ന വംശീയ വികാരമായി തമിഴ് രാഷ്ട്രീയം ആവാഹിച്ചു നില നിര്‍ത്തുമ്പോള്‍ ഈ കാര്‍ഷിക മേഘലയുടെ ശീതളിമ നുകരുന്നത് ഭൂരിപക്ഷം ,ഒരു പക്ഷെ ,കേരള രാഷ്ട്രീയ "ശുദ്ധാ "ത്മാക്കള്‍ ആയിരിക്കാം .ആ പട്ടിക തമിഴ്നാട് പുറത്തു വിടാതിരിക്കണ മെങ്കില്‍ തമിഴ് മക്കള്‍ നമ്മുടെ രക്തമാണ് എന്നും നമ്മുടെ മുറ്റത്തു നമ്മുടെ ചിലവില്‍ അണ കെട്ടി ആജീവാനാന്തം സൌജന്യമായി വെള്ളം ഒഴുക്കാം എന്നും കേരളത്തിന്റെ പൂര്‍ണ്ണ ചെലവില്‍ പറയേണ്ടി വരും .അത് തന്നെ നടക്കുന്നതും .

മുല്ലപ്പെരിയാര്‍ എന്ന സമൃദ്ധ ജല സ്രോതസ്സിനെ തമിഴ് മേഖല ഉപയോഗിക്കുന്നത് പോലെ തന്നെ അതിന്റെ നല്ലൊരു ഭാഗം കേരളത്തിന്റെ കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കവുന്നതല്ലേ . പക്ഷെ കാര്‍ഷിക വൃത്തിയോട് പുറം തിരിഞ്ഞു നില്‍ക്കുന്ന കേരളം അയല്‍ സംസ്ഥാനങ്ങളുടെ
കാര്‍ഷിക ഉപഭോക്തൃ മേഖല ആവുന്നത് ഈ നിസ്സംഗതയുടെയും ഭരണ രാഷ്ട്രീയ മേഘലയിലെ സമൂഹത്തോടുള്ള കൂറില്ലായ്മയുടെയും ഫലമാണ് എന്നത് അനിഷേധ്യം അല്ലെ .മലയാളത്തിന്റെ ഓരോ വീട്ടു മുറ്റത്തും ഒന്നോ രണ്ടോ പച്ച ക്കറികള്‍ മാത്രം നട്ടു വളര്‍ത്തി പരിപാലിച്ചാല്‍ നമ്മുടെ ദൈനം ദിന പച്ചക്കറി ആവശ്യങ്ങളുടെ നല്ലൊരു പങ്കിനെ നേരിടാന്‍ ആവും .ത്രിതല പഞ്ചായത്ത് സമ്പ്രദായത്തിന്റെ സമഗ്രത തിളങ്ങുന്നത് തന്നെ അടിസ്ഥാന ആവശ്യങ്ങളെ നേരിടാന്‍ സമൂഹത്തെ സ്വയം പര്യാപ്തം ആക്കുന്നതിലൂടെ ആണ് .ജനകീയാ സൂത്രണത്തിന്റെ പ്രസക്തി ഇവിടെ പ്രഭ ചൊരിഞ്ഞു നില്‍ക്കുന്നു .

ഇവിടെ പരാജയ പ്പെടുന്നത് സമൂഹമോ രാഷ്ട്രീയമോ ?സ്വാര്‍ഥ പ്രക്രിയയിലൂടെ ഭരണ കൂടം വിജയം വരിക്കുന്നു എങ്കിലും നമുക്ക് മേല്‍ അമര്‍ത്തി പിടി മുറുക്കാന്‍ കച്ച കെട്ടിയിട്ടുള്ള നിഗൂഡതയുടെ വിജയത്തിന് വേണ്ടി ഉള്ള വിജയം ആണ് അത് എന്ന് തിരിച്ചറിയുമ്പോഴേക്കും തിരുത്തലിനുള്ള സമയം വൈകിയിരിക്കും .

ഒരു രണ്ടാം സ്വാതന്ത്ര്യ സമരത്തിന്‌ നാം ഒരിക്കലും പ്രാപ്തരാ കരുതു എന്ന് നിശ്ചയിച്ചവരുടെ പിണിയാളുകളായി ഭരണ കൂടം മാത്രം അല്ല രാഷ്ട്രീയ സംഘടനകളും മാറിയിരിക്കുന്നു .സ്വാതന്ത്ര്യ സമര പാരമ്പര്യങ്ങളും മൂല്യങ്ങളും ആണ്ടു നേര്ച്ച മാത്രം ആക്കി ചിരുക്കിയവര്‍ ഒരു കോണിലും ആദര്‍ശവും സത്യ സന്ധതയും കൈ മുതലാക്കി അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ന്യായാവശ്യങ്ങളിലും ഉന്നമനത്തിലും കാഴ്ചപ്പാടുകളെ ഊന്നി നിര്‍ത്തി സ്വാര്‍ധത യ റ്റ പോരാട്ടം നടത്തിയവരുടെ പിന്‍ ഗാമികള്‍ വെള്ളം ചേര്‍ത്ത് വികലമാക്കിയ തത്വ ശാസ്ത്രം കക്ഷത്തില്‍ ഒതുക്കി മറ്റൊരു കോണിലും ,മൂന്നാമതൊരു കോണില്‍ പ്രത്യക്ഷ ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ പ്രായോജകരായി ദേശീയതയുടെ വെള്ള പൂശി തീവ്ര സമീപനങ്ങലോടെ നില്‍ക്കുമ്പോള്‍ കുലുങ്ങി ചിരിക്കുന്ന അധിനി വേശത്തെ നോക്കി നിസ്സഹായരായി നില്‍ക്കാനേ സമൂഹത്തിനു കഴിയൂ .

നിലപാടുകളെ ജനദ്രോഹം എന്നറിഞ്ഞിട്ടും വക്താക്കളിലൂടെ ജഡീ ഷ്യ റിക്ക് സമര്‍പ്പിക്കുകയും നാക്ക് പിഴവായി ജനങ്ങളുടെ മുന്നില്‍ കൊട്ടി ഘോഷിക്കുകയും ചെയ്യുന്നതിനെ രാഷ്ട്രീയ പാപ്പരത്തം എന്നല്ലാതെ എന്ത് പറയാന്‍ .തുലാസ്സിലാടുന്ന ജീവന്റെ കീഴെ ജനങ്ങളോടൊപ്പം എന്നറിയിക്കാന്‍ ഉപവാസ പ്രഹസനം നടത്താനും ആവേശ മുദ്രാവാക്യങ്ങള്‍ വിളിക്കാനും കൂടി ഏര്‍പ്പാടാക്കുംപോള്‍ സംഗതി ജോര്‍ .

സമൂഹത്തിന്റെ രാഷ്ട്രീയ വിദ്യാഭ്യാസത്തില്‍ നിന്നും തിരിഞ്ഞു നടക്കുന്ന പ്രവണതയ്ക്ക് അല്ലെങ്കില്‍ അതിനോടുള്ള നിസ്സംഗതയ്ക്ക് ഏല്‍ക്കുന്ന കടുത്ത തിരിച്ചടി ആണിത് .ഭാവി തലമുറയോട് ചെയ്യുന്ന മഹാപാപ ത്തോടൊപ്പം കപട രാഷ്ട്രീയത്തിന്റെ വിജയവും .

തമിഴ് ഗ്രാമങ്ങള്‍ക്ക് അണ നിര്‍മ്മിച്ച്‌ നല്‍കിയ ആര്‍ക്കി ട്ടെക്ടു പെനിക്വിക് ദൈവ മാണ്. ആണ്ടുകളോളം കുടിനീരിനു പാഞ്ഞു നടന്ന ജനതയ്ക്ക് ദാഹജലം ഇറ്റി ച്ച വന്‍ ആര്‍ക്കായാലും ദൈവമാകും .അദ്ദേഹത്തെ കോവിലില്‍ ഇരുത്തി നിത്യ പൂജ ചെയ്യുന്നിടത്തോളം ആ ബന്ധത്തിന് ദൃഡ തയും ഉണ്ട് .എന്നാല്‍ ഈ പാല്‍ ചുരത്തി കൊടുക്കുന്നത് കേരളം ആണ് എന്ന് അവര്‍ക്ക് വിശ്വസിക്കാനും ആവുന്നില്ല .മുല്ലപ്പെരിയാര്‍ ജലം ഒഴുകി എത്തുന്ന തമിഴ് നാടിന്റെ ആറു ജില്ലകളിലെയും കൃഷിയിടത്തിന്റെ മുക്കാല്‍ പങ്കും വന്‍കിടക്കാരുടെ കൈയ്യില്‍ ആണ് .ഈ ഉടമസ്ഥത സമൂഹത്തിനു വെളിപ്പെടാതെ ഇരിക്കണം എങ്കില്‍ താഴ്തട്ടിലെ ജന വികാരം മൂര്‍ച്ച ഉള്ളതാവണം .ഇത് തന്നെയാണ് കത്തി ജ്വലിച്ചു നില്‍ക്കാന്‍ ഇരു സംസ്ഥാന ങ്ങളിലെയും രാഷ്ട്രീയ മുതലാളിമാര്‍ പരിശ്രമിക്കുന്നതും .ഇതിനൊക്കെ ഇട്ടിരിക്കുന്ന പുറം ചട്ട ജന സേവന ത്തിന്റെതെന്നു മാത്രം .

ഒപ്പം തമിഴ് മാധ്യമങ്ങള്‍ പ്രത്യേകിച്ചും ദൃശ്യ ശ്രുംഖലകള്‍ ഈ വികാരത്തെ ആളി പ്പടര്‍ത്തുന്ന തിനു ഉള്ള നീക്കങ്ങളും കാര്യമായി തന്നെ നടത്തുന്നു .കേരളത്തില്‍ അധിവസിക്കുന്ന തമിഴ് ജനതയെ യും ശബരിമല തീര്‍ഥാ ടകരെയും ക്രൂരമായി പീഡിപ്പിക്കുന്നു എന്നും വാഹങ്ങള്‍ നശിപ്പിക്കുന്നു എന്നും ഇടതടവില്ലാതെ പ്രചരിപ്പിക്കുന്നു .ഇത്തരം വികാര വിക്ഷോഭങ്ങളുടെ സൃഷ്ടി ന്യായമായ ഒരാവശ്യത്തെ തമസ്കരിക്കും എന്നതും അങ്ങിനെ തന്നെ ആവണം എന്നതും ഇരു സംസ്ഥാനങ്ങളിലെയും നിലവിലെ രാഷ്ട്രീയ ആവശ്യം കൂടി ആവാം .

ഭരണ കൂടം കരാറു പണിക്കാരന്റെ നിലവാരത്തിലേക്ക് താഴ്ന്നു എന്നതിന്റെ ഫലം ആണ് ആഗോളവത്കരണത്തെ ജനങ്ങളുടെ ഇടയിലും പ്രതി നിധി സഭയിലും ചര്‍ച്ച ചെയ്യപ്പെടാതെ ധൃതി പിടിച്ചു നടപ്പിലാക്കുവാന്‍ തിടുക്കം കാട്ടിയത് .മൃഗീയ ഭൂരിപക്ഷത്തിന്റെ പിന്‍ ബലം ഇതിനു തണല്‍ എകുകയും ചെയ്തു .സമഗ്രമായ വിഭവ ഉപയോഗത്തിന്റെ സാധ്യതകള്‍ നമ്മുടെ രാജ്യത്ത് സമൃദ്ധം എന്നിരിക്കെ എന്ത് കൊണ്ട് നമ്മുടെ പദ്ധതികളും ആസൂത്രണ ങ്ങളും താഴ് തലം വരെ ചര്‍ച്ച ചെയ്യാ പ്പെടാതെ പോകുന്നു ? ഇവിടെ നമ്മുടെ ഇടതു പക്ഷ പുരോഗമന നിഷ്ക്രിയത്വത്തെ നിഷ്കരുണം വിമര്‍ശി ക്കേണ്ടി വരുന്നു .രാജ്യത്തിന്റെ ചുരുങ്ങിയ ഇടത്ത് മാത്രം വളര്‍ന്നു ശക്തി പ്രാപിക്കുകയും എന്നാല്‍ രാജ്യത്തിന്റെ നിര്‍ണ്ണായക മേഖലകളിലേക്ക് വേരോടാതിരിക്കുകയും ചെയ്യുന്ന ഇടതു പക്ഷ സാഹചര്യത്തെ ഉടലറിഞ്ഞു ചികിത്സിക്കെ ണ്ടി യിരിക്കുന്നു .ഇന്ത്യന്‍ സംസ്കൃതിയ്ക്കു അനുഗുണമായ നിലപാടുകള്‍ ഈ പ്രസ്ഥാനങ്ങള്‍ എടുക്കുന്നില്ല എങ്കില്‍ തീര്‍ച്ചയായും വളര്‍ച്ച താഴോട്ടു തന്നെ ആവും .

പ്രസക്തികമാകുന്ന ഒരു സുപ്രീം കോടതി വിധി ഇവിടെ സ്മരണീയം ആണ് ."രാഷ്ട്രീയ -വാണിജ്യ താത്പര്യങ്ങളും പാരിസ്ഥിതിക -സമൂഹ്യ വൈകല്യം, പോരായ്മ ഇവയെ പരിശോധിക്കുമ്പോള്‍, പ്രത്യക്ഷമായ തെളിവുകള്‍ ഇല്ലെങ്കില്‍ പോലും രണ്ടാമത് പറഞ്ഞതിന് പ്രാമുഖ്യം നല്‍കി പരിഹരിക്കപ്പെടണം .മറിച്ചായാല്‍ ഇവ രണ്ടും പരിഹരിക്കപ്പെടാന്‍ കഴിയാത്ത സ്ഥിര വൈകല്യമോ ദുരന്തമോ ആയി പരിണമിക്കും " കോടതിയുടെ ഈ നിരീക്ഷണത്തിന് പോലും കണ്ണും കാതും നല്‍കാതെ ,ആരുടേയും ദയാ വായ്പ്പിനു കാത്തു കെട്ടി കിടക്കേണ്ട തില്ലാത്ത നിയമ പിന്‍ബലം ഉണ്ടായിട്ടും കേരളത്തിന്റെ ഭരണ കര്‍ത്താക്കള്‍ നടപടി എടുക്കാന്‍ മടിക്കുന്നത് എന്ത് കൊണ്ട് ? ഡാം സേഫ്ടി അതോറിട്ടിയുടെയും കാലാ കാലങ്ങളില്‍ രൂപീകരിച്ചിട്ടുള്ള നിയമ സഭാ ക്കമ്മ റ്റി കളുടെയും റിപ്പോര്‍ട്ടുകള്‍ സാങ്കേതിക വിദഗ്ധ രുടെ പഠന രേഖകള്‍ക്കൊപ്പം ചേര്‍ത്ത് വായിച്ചാല്‍ ഒരു നിമിഷം പോലും വച്ച് താമസിപ്പിക്കാന്‍ പാടില്ലാത്ത ഡീ ക്കമ്മീ ഷനിങ്ങും പുനര്‍ നിര്‍മ്മാണവും അധികാരികള്‍ വച്ച് താമസിപ്പിക്കുന്നതിലെ സാംഗത്യം എന്തായിരിക്കാം ?

മധ്യ പ്രദേശിലെ ടിഗ്രയും ഗുജറാത്തിലെ മോര്‍ബി യും നമ്മുടെ മുന്നില്‍ ഇനിയും മായാത്ത ദുരന്ത ചിത്ര മായി നില്‍ക്കുമ്പോള്‍ കാല്‍ച്ചുവട്ടി ലൂടെ ഒഴുകുന്ന കണ്ണ് നീരിന്റെയും കാതോരത്തൂടെ പാഞ്ഞു പോകുന്ന അലമുറ യുടെയും മേലെ കാറ്റ് പിടിച്ച കല്ല്‌ പോലെ നമ്മുടെ ഭരണാ ധികാരികള്‍ .................
കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് (2005-2006) ഗുജറാത്തിലെ തന്നെ ഉക്കായി ഡാമിനെ ദുരന്തത്തിന്റെ കഴുത്തറ്റം വരെ എത്തിച്ച ഭരണ കൂട ഭീകരതയും ഇത്തരുണ ത്തില്‍ ഓര്‍ത്തു പോകുന്നു .നിരവധി തവണ സൂററ്റ് ജില്ല കള ക്ടരെ ,തുടര്‍ച്ചയായ മഴ മൂലം ജല നിരപ്പ് ഉയര്‍ത്തുന്ന ഭീഷണി , ഡാമിന്റെ ചുമതലക്കാരന്‍ രേഖാ മൂലം അറിയിച്ചിട്ടും സൂററ്റില്‍ താപ്തി നദിക്കരയില്‍ നടന്നു വന്ന അന്തര്‍ ദ്ദേശീയ കായിക വിനോദത്തിന്റെ പൂര്തീകരണ ത്തിനു വേണ്ടി ജനങ്ങളുടെ ജീവന്‍ കൊണ്ട് കളിച്ച ഭരണ ഭീകരത.പിന്നീട് ഒരു മുന്നറിയിപ്പും നല്‍കാതെ ഡാം തുറന്നു വിട്ടതിന്റെ ദുരന്തം സൂററ്റ് നിവാസികള്‍ എത്രയോ നാള്‍ അനുഭവിക്കേണ്ടി വന്നു .( എട്ടു ദിവസ്സത്തോളം ദുരന്തത്തിന്റെ നേര്‍ ക്കാഴ്ച യുടെ കണക്കു കുറിച്ച് ഭരണ കൂട ഭീകരതയുടെ നീരൊഴുക്കിന് മേല്‍ ദാഹ ജലം പോലും കിട്ടാനില്ലാതെ രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം കഴിഞ്ഞതിന്റെ ഭയപ്പാടു ഇന്നും എനിക്ക് മാഞ്ഞിട്ടില്ല )

രാജ ഭരണ കാലം മുതല്‍ തന്നെ നക്കാ പ്പിച്ചയുടെ ആകര്‍ഷണത്തിന് മുന്നില്‍ കുണുങ്ങി നില്‍ക്കുന്ന അധികാരം കൊളോണിയല്‍ വഞ്ചന യുടെ ഇരകള്‍ ആയി ത്തീര്‍ന്ന സമൂഹത്തെ ജനായത്ത ഭരണവും ആ ചതി ക്കണ്ണു കളുടെ തുടര്‍ച്ചയായി സംരക്ഷണ വേഷം അണിഞ്ഞു നില്‍ക്കുന്നത് നമുക്ക് തിരിച്ചറിയ ണ്ടെ..?

എം എന്‍ പ്രസന്ന കുമാര്‍
+919987898559
prasanna.cepl@yahoo.com

Friday, December 2, 2011

മുല്ലപ്പെരിയാര്‍ !! നീ............

നിലാച്ചന്തമാണീ നീര്‍ക്കണം മണ്ണിലവള്‍ തന്‍
നീലക്കണ്‍ കോണിലംശുമാലി മുത്തമേകുമ്പോള്‍
നീരാടി നില്‍ക്കും നവോഢ നിന്‍ മുടിച്ചുരുള്‍ച്ചേലായി
നീളേ പരന്നാടി നില്‍ക്കുന്നിതായെന്‍ മുല്ലപ്പുഴ

മകരമഞ്ഞിന്‍ തലപ്പാവു ചൂടുന്ന സഹ്യനോ -
ടകം കുളിര്‍ത്തൊളികണ്ണു കൊണ്ടു നീയെന്തു ചൊല്ലീ
എത്ര ശാന്തമായ് നീയി ഗിരിപാദം തൊട്ടൊഴുകുമ്പോ -
ളെത്ര സ്വപ്നങ്ങളീയോരത്തെ ജീവസഞ്ചയം കണ്ടിരിക്കാം

തപന കൌതുകച്ചിരിയിലാവിയായ് നീരദ-
ഹൃദയരേണുവായ്‌ മഞ്ഞായ്‌ മഴത്തുള്ളിയായ്
ഗിരി ശിരസ്സിലെ ശ്വേതകൂന്തല്‍ രേഖയായ്
ഒരുദിശാ യാത്ര ചെയ്യും ശാന്തത്തെളിനീരുമായ്

സംഗമത്തിരു മുറ്റത്തൊരുങ്ങിയെത്തീ നിന്റെ
സംഗീത സഖിയാം പെരിയാറിന്‍ കൈ കോര്‍ത്തു നിന്നൂ
പര്‍വ്വതപ്പനിനീരിവള്‍ കുളിരാല്‍ കുണുങ്ങി ,നിന്‍ സഖി
പകലിരവുകളറിയാതെ കൈ കോര്‍ത്തൊഴുകുമ്പോള്‍

കരളുണങ്ങിക്കാലം കഴിച്ചോര്‍ക്കു ദാഹ ശാന്തിയാ -
യയലിന്റെയഴലണയ്ക്കാനൊരു നീര്‍ച്ചോലയായ്
നര കാര്‍ന്നിടാതീ മണ്ണിന്‍ സിരകളിലെന്നേയ്ക്കും
ഹരിത ഹേതുവാമൂര്‍ജ്ജമായര്‍ഘ്യമായരുമയായ്

എത്രയോ കാവ്യകുംഭങ്ങളില്‍ നിന്‍ ചാരുതത്തേന്‍ -
മുത്താലക്ഷരപ്പൂക്കള്‍ വര്‍ണ്ണം വിടര്‍ത്തി
ഇത്ര മെലിമ്മലയാള മുറ്റത്തെന്നുമനല്‍പ്പമാ -
യുത്രാടമേന്മ തിളങ്ങുന്നു നിന്നാര്‍ദ്ര നീര്‍മുത്തിനാല്‍

ഇരു ഹൃദയമൊന്നായൊഴുകിയകലേണ്ട നിങ്ങ -
ളൊരു മണ്‍ രോദനത്തിന്നു കാതേറ്റി നിന്നുവോ
പുഴ നിന്റെയാത്മാവുമൈശ്വര്യോമൊഴുക്കെന്നതു -
മണ നിന്റെ നോവിന്‍ കണ്ണീര്‍ത്തടാകോമെന്നതറിയാതെ പോകയോ .

ഒഴുക്കറ്റ നിങ്ങള്‍ തന്‍ ഗദ്ഗദച്ചിന്തുകള്‍ തിങ്ങി -
യൊടുവിലീ മണ്ണിന്നലര്‍ച്ചയായ് മാറുന്നുവോ
എത്ര മേല്‍ നോവേറ്റി നില്‍ക്കുന്നു നിങ്ങള്‍ ശാന്തമാ -
യത്രമേലാകുലക്കണ്ണീര്‍ നിറയുന്നിതായീമടിത്തട്ടില്‍

എന്നോ വരച്ചിട്ടോരബദ്ധചിത്രക്കോണി -
ലിന്ന്യായത്തുലാസ്സിന്‍ സൂചകമൊടിഞ്ഞു വീഴുന്നു
കരിമ്പട്ട കെട്ടിക്കുരുക്കിട്ട കണ്ണിനും കാതിനു -
മിരമ്പിത്തകര്‍ച്ച തന്‍ വക്കിലെപ്പെണ്ണിവളന്യയാകുന്നു

ഒരു കൊടുങ്കാറ്റിന്നലര്‍ച്ചയോരോ ശ്വാസതാളത്തിലു -
മരികത്തുവാഴുമീ ശുദ്ധജന്മങ്ങള്‍ കാതേറ്റിടുന്നൂ
ഇരകളായ് മാറാതിരിക്കാനാവോളം ഉരുകുമീ
കൈത്തിരിച്ചോട്ടിലീക്കണ്ണീരുമര്‍പ്പിച്ചിടുന്നു.

മൂകത വിളയുന്ന ശാസനത്തിരുമുറ്റത്ത്‌
മൂഢത വിളമ്പുന്ന ദാസ്യപ്പരിഷകള്‍
ആസനക്കോട്ടം തടുക്കുവാനൊടുങ്ങാതോടി -
യകംപല്‍ ഞറുമ്മിയരികത്തു കുംഭീരരോദനം പൊഴിപ്പോര്‍

ഈ മടിത്തട്ടിലൂടൊഴുകുന്ന കാറ്റിലിന്നത്രയും
നിന്‍ നോവിന്‍ പുളച്ചില്‍ത്തരംഗങ്ങളത്രേ
ഇലയനക്കം നിന്നുയിര്‍പ്പാട്ടാം കിളിച്ചിലമ്പു -
മലയിട്ടുപോവതീ മാനവഹൃത്തിന്‍ മിടിപ്പായിടാം

നോവിന്റെ പാട്ടുതിര്‍ക്കു"മൊവൂദി"ന്റെ ചോട്ടിലായ്
നിന്റെ രൌദ്രചിത്രം പകര്‍ത്താനുറക്കമുപേക്ഷിപ്പവര്‍
പാഠമാകാതിരിക്കാന്‍ ചമയ്ക്കും ചരിത്ര പത്രത്തി -
ലൂടേ നുണഞ്ഞിരിക്കാനശുദ്ധക്കണ്ണീര്‍ പൊഴിക്കാന്‍

ഇന്നലെപ്പെയ്ത രാത്രി മഴയ്ക്കെന്തോരാര്‍ദ്ര നൊമ്പര -
മെന്നും പൊഴിക്കുമീക്കണ്ണീരിലലിയുന്നു മൂകം
വാള്‍മുനത്തുമ്പില്‍ ചരിക്കും പരശ്ശതം ജന്മങ്ങള്‍
നാളെണ്ണി നില്‍ക്കും നിന്റെ രൌദ്രത്തിരു മുമ്പില്‍
കണ്ണീര്‍ മഴച്ചാര്‍ത്തുമായ്

താഴിട്ടു പൂട്ടിയ കണ്ണിനും കാതിനും താഴത്തിതാ
താളംതകര്‍ന്നഴല്‍ മോന്തിയുഴറുന്ന ജന്മങ്ങള്‍
ഇവിടെ നിന്‍ നെഞ്ചില്‍ നിറകവിയുമോരോ നീര്‍ക്കണവു-
മിടിവാള്‍ത്തലക്കീഴിലിടനെഞ്ചു പൊട്ടുവോര്‍തന്‍ കണ്ണുനീരാവാം

Sunday, November 27, 2011

ഒരു മരക്കൊമ്പും മണ്ണിന്റെ കണ്ണീരും

കാലം മൃതിച്ചെണ്ട കൊട്ടിയെന്‍ ജീവന്റെ
നാലതിര്‍ക്കോണിലും ശാസനക്കൊടിയുയര്‍ത്തി
നോവിന്റെ താളത്തിലുതിരും വിയര്‍പ്പിന്റെ
നാവും പിഴുതെന്റെ യാത്മാവുവാഴും നടയടച്ചൂ.

കണ്ണീരുവറ്റിയൂര്‍ദ്ധന്‍ വലിക്കുന്ന മണ്ണിലെ -
ന്നുള്ളിന്‍ വിരല്‍ത്തുമ്പാല്‍ വൃഥാ സാന്ത്വനം കോരി
വിഷുപ്പക്ഷിയെന്നോ വിട ചൊല്ലി ,വര്‍ഷങ്ങളിട തെറ്റി -
വിഷച്ചേര്‍പ്പാലുതിര്‍ന്നീ മണ്‍ദാഹമാറ്റുവാന്‍ നോക്കി

ഉഷസ്സിന്‍ കുളിര്‍മയിലുപ്പു ചേര്‍ന്നു,ഉപ്പന്‍ ചിലപ്പടക്കി ,
ഉയിരാല്‍ തിളങ്ങും വിളപ്പാടമൂഷരമാവാനൊരുങ്ങീ.
കായുന്ന വയറിന്റെയോരത്ത് കാതുകള്‍ താഴിട്ടു നിന്നു ഞാ -
നാരാലുമറിയാത്തോരബദ്ധപിണ്ഡമായരികൊതുങ്ങി

വടിവൊത്ത ധവളപ്പുതപ്പിലെ വെള്ളച്ചിരിക്കീഴി -
ലടവച്ചൊരഞ്ജലിക്കായൊഴിയാതെ വിരല്‍ത്തുമ്പു നീട്ടി ഞാന്‍
ഒപ്പമെന്‍ തെക്കേപ്പുറത്തെ മാവിന്റെ കൊമ്പു -
മൊത്തതാണുയിരിന്‍ കുടുക്കിനെന്നുറപ്പിച്ചു വച്ചു .

കണ്ണുറപ്പിച്ച മണ്ണിലെ പൊന്നിന്നടങ്ങാത്ത രോദനം
എണ്ണിപ്പെറുക്കാനെഴുത്താള് കൂട്ടമായെത്തി
കുരുവിച്ചിലമ്പുമാക്കുടമണിത്താളവുമധിനിവേശം
കുരുക്കുന്ന മണ്ണീന്നലമുറയിട്ടകന്നു പോയീ .

പടി കടന്നെത്തും പലിശപ്പുലികളെ കണി ക -
ണ്ടുടയുന്നൊരുള്ളിന്റെ കോണില്‍ കുരുന്നിന്റെ കണ്ണും
ഉടയോന്റെ യുള്ളലിഞ്ഞൊരുങ്ങുന്ന വഴി തേടി -
യിടമുറിയാത്തിരി തെളിക്കുന്ന ദാരങ്ങളും

ഇവിടെയെന്‍ വേര്‍പ്പുമീ ജീവനുമാര്‍ക്കു വേണം
കഴുത്തറ്റുറവച്ചാവു പേറുമീ മണ്ണുമിന്നാര്‍ക്കു വേണം
കതിരോന്റെ കണ്ണാല്‍ കറുത്തോരീ മെയ്ക്കൊഴുപ്പും
ഹരിതപ്പുതപ്പാലൊഴുകിത്തിമിര്‍ക്കും കുളിരുമിന്നാര്‍ക്കു വേണം

മണ്‍വെട്ടി താങ്ങിത്തഴമ്പിട്ടതോളിന്നുടമസ്ഥന്‍
കണ്‍പോലെ കാക്കുമിപ്പച്ചത്തലപ്പുമേല-
ധിനിവേശക്കരിമ്പാറ്റ ചുടലനൃത്തം ചവിട്ടുമ്പോളീ -
നിധികാത്ത മണ്ണും നിറയാത്തകണ്ണുമൊറ്റപ്പെടുന്നുവോ ?

ഉറയും പലിശപ്പണക്കോമരപ്പിന്നിലമറിത്തിമിര്‍ക്കും
പറച്ചെണ്ടയും ,പടക്കൂട്ടവും ,പതിക്കുന്ന വാറോലയും
ചിറ കെട്ടി നിര്‍ത്തുവാനാവാത്ത ദുസ്വപ്നമായ്
നിറയുമ്പോളലയുന്നു കണ്ണാ മരക്കൊമ്പു തേടി

ഉയിരിന്റെ പാതിയോടുരിയാടിടാതെയുയിരാം കുരുന്നിനെ തൊ-
ട്ടുണര്‍ത്താതിരുളിന്റെ കോണിലൂടകലുന്നു കയര്‍ത്തുണ്ടുമായി ഞാന്‍
ഭരണത്തിരുപ്പടിയിലച്ചിക്കുവാന്‍ മരണക്കുറിപ്പേകാതെ
കരുണയിറ്റെങ്കിലും കാക്കാതെയകലട്ടെ ഞാനാരാലുമറിയാത്തവന്‍

വെള്ളച്ചിരിക്കോലമെത്തുന്നു വെളിപാടുതിര്‍ക്കുന്നു
വെള്ളപ്പുതപ്പിന്നരികിലായെത്ര ചിത്രം പകര്‍ത്താനുരയ്ക്കുന്നു
മുറ്റത്തുയര്‍ന്നോരാപ്പന്തലിന്‍ കീഴിലിറ്റു വീഴും മഴത്തുള്ളി പോലു -
മറ്റൊരാ ചേതനത്തിന്നരികിലെയലമുറയോടിറ്റു കരുണ കാട്ടി

Wednesday, November 23, 2011

ഊര്‍മ്മിള

മിഥി നിന്‍ പൌത്രിയാമൂര്‍മ്മിള കരയാതെ കരയുന്നു
വിധിഹിത ചൊല്ലു ചേര്‍ന്ന് ചുടു കാറ്റ് നിറയുന്നു
താരുണ്യ പ്പൂമുഖത്തിണയായി നിന്നവള്‍
ചാരുതച്ചന്ദനച്ചാര്‍ത്താല്‍ കാതോര്‍ത്തു നിന്നവള്‍

അനപത്യ ദുഃഖ മുഴവു ചാലിലമരുമ്പോ -
ളനഘമുത്തായനജത്തിയായ് പിറന്നവള്‍
പ്രേമ മധുമുത്തുതിരുമാച്ചിരിയില്‍ നിറ -
ച്ചാര്‍ത്തുമായ് മൈഥിലീ ! നിന്നോരത്തു മൂകം .

വിണ്ണുലഞ്ഞിരുന്നൊരു വില്ലിന്നമര്‍ച്ചയി -
ലര്‍േണ്ണാജനേത്രനിലലിഞ്ഞ ഭൂമിപുത്രീ !
നിന്‍ പ്രഭയിലിഴചേര്‍ന്നു നില്‍ക്കും താരമാ -
യന്‍പുള്ളില്‍ തുളുമ്പുമവളനുഗമിക്കുന്നു ദുഃഖം ഭുജിക്കാന്‍

അമ്മ തന്‍ നോവിന്നു പകരമായാദ്യരോദന -
മന്ത:പുരം വിട്ടകലുംപോളിറ്റു നൊമ്പരം
ജീവന്റെ താളങ്ങളിലഴകായാരൂഢമായ്
ജീവാര്‍ദ്ധമായുള്ളോന്റെ പരിലാളനം

ഏറെക്കൊതിച്ചുള്ള ജന്മമാധുര്യത്തേന്‍
നീറുന്നോരാത്മാവും നിറയാത്ത കണ്ണുമായ് നില്പൂ
അകത്തളക്കോണിലതിരറ്റ പ്രേമം നിറ -
ഞ്ഞകലുന്ന പാതിയോടിറ്റു പരിഭവം കൂടാതെ

ഒരു നിയോഗത്തിന്‍ രഥമുരുളാന്‍ കാത്ത വാക്കിനു -
മുരുകുമുള്ളാല്‍ പിടയുമീ വൃദ്ധതാതനും
ആരാലുമമരുവാനാവാത്ത സിംഹാസനത്തിനും
ചാരേയാരാലുമറിയാതൊരുത്തി മൂകയായ്‌ .

ഇന്നവള്‍ക്കൊരു മാത്രയൊരുയുഗമാണ് നോവിന്റെ -
യെന്നിട്ടും കണ്ടതില്ലാര്യ പുത്രനാക്കരൾ നൊമ്പരം
അരികത്തു നിന്നിറ്റു കുളിര്‍വാക്കു ചൊല്ലേണ്ടോരമ്മയു -
മരിയതായ് കണ്ടതാത്മജാനുയാത്ര താതമനം കുളിര്‍ക്കാന്‍

ചിരി കൊണ്ടു മായ്ച്ചാക്കരളിന്റെ കണ്ണീരിനെ മ -
കരക്കണ്ണിയാളകക്കോണിലേകയായ്‌ മാത്രയെണ്ണി
ചിരമീപ്പെൺചിരിപ്പിന്നിലേറെ ഹൃദ്‌നോമ്പരമാവാ -
മിരവിലേതു മിഴിത്തടം തേടുവതാ കരസ്പര്‍ശമാവാം

വാക്കിന്നിരിപ്പടം തെറ്റിയ പുത്ര ദുഃഖച്ചോട്ടില്‍
നാക്കിന്‍ കരുത്താല്‍ നായികാസ്ഥാനത്തൊരമ്മ
പകലിന്റെ പുസ്തകത്താളുകള്‍ കറയറ്റു നില്‍ക്കാന്‍
പകലിരവുകലതിരിട്ടു കാണാനിതു നിയോഗമാവാം

അന്ത:പുരത്തിലെ നൊമ്പരച്ചാര്‍ത്താമമ്മ ദുഃഖങ്ങളു -
മന്ധമെന്നൊട്ടു നിനച്ചിടാവുന്ന സ്ത്രൈണ ധാര്‍ഷ്ട്യങ്ങളും
കാതു കാരുന്നോരാസുര മന്ഥരാ ചിന്തയുമെന്നേക്കു -
മാകുലക്കണ്ണീര്‍ മുളയ്ക്കാത്ത താരുണ്യമാവാന്‍ വിധിച്ചിരിക്കാം

രാപകലളവിട്ടു കാടേറിയും പാതകളിലന്ത -
രായപ്പതിരാറ്റിയും പതിന്നാലു കാലം കഴിഞ്ഞോര്‍
പാഠങ്ങളേറെപ്പഠിച്ചോര്‍ പട നയിച്ചോര്‍
പാഠഭാഗമാവാതേകയായോള്‍ക്കിറ്റുകണ്ണേകിടാതെ

കഥയിലും കാതിലുമശോകവനക്കണ്ണീരുമാത്രമെന്നോ
വ്യഥകൊണ്ടന്ത:പുരച്ചുവരില്‍ ചിത്രം വരയ്ക്കുവോളെ
വിധിയെന്നു ചൊല്ലിക്കളയേണ്ടതെന്നോ
കിതപ്പാര്‍ന്നു നില്‍ക്കും പെണ്ണിവളൂര്‍മ്മിള,നീ ഭൂമി ,സര്‍വ്വംസഹ.

Saturday, November 12, 2011

ഗര്‍ഭപാത്രം പറഞ്ഞത്

ഒരു വേള ഞാനിരുന്നോട്ടെ നിഴല്‍ പറ്റിയീയുമ്മറപ്പടിയി
ലൊരുനാളിലീമണമുണ്ടിരിക്കുവാനകലത്തെയാലയത്തിണ്ണയില്‍
കരളിന്റെ ഭിത്തിയില്‍ വരച്ചു ചേര്‍ക്കട്ടെയീ സ്മൃതിച്ചിത്രമൊരു വേള
നരകാര്‍ന്നു നില്‍ക്കുമീ വൃദ്ധതന്‍ ചുളിവാര്‍ന്നെഴും വിരല്‍ത്തുമ്പിനാല്‍

എന്നാണെനിക്കുള്ളോരാ വിടുതല്‍ക്കുറിപ്പയയ്ക്കുന്ന -
തെന്നാണെന്നെ നിന്നില്‍ നിന്നും പറിച്ചകറ്റുന്നതെന്റെ കുഞ്ഞേ !
നോവിന്റെ നൊമ്പരം കൊണ്ടു കുളിര്‍ത്തോരീക്കരളിന്റെ മുന്നില്‍
നാവുയര്‍ത്തുന്നോരജ്ഞയെന്‍ കാതില്‍ കാട്ടുതീ കോരുന്നു

നിന്നിലേക്കെനിക്കുള്ള ദൂരമപ്പൊക്കിള്‍ക്കൊടിത്തുമ്പില -
റ്റിന്നുമെന്‍ കൈക്കുഞ്ഞായീക്കൈമടക്കില്‍ കാണാമെനിക്ക്
കുഞ്ഞിച്ചിരിത്തുമ്പില്‍ കോര്‍ത്ത മുത്തുമണിക്കിലുക്കത്തില്‍
കുഞ്ഞായി ഞാനും പെണ്ണിന്റെ മാത്രം ഭാഗ്യമായ് നിനക്കൊപ്പം

ഹൃദയം ചുരന്നു ഞാനിറ്റ സ്നേഹപ്പൂമണമിന്നുമാ -
ച്ചിരിക്കിലുക്കത്തില്‍ നുകരുന്നു കൊതിയടങ്ങാതെ
അകലമിട്ടെനിക്കായൊരു ലോകമൊരുക്കുമ്പോഴും
വികലമാവാതിരിക്കട്ടെ നിന്‍ ജീവയാത്രയൊരു മാത്ര പോലും

ഒരിക്കലേറ്റോരു പേറ്റു നോവിന്‍ നൊമ്പരച്ചാര്‍-
ത്തൊരുവേളപോലുമകലുകില്ലോരമ്മയില്‍ നിന്നും
പെരുമഴക്കീഴിലൊറ്റയാകും നിനക്കു കുടയായി ഞാ -
നരുമകൊതിച്ചൂട്‌ നല്‍കിയിടരാറ്റി നിന്നൂ .

അക്ഷരദാഹമേറാന്‍ നിനക്കൊത്തിരിക്കഥ വിളമ്പി -
യജ്ഞത വേരറ്റിടാനെത്ര നാമ ജപപ്പാല്‍ച്ചുരന്നൂ.
ദിശയറിഞ്ഞയനം കുറിക്കാന്‍ വഴിവെളിച്ചമാ -
യിടരോട് പൊരുതുവാനൂര്‍ജ്ജം ചൊരിയുമരുവിയായി

ജീവിച്ചു നീ എത്ര കാലമാര്‍ജ്ജിച്ചതെത്ര
മോഹപ്പൂമെത്തമേലാമോദ ഗന്ധം നുകര്‍ന്നതെത്ര
ചോദിപ്പതില്ലാരുമീ മണ്ണിലാരോടുമൊരുനാളുമേ
കാതോര്ത്തിടുന്നേവരു"മെങ്ങിനെ"യെന്ന ചോദ്യവും പേറി

ഒരു വേള നിന്നിലെക്കൊന്നു നോക്കുകുരുകി -
നിറയും ഹൃദ്‌നൊമ്പരങ്ങള്‍ തന്‍ കണ്ണീരു കാണാന്‍
നെഞ്ഞൂര്‍ന്നു തന്നൊരമൃതിന്‍ മണവുമാരുചിയും
കുഞ്ഞേ ! നീയായ്‌ വളര്‍ന്നു ,കുഞ്ഞാണ് നീയെനിക്കെന്നും

പുലയാട്ടു ചേര്‍ത്ത ചോറിന്നുപ്പായെന്റെ കണ്ണീരു ചേര്‍ക്കാം
നില വിട്ടുതിര്‍ത്ത വാക്കിനെയെന്നാത്മനൊമ്പരങ്ങളാലിയിക്കാം
എന്‍ മുന്നിലെന്നേക്കുമായടയുമീ വാതിലിന്നപ്പുറമിപ്പുറ -
മെന്‍ ശ്വാസതാളം നിറയ്ക്കാം നിനക്കെന്നുമൊരു കാവലായ്

പടവിറങ്ങിയകലുമ്പോളിച്ചെവി തേടുന്ന പിന്‍വിളിയും
കുട നിവര്‍ത്തിത്തണല്‍ പങ്കിട്ടു നില്‍ക്കും നിന്‍ വിരല്‍ച്ചൂടും
ഇടമുറിയാതിടനാഴിയിലുയരുമിളമുറച്ചിനുങ്ങലുമീ -
നടുമുറ്റത്തിലകമാം തുളസീദളത്തിന്‍ വിഷാദവും

ഒക്കെയൊരു സ്വപ്നമായ് നിറച്ചു ഞാനിവിടെ നി -
ന്നകലത്തെയാലയത്തേക്കകലാതെയകലാം
ദുഃഖമീ മിഴിച്ചെപ്പിലിട്ടും നിനക്കായ് തിരി തെളിക്കാ -
മൊട്ടൊഴിയാതിടനെഞ്ചില്‍ നിന്നെയേറ്റി ഞാ"നവിടു"റങ്ങാം

എങ്ങുമെന്നുമെല്ലായിടത്തുമെത്തുവാനാവില്ലെനി -
ക്കതിന്നാലമ്മയാകുന്നു ഞാന്‍ പിന്നെയഛനും

Monday, October 31, 2011

ഒക്ടോബര്‍ ! നീ വിട പറയുമ്പോള്‍

എന്റെ ജന്മസ്മൃതി തന്‍ മുറ്റത്തു നിന്നൊക്ടോബറെ !!
നിന്നെയൊന്നു നോക്കുമ്പോള്‍ നിറയുന്നു കണ്ണുകള്‍
എന്നേക്കുമായൊത്തിരിയോര്‍മ്മ തന്നെന്‍ മുല്ലനേഴി
ഒന്നുമുരിയാടാതകന്നു നിന്‍ പൂമുഖത്തു നിന്നും

ആേണ്ടക്കുമുമ്പിതേവീട്ടിറമ്പത്തു നിന്നു -
മാരാലുമറിയാതരെങ്ങാഴിഞ്ഞെന്റെയയ്യപ്പന്‍
ബോധവീണയിലൊഴുകും വിരലുകളര്‍ദ്ധ -
ബോധത്തിലുമപസ്വരമില്ലാത്ത വാക്കു തന്നോന്‍

കഥയുടെ കാക്കനാടനരങ്ങ്‌ ഒഴിഞ്ഞു
കഥച്ചൂടിലിത്തിരി തണലു മോന്താനൊറോതതന്നു
പുഴയെനിക്കേകുന്ന കണ്‍കുളിര്‍ നീരുപോലെ
ഇഴയിട്ട ജീവിതത്തിന്‍ തരംഗദൈര്‍ഘ്യം പറഞ്ഞോന്‍

ഇടയിലെന്‍ ജീവിതപ്പടവുകളിലൊരു പൂതമാ -
യിടശ്ശേരി തിറയേറ്റി നില്‍ക്കെ വിട വാങ്ങിയില്ലേ
അതു നിന്റെ മുറ്റത്തു നിന്നാണ്ടെക്കു മുമ്പാണുവെങ്കിലും
പൂതമായിന്നുമെന്‍ കണ്ണിലും കാതിലുമോട്ടുമണി കിലുക്കും

മണ്ണിന്റെ മണവും പെണ്ണിന്നെണ്ണമണക്കും മുടിച്ചേലും
മന്നന്റെ നൊമ്പരോമടിയാളര്‍ക്കായ് ഗീതഗര്‍ജ്ജനങ്ങളും
അലകളായെന്നെക്കുമെന്‍ ഹൃദയപ്പരപ്പിലൊഴുക്കും
വയലാറിന്നകതളിര്‍ സ്പന്ദനം നിന്നതും നിന്റെ മുറ്റത്തു തന്നെ

നിന്റെ കാല്‍ചോട്ടിലുരുക്കുപോലു െള്ളന്നിന്ദിര -
യുന്നം പിഴയ്ക്കാവെടിയുണ്ടയാല്‍ രക്തമിറ്റിപ്പറന്നു പോയതും
ആരാലുമകറ്റിനിര്‍ത്താനാവാത്തൊരാ രത്ന -
മുയിര്‍ പോല്‍ തിളങ്ങിയും തിയതിയാല്‍ വിങ്ങലേറ്റിയും

ചാതുര്യമേറുന്ന വാക്കിന്നപ്പോസ്തലന്‍ ജേക്കബ്ബും
ചാരുതത്തേന്‍ മൊഴി ചൊരിഞ്ഞു ഗംഗേധരിച്ചോനും
നഷ്ടദുഃഖങ്ങള്‍ തന്‍ നോവിന്റെ സ്മൃതിപ്പലകയില്‍ ചെ-
മ്പൊട്ടു തൂക്കിപ്പറന്നതും നിന്റെ കാല്‍ച്ചോട്ടില്‍ നിന്നത്രേ

ഇത്രമേല്‍ നൊമ്പരമെനിക്കേകി നീ നില്‍ക്കുമ്പോഴു -
മൊത്ത നിന്‍ നെറുകയില്‍ പുണ്യമായെന്നൊക്ടോബര്‍ രണ്ടും
നിശ്ചലനീപ്പാതയോരങ്ങളിലവനൊറ്റയാണെങ്കിലു -
മിദ്ദേശമീഭാഷയിലെന്റെയൂര്‍ജ്ജമായ് പതിരറ്റവിശ്വാസമായ്

Saturday, October 29, 2011

നന്ദിയാരോട് ചൊല്ലേണ്ടൂ

അക്ഷരമാണഛനെന്‍ ജീവ താളങ്ങളി -
ലഛനായ് ഞാനോ പുത്തീന്നു ത്രാണനം ചെയ്തോന്‍
ഇഛ പോലണുവായമ്മയിലലിയുംപോള്‍
കൊച്ചു സ്വപ്നമുദരത്തില്‍ വളരുമ്പോള്‍
നന്ദിയാരോട് ചൊല്ലേണ്ടൂ ഞാന്‍?

വിരല്‍ത്തുമ്പു തൂങ്ങിയെന്‍ പിച്ച മുറുകുമ്പോ -
ളഴലറിയാത്തൊരെന്നാശമേലുമ്മ വയ്ക്കുമ്പോള്‍
വലം കൈ പകുത്തൊരാ ചൂട് ചേര്‍ത്തമ്മിഞ്ഞയു -
മിടം വലം ചേര്‍ത്തെനിക്കൊരു കൂട്ടുമേകുംപോള്‍
നന്ദിയാരോട് ചൊല്ലേണ്ടൂ ഞാന്‍?

അക്ഷരപ്പിച്ചയിലിടരാറ്റി നില്‍ക്കാനഛന്റെ കൈത്താങ്ങു
മിജ്ജീവിതത്തിലെന്നേക്കുമോര്‍ക്കാനാ വിരല്‍ സ്പര്‍ശവും
ആദ്യക്ഷരത്തിന്‍ നറു തേന്‍ കിനിഞ്ഞെന്‍ ചുണ്ടിലീ -
ഹൃദ്യമാം ഭാഷതന്നമ്രുതു പേറിയെന്നമ്മയും
നന്ദിയാരോട് ചൊല്ലേണ്ടൂ ഞാന്‍?

ഇറ്റുമോരോ വിയര്‍പ്പിന്‍ സ്നേഹമുത്തി -
ന്നുപ്പു ചേര്‍ത്തീ മണ്ണിന്നൂഷരതയാറ്റി നില്‍ക്കുമഛന്‍
ഒട്ടല്ലാത്ത നീര്‍ കോരി തളിരു കാത്തമ്മയള -
വറ്റ ഖനിയുമീക്കുളിരുമെനിക്കായ്‌ വിളയിക്കവേ
നന്ദിയാരോട് ചൊല്ലേണ്ടൂ ഞാന്‍ ?

Friday, October 28, 2011

സഭയിലെ കോമാളികള്‍

മുന്നിലെ വെല്ലിലെന്നുമൊന്നുമില്ലാതേമിറങ്ങുവോര്‍
പിന്നിലോ കൂപമണ്ഡൂകങ്ങളാം ചിലര്‍
നാക്കിന്‍ പിഴവിന്റെ മൂര്‍ത്തിയായ് "പൂഞ്ഞാന്‍"
വാക്ക് പിഴച്ചോര്‍ക്ക് ഗുരുസ്ഥാനത്തൊരേകദന്തന്‍

വായ തന്‍ ഭാഷയ്ക്ക് കായഭാഷേം നല്‍കി
ആയതൊക്കെപ്പുലമ്പി ഭാഷയെ വ്യഭിച്ചരിപ്പോര്‍
ചായ തന്‍ കോപ്പയില്‍ വാണിഭം കണ്ടൂ ചിലര്‍
വായ പൂട്ടിപ്പിന്തിരിഞ്ഞെന്തിനോ മറ്റു ചിലര്‍

സത്യം പുരളാത്ത കണ്ണീര്‍ പോഴിപ്പൂ കാവലാള്‍ക്കാ-
യദ്ധ്യാപകന്റരുതാത്തിടത്തൂന്നു പാരേമെടുക്കുന്നു
സഭയ്ക്ക് നിരക്കാത്തതസഭ്യമെന്നറിയാത്ത മെമ്പര്‍
നഭസ്സോളമേറുന്നു മന്ത്രിയായക്ഷരവൈരിയായി

വര്‍ണമില്ലാത്തോന്‍ വര്‍ഗ്ഗമില്ലാത്തോനെന്നും
ദുര്‍ന്നടപ്പേതുമേയില്ലാത്തോനെന്നും മിഥ്യാ പ്രതിജ്ഞ ചെയ്വോര്‍
കര്‍ണ്ണനായര്‍ജ്ജുനാദിയായെന്നും കുലം കാക്കുമെന്നും
കര്‍ണ്ണങ്ങള്‍ പൊട്ടുമാറുച്ചെപ്പറഞ്ഞോര്‍

പോക്കണം കേേടറെപ്പുലമ്പീട്ടുളുമ്പോട്ടു മില്ലാതെ
പോക്കറ്റു പരതുന്നു തൂക്കമേറുന്ന "ഖേദം "
ഭാഷ്യം ചമയ്ക്കുന്നു ഖേദത്തിനേറെപ്പേര്‍
ദൂഷ്യം വരാതിറ്റു മേമ്പടിയായ് "വിഷമ"വും ചേര്‍ക്കുന്നു

അര്‍ഥ വ്യത്യാസം പരതി നിഘണ്ടുക്കള്‍ തേടി
യുത്തരദക്ഷിണമോടിക്കിതയ്ക്കുന്നു നേതാക്കള്‍
ഉത്തരം കിട്ടാത്ത ചോദ്യം ചമയ്ക്കുന്നിരു കൂട്ടരു -
മുത്തരായനം വരെ കാക്കാനുത്തരവിട്ടിടുന്നൂ

ചിത്രങ്ങള്‍ കൊയ്തൊത്തിരി ചാനല്‍പ്പരുന്തുകള്‍
ചിത്രവധം ചെയ്തു മുന്നേറിടുന്നഭ്യാസമുള്ളോര്‍
മാസങ്ങളേറെക്കൊഴിഞ്ഞു നീങ്ങുമ്പോഴു -
മാസനം നന്നായുറപ്പിക്കാന്‍ പാട്പെടുന്നോര്‍

ഖരം പോലെ കണ്‍ മിഴിച്ചമ്പേയുഴറുന്നു ശാപ -
വരം കിട്ടി മണ്ഡരിക്കുത്തേറ്റ മലയാളമക്കള്‍
വാക്കു ദോഷത്തിന്റെ വാലുതൂങ്ങിപ്പറക്കും നേതാവി -
നോര്‍ക്കുവാനന്യ തായൊന്നുമില്ലശ്ലീലമല്ലാതെ

കോമഡി ചെയ്തു പഠിക്കുന്നോരെമ്പീ വേദിയിലു-
ടനടിയാര്ത്തട്ടഹസ്സിക്കുന്നണികള്‍ കോമാളികള്‍
കാല ദോഷം പിടിച്ചെന്നു കാരണം കണ്ടെത്തി
കാലം കഴിക്കുന്നു നാട്ടാരടുത്തിലക്ഷന്‍ വരെ

മണ്ടയടച്ചോനെ മൂടോടെ മാറ്റാന്‍ മടിക്കുമെന്നുമ്മന്‍ പ്രഭോ !
കണ്ടോണ്ടിരിക്കാനി നാടിന്നേറെയാവില്ലെന്നുണ്മയും ചേര്‍ത്തുരയ്ക്കട്ടെ
ഇണ്ടലുണ്ടാവേണ്ടതില്ലിന്നീയിരിപ്പടം പോയാലു -
മണ്ടനടകോടനൊക്കെയൊഴിവാക്കി കൈ കോര്‍ത്തു-
നില്ക്കാമീ മലയാണ്മയ്ക്കായി

Monday, October 24, 2011

ജീവന്റെയീണങ്ങള്‍

ഒരു പെരുമ്പറച്ചിന്തിനാലൊരു മിഴിച്ചിമ്മലാലീ -
താരക ചിറകു കുടഞ്ഞുതിര്‍ക്കും മഴത്തുള്ളിയാല്‍
ധരയിവള്‍ ഋതുവായിടുന്നു ,തുടിക്കുന്നിവളുടെ
ജരായു ,തളിരിടും പരശ്ശതം പുതുനാമ്പിനാല്‍

ദലമര്‍മ്മരങ്ങള്‍ ചേര്‍ത്തെന്‍ ശകുന്തികള്‍ പാട്ടി -
ന്നലയോഴുക്കിയെനിക്കായ് സ്നേഹഗീതങ്ങള്‍ പാടും
അളികളീവനിയിലെ പൂവിന്റെ കാതില്‍ പ്രണയവും ചൊല്ലു-
മിളവേറ്റു നിന്നീ മാന്‍പേടയെന്നുദരചലനങ്ങള്‍ കാതോര്‍ക്കും

നീര്‍ നൂലിനാല്‍ ചിരമെനിക്കുള്ളോരീ കൂന്തലില്‍
സൂര്യനവന്‍ ചുംബനപ്പൂ ചേര്‍ത്തു മാരിവില്ലു തീര്‍ക്കും
ഹരിതമെന്നുഷ്ണദുഃഖങ്ങളില്‍ തണലിട്ടു നില്‍ക്കു-
മരുവികളെന്റെ സ്വപ്നദാഹങ്ങള്‍ക്കു നീരിറ്റിടും

ഉഷസ്സിന്‍ മടിത്തട്ടിലീ തളിരിലകള്‍ നീര്‍മുത്താലീയ -
വിഷിക്കു തീര്‍ത്ഥം ചൊരിഞ്ഞും താരകച്ചിരിയൊരുക്കീം
ഭ്രമരദണ്ഡത്താല്‍ കണ്‍ തുറക്കും മുളം തണ്ടി-
ലമരഗീതം പൊഴിക്കാനൊഴുകുമിളം കാറ്റും

കാറ്റിന്റെ വഴിയിലെ ആകുലബിന്ദുക്കളാം വിഷ -
മൂറ്റിയീ ശുദ്ധ സമീരമേകാന്‍ വിഹീരക സേനയും
കുയില്‍പ്പാട്ടു കൊണ്ടെന്റെ കരള്‍ കുളിര്‍ ചൂടി നില്‍ക്കും
മയിലാടി നിന്നെന്റെ മിഴികള്‍ക്ക് ശബള ചിത്രമേകും

ശകലികള്‍ നൃത്തമാടിത്തിമിര്‍ക്കുമരുവിക -
ളരികിലീ ദാഹനീര്‍ക്കൊതിക്കിറ്റു സാന്ത്വനം നല്‍കി
തിരികെ ഞാനീവഴിക്കില്ലെന്റെയേകദിശായാത്ര -
യമരുമാഴിയില്‍ നിന്നൊരു മഴക്കണമായെത്തിടാമെന്നു ചൊല്ലി

അണുമുതലാനയോളം ചരമായതിന്‍ പ്രാണന്നൊഴുക്കു പോലെ
അണ കെട്ടി നിര്‍ത്താനാവത്തൊരു പ്രണയയാത്ര പോലെ
പുരോപ്രവാഹമീ ജീവന്റെ പാതയോരങ്ങളില്‍
പുലരിയിന്നത്തെതന്യമാകും നമുക്കിനിയൊന്നിനായ് കാതു നല്‍കാം

ഒരു നറു പുഞ്ചിരിച്ചെപ്പാല്‍ കുളിര്‍പ്പിച്ചു നിര്‍ത്താമിന്നിനെ -
യൊരു നിലാവിന്റെ നൈര്‍മ്മല്യമൊന്നായ് പുലര്‍ത്താം
ഒരു കരിമ്പൊട്ടു വീഴാതെ കൈ കോര്‍ത്ത്‌ നില്ക്കാ -
മിരവിലും പകലിലുമിളകാത്ത ഹൃദയ വാഹിയാകാം

പകലിന്റെ രാജന്‍ പതിരുതിര്‍ക്കാത്തവന്‍ നിന്റെ
പകല്‍യാത്രയിലെന്റെ നിഴലെത്ര കുറുകുന്നു നീളുന്നു
ചിരി തൂകി വിരല്‍ ചൂണ്ടി മൂകമായെനിക്കേകുമാജ്ഞയില്‍
താഴിട്ടു പൂട്ടാത്ത കണ്ണുമെന്‍ കാതും താളം കൊഴുക്കുന്ന ജീവനും

Wednesday, October 19, 2011

ഇല കൊഴിയുമ്പോള്‍

ഗ്രീഷ്മമേ നിന്നെ ഞാന്‍ പ്രണയിക്കില്ല യെങ്കിലു -
മുഷ്ണ വേനലില്‍ നിനക്കു ഞാനന്യ യാവാനാവതില്ല .
തളിര്‍ നാമ്പ് കൂമ്പാന്‍, ചില്ല തേടും കിളിക്കിറ്റു തണല്‍
വിളിച്ചേകിടാന്‍ നീയെനിക്കനിവാര്യ മെങ്കിലും ഞാന്‍.........

മുഴുപ്പെത്തി നിന്നോരു മൂപ്പിലയിന്നലെക്കൊഴിഞ്ഞൂ
എഴുത്തിന്‍ വഴിയിലെ കരിമ്പച്ച, വിരല്‍ ചൂണ്ടിയോന്‍
ഭാഷ തന്‍ മഹാമേരുവെന്‍ ചോട്ടിലായ് നിന്റെ നിശ്ചേതനം
ഞാന്‍ വസതം കൊതിക്കുന്നു , ഗ്രീഷ്മമേ പ്രണയിക്കനാവില്ല നിന്നെ

Thursday, October 13, 2011

എന്റെ വീട്

ഇത്ര വിശാലമാമീ മണ്‍ പരപ്പുമൊത്തൊരാകാശക്കൂരയും
ചക്ര വാളത്തിന്‍ മതില്‍ക്കെട്ടുമുളെളന്നാലയത്തിണ്ണയില്‍
ഇഷ്ടം നുണഞ്ഞെന്റെ മുത്തശ്ശിയോടൊത്ത് പുത്തന്‍ തഴപ്പായി -
ലൊത്തിരിയൊത്തിരി കെട്ടുകഥക്കെട്ടഴിക്കും നേരം

പത്തര മാറ്റുള്ളോരിന്ദു മുഖത്തിളക്കത്തിലെന്തമ്മേ
ഉത്തരം കിട്ടാതെയിന്നും കളങ്കപ്പാടെത്തി നില്പൂ ?
ഇത്ര മേല്‍ നാണം കുണുങ്ങുന്നോരീ രാത്രി തന്‍ നെറുകയി -
ലുത്രാടത്തിളക്കമായ് നില്പോളിവള്‍ക്കെന്തേയിത്ര ദുഃഖം ?

തെങ്ങിന്‍ ദലാഗ്രത്തിളം കാറ്റിലാടുന്ന കൂട്ടില്‍ കുരുവിക്കു
ചിങ്ങം പിറന്നെന്നറിയിപ്പിന്നുമങ്ങെത്തിയില്ലേ ?
കുരുവിച്ചിലംപിന്റെ താളങ്ങളിന്നത്തെ രാപകല്‍
മുഖരിതമാകേണ്ടതെന്തേയിവര്‍ മറന്നു പോകുന്നുവോ ?

ചിറകു നനഞ്ഞോരെന്‍ കിളികള്‍ക്കു വിറകൊണ്ട പകലുക -
ളൊരു വെയില്‍ച്ചിന്തു നല്‍കാന്‍ മടിക്കുന്നതെന്തേ ?
വയല്‍ക്കൊറ്റി മൂകമായ് വരളും വയല്‍ക്കോണിൽ
വരയിട്ടു നീന്തും മീനിനോടശനം മറന്നങ്ങു കേഴുന്നുവോ ?

ജീവന്റെ നാമ്പുകളിലെ നീര്‍വറ്റിയെന്റെയിറയത്തു
ശാപപ്പിറപ്പായ്‌ നിറയുന്നു പതിരിന്റെ കൂനകള്‍
ഹേമ ബിന്ദുക്കള്‍ തന്‍ കതിരൊന്നു കൊയ്താ മരക്കൊമ്പില്‍
പ്രേമമുണ്ടിണയോടു കുറുകാന്‍ കൊതിക്കും ശുകപ്പക്ഷിയും

കിളിപ്പാട്ടു കേട്ടുണരാന്‍ കൊതിക്കുമീയുഷപ്പെണ്‍കൊടി
തളിര്‍മുഖം വാടി നിന്‍ മിഴികള്‍ നീര്‍ച്ചാല് തീര്‍ത്തെന്തേ നില്പൂ ?
മുകില്‍ മുറിച്ചെത്തും മയൂഖ പ്രണയബിന്ദുക്കളെ
കരള്‍ ചേര്‍ത്തു മുത്തേണ്ട പൂവേ നിനക്കെന്തു പറ്റി ?

നഖമുനകളാഴ്ത്തിയീ മണ്‍ ഹൃദയവേരുകളെ
നിര്‍വ്വാസനം ചെയ്തീ മണ്ണിന്റെയന്നം മുടക്കുവോര്‍
വാതിലുകള്‍ താഴിട്ടു നില്‍ക്കുന്ന കാതിന്റെ പൂമുഖപ്പടി ചേര്‍ന്ന്
ജീവന്റെയീണം മുറിഞ്ഞിറ്റുന്ന ചോരയും പേറി പായുന്നു ,സങ്കടപ്പുഴയിതാ

ഈ മടിത്തട്ടില്‍ നിന്നാരൂഢവും കടന്നെന്റെ കണ്ണു -
ളീറന്‍ പുരണ്ടാകുലത ചുമലേറ്റിപ്പായുമ്പോള്‍
ഇഴയകന്നഴല്‍ ചുരുട്ടിയോരരികുമായെന്റെ മേല്‍ക്കൂര -
യഴകൊഴിഞ്ഞരുതുകള്‍ക്കായിരം വാതിലും പേറി

തണല്‍ ചുരന്നെന്നെ തഴുകിയുറക്കുവാനാകാതെ
താന്തോന്നി മഴയോടു പുലയാട്ടു ചൊല്ലിയകറ്റുവാനാവാതില്ലാതെ
നടുവൊടിഞ്ഞുഴറും കഴുക്കോല്‍ നിരപ്പിന്‍ പുറത്തു
ചിതലരിച്ചല്പ ജീവനായ് നില്‍ക്കും പുരത്തൂണ് മേലൊരു പാഴ്ജന്മമായ്

അകാലത്തു കൂത്താടുമാസുര മിന്നല്‍പ്പിണര്‍ക്കൂട്ടങ്ങള്‍
മൂക കവചമാമെന്റെ ഭിത്തിക്കു വിള്ളലിട്ടട്ടഹസ്സിക്കുന്നു .
ഒളിവിലീ ചുമരിന്‍ ചുവടു മാന്താനധിനിവേശാഖുക്ക -
ള ളവതിരുകള്‍ മുറിയ്ക്കുന്നു മൂകശാസനത്തിന്‍ മുന്നില്‍

ചിതയൊരുക്കാനാമ്ര ശിഖരങ്ങളില്ല
ചിതക്കൊള്ളി വയ്ക്കാനാത്മബന്ധങ്ങളില്ല
ചിറകൊടിഞ്ഞഴല്‍ക്കൂട്ടു പൂകുന്ന പെണ്ണിന്നു
ചിരമൊരു സാന്ത്വനപ്പകര്ച്ചയ്ക്കു വിരല്‍ത്തുമ്പുമില്ല .

ഇവിടെ ഞാനൊറ്റയാകുന്നുവോ ,ബന്ധങ്ങളറ്റിനിയു -
മിവിടെ ഞാനൊറ്റയാകുന്നുവോ ...?
അക്ഷരത്തെളിനീരില്‍ ചിത്തധാവനം ചെയ്തിത്തിരി വെട്ടമേകാ -
നി ക്ഷിതി ,യെന്റെ വീട്ടു മുറ്റത്തു ഞാനൊറ്റയാകുന്നുവോ ....?

ഇത്തിള്‍ക്കണ്ണികള്‍

ഒട്ടുനാള്‍ മുമ്പീ മഹീരുകച്ചോട്ടില്‍ ഞാ -
നൊട്ടല്ലാത്തോരീയക്ഷരത്തണല്‍ തേടിയെത്തി
ചുറ്റുകല്‍ പൂകിയിരുന്നെന്റെ ചിത്തപത്രത്തിലെ തോന്നലാ -
മക്ഷരമുത്തുകളൊത്തിരി ചേര്‍ത്തൊരു മാല കോര്‍ത്തു

ഒത്തിരി വാക്കിനാലൊട്ടല്ലാത്ത നോക്കിനാലീമര -
മെത്രയോ സാന്ത്വനച്ചിന്താലെനിക്കൂര്‍ജ്ജമേകി
എന്നെഴുത്തുകോല്‍ത്തുമ്പിലോരക്ഷരം ജനിക്കുമ്പോ -
ലെനിക്കായിവനൊരു കുയില്‍പ്പാട്ടീണമൊരുക്കി

എഴുത്തിന്റെ വഴിയിലെ പതിരോട് വിരല്‍ ചൂണ്ടിയു -
മെഴുതാപ്പുറത്തോട് പുലയാട്ടു ചൊല്ലിയും
ഉറക്കത്തില്‍ വീണാലൊരുണര്‍ത്തു പാട്ടേകിയു -
മരികത്തൊളിവിലെ കൂരമ്പ്‌ നേര്‍ക്കൊരു ചുരിക നല്‍കിയും

കാകന്റെ ചുണ്ടാലൊരു ജീവന്തികക്കുരു പതച്ചാ -
ലാകെയാ ശിഖരമുലഞ്ഞാകുലത മാറ്റിയും
ചുണ്ടാല്‍ കൊരുക്കുന്ന പോരിടയില്‍ കരുത്താ-
യിണ്ടലാറ്റിയിലത്താളമൊത്തിറ്റു കാറ്റേകിയും

ഇത്ര ശുദ്ധ ശീതള കാറ്റേകി നിന്നോരീ മരത്തിലി -
ലെത്ര ശിഖരങ്ങളിലിത്തിളുകള്‍ മുളയ്ക്കുന്നൂ
ഏറി നിറഞ്ഞു നിന്നോരീ ഹരിതക്കുളിര്‍ച്ചോട്ടി-
ലുറവവറ്റാതുള്ള ജീവസമീരനില്‍ ഗരളഗന്ധം മണക്കുന്നു .

നീരജ ശുദ്ധിയാര്‍ന്നു നാരദവേല ചെയ് വോര്‍
നേര് പേരാക്കി നേരിന്റെ വഴിയില്‍ നിന്നകലെചരിപ്പോര്‍
അക്ഷരപ്പിച്ചയിലൊരു കൈത്താങ്ങ്‌ കാതോര്‍ത്തു നില്പോ -
രക്ഷരത്തിനും മേലെയെന്നറിവെന്നു നാട്യമാടുവോര്‍

ആരലുമാവില്ലയീ ജീവനില്‍ വിള്ളലേകാനെന്നു
നേരുറപ്പോടക്ഷര പൂജയില്‍ മുഴുകി നില്പ്പോര്‍ .
എങ്കിലുമെന്തോ ദു:സ്വപ്നങ്ങളേറുന്നു രാപകല്‍
പങ്കിലരാരോ മറ്റൊരാല്‍ വളര്‍ത്താനിവനുടെ വേരറുക്കുന്ന പോല്‍ .....

Monday, October 3, 2011

മാര്‍ഗ്ഗദര്‍ശി

നേതാവിന്നലെ ചൊല്ലിയിരിപ്പടം അന്നത്തോടോത്തു -
നല്‍കണം മലയാള മണ്ണിലെന്നും മദ്യത്തിനെന്നു
കാലുറയ്ക്കാത്തവന്റെണ്ണമേറിത്തിമിര്‍ക്കട്ടെയെങ്കിലെ
കാലുറച്ചൊന്നു നില്‍ക്കുവാനീ കേരളത്തിന്നാകയുള്ളറിക.

ഗാന്ധിക്കിരിക്കാനിരിപ്പടമുണ്ട് ,മുക്ക് മൂലകള്‍ തോറും
ഇന്ത്യയിലെനിക്കിത്തിരിയല്ലാത്ത സംഗതികളേറെയും
അന്ധമായെന്നെയെതിര്‍ത്തു ഗര്‍ദ്ദഭരോദനം നടത്താതെ
എന്തിനും പോരൂ എന്റെ കൂടെ "സ്വിസ്സി "ലേക്കുള്ള മാര്‍ഗ്ഗവും ചൊല്ലാം .

Sunday, September 25, 2011

എന്‍റെ ജഗദ്‌ഗുരു

മനമിതുവിങ്ങിയിരുളിലമര്‍ന്നൊരു ജന്മങ്ങള്‍ക്കാ -
നിനവുകള്‍ തന്‍ സൂര്യതേജസ്സാം കര്‍മ്മയോഗീ !!!!
അകലേക്കു നീണ്ട നിന്നറിവിന്‍ കണ്‍ വെളിച്ചത്തി -
ലകലമാര്‍ന്നഴലു ഘനം തൂങ്ങിയ കണ്ണുനീര്‍

കിളികളിതഞ്ചുമുറഞ്ഞോരുള്‍ത്തുടിപ്പില്‍
കളമൊഴികള്‍ ചേര്‍ത്തണയാത്തിരിയായാത്മരേണുവും
ഇണ പിരിയാതന്ത്യ ശ്വാസം വരെയീ മണ്‍മണവും
പിണമായിടുമ്പോഴൊരു പിടി മണ്ണായീ മണ്ണോടും

അറിവു നിറഞ്ഞൊരു പകലവനായിപ്പാരിതി-
ലറിയാതുള്ളോര്‍ക്കുറവ ചൊരിഞ്ഞലയായ് നിന്നും
ചിരമൊരു ചിന്ത കൊളുത്തിത്തെരുതെരെ
ചെറുതാമുള്ളോരു മനമതിലുണ്മ വിടര്‍ത്തിയിരുന്നവനെ !

മുകളിലിതമരും ഗുരുവരനെ! നിന്‍ ശിവകാന്തി
അകമൊരു തെളിവായ്‌ നിറയാനടിയിലിരിപ്പൊരു ശാരദയും
ശിവമിതു മുന്നേ സത്യവുമതു തുടരെ സുന്ദരവും
ശിവഗിരിയായഞ്ചിതമവനിയിലൊരു കുളിരായ് നില്പൂ .

ഒരുതരമിരുതരമെന്നു പറഞ്ഞിട്ടിരുള് നിറച്ചവരെ -
പ്പൊരുളു പറഞ്ഞാ വെളിവതു നല്കീട്ടുള്ള് നിറച്ചവനേ !!
പ്രഭുവാണറിവിലുമേറെയറിഞ്ഞവനെന്നും
പ്രഭയാണവനിലെയറിവീയവനിയിലെന്നും ചൊരിഞ്ഞ പ്രഭോ !!!

ഉള്ളു തുറന്നൊരു സങ്കടമിറ്റാന്‍ കൊള്ളാനില്ലൊരു ദൈവം
ഉള്ളവനുള്ളവനാകുന്നുള്ളോര്‍ പിറകെ ദൈവം പോന്നൂ .
ധരയിലധ:സ്ഥിതമായ് മരുവുന്നോര്‍ക്കറിവാലുള്ളു തുറക്കാന്‍
തിര നിര പോലറിവിന്‍ കിരണമിതനവരതം ചൊരിവോനേ !

അണുവിതിലഖിലം കാണുക നീ നിന്നെയതു നിന്‍ ക്ഷേത്ര -
മെന്നാലണയുക വേണ്ടൊരു കോവിലുമിനിമേല്‍ നീ
ഒന്നാണീ ത്രിഗുണമതു നീ താന്‍ ,കൊള്ളുക മന്നാ
ഒന്നിലുമവനിവനെന്നില്ലതുതാനദ്വൈതം

ഉണരുക നീയൊരു ചിരമാം താരകയതു പോ -
ലമരുക നീരജദളമതു പോല്‍ മനമതിലഖിലര്‍ക്കും
ഉയരുകിതുള്‍ക്കണ്‍ തെളിവാലറിവിന്‍ കിരണമതാ-
യലിയുകയന്യനു വ്യഥയായ്‌ നില്‍ക്കും കാരണമതിലും

പകലിനു പിന്നോരിരവെന്നതു പോലകമതിനാ -
ലറിയുക ശൃംഗമതേറാനവടമതെന്തെന്നറിയേണം
പകലവനിന്നിയുറങ്ങുന്നില്ലുദയവുമില്ലസ്തമയോ-
മകമിതു നിറയുമവിദ്യയതിന്നാലിരവിതു കാണ്മൂ നാമെല്ലാം

ഇരവുമുറിച്ചീ ഗമനം തുടരാനൊരു തിരി വെട്ടവു -
മകമൊരു കുളിരായറിയാനുെള്ളാരു മനവും തനയം
നിഴലു നിനക്കൊരു കൂട്ടായസിതമയമായങ്ങോള -
മഴല് നിനക്കാകുലതയും ഉഴലുവതിന്നായ് നീ മാത്രോം .

സ്വേദമുതിര്‍ത്തു തിളങ്ങി വിളങ്ങും കായം
ചേണാര്‍ന്നഭീതരമാകു മനംഗം
വേദന തിങ്ങും രോദനമോടൊരു കാതു കൊടു -
പ്പോരവര്‍തന്‍ ഹൃത്തിലുമവരോടൊത്തും ഞാന്‍

അറിഞ്ഞു കഴിഞ്ഞതു ചെറു ചെറു കണമായ് നില്‍ക്കെ -
യറിയാനുള്ളത് കടല്‍ പോലിനിയും
ആകുലമായോരുള്ളും പേറിയഭയം തേടി ,അലയാ -
താഴി കണക്കെയരിയാ"നാദര്‍ശം" നീ കരുതുക മുന്നില്‍

വയറതിലായോരിടമതു നല്‍കിത്തണലായ് നിന്നോള്‍ -
ക്കഴലിന്‍ നോവാലലയാതാവാനിപ്പൊരുളിനെ നീയറിക.
അറിയുക പകലിനെ ,പകലിന്‍ പതിരിനെ നിറമായ്‌ നിന്നാ -
മുറിവെയ്വോരാ വാക്കിനെ നോക്കിനെ നിന്‍ വഴിയേം .

ഒളിവിലിരിപ്പൊരു ചുഴലികള്‍ നിറയും മതമിതുമതമ -
ല്ലുഴലുന്നോര്‍ക്കൊരു തണലല്ലരിയ സുഗന്ധോമല്ലാ.
പ്രിയതരമല്ലീപ്പകിട കളിപ്പോര്‍ക്കനുപദമറിവായീ -
പ്രവരര്‍ വാദമുയര്‍ത്തീട്ടഗ്രേസരരായ് മരുവതുമത്രേ.

ഗുരുവതു സ്നേഹിതനതുപോല്‍ സേവകനതിനാ -
ലൊരു കോടി ദിവാകര പ്രഭ ചൊരിയും നായകനും
അരുതുകളേറെക്കരുതുക നിന്നഭിലാഷങ്ങള്‍ക്കായ്
ഋണധനമാവാതൊരു തുലനം കാക്ക, ധന്യത നിറയും .

Tuesday, September 13, 2011

ഈയ്യാം പാറ്റകള്‍

ഈ മണ്ണിന്റെയാത്മാവു തിങ്ങുന്ന വാത്മീക -
മീയലാമെന്റെ ധാത്രിയീ മണ്ണെന്‍റെ ഗേഹം
കണ്ണു തുറന്നെന്‍ ധരിത്രിയെനിക്കാകാശവും തന്നു
കണ്‍പീലിയാലെന്‍ ഗരുത്തുമീവീഥിയും

തപനന്‍ ചിരിക്കുന്നെനിക്കായിറ്റുമോക്ഷവും പേറി
തരുമവനൊരുമാത്രയെനിക്കീ ചിറകേറി നിറയാന്‍
കവചമൊന്നുടയുവാനൊരു വര്‍ഷവും തന്നീ -
യവനിയിലാര്ത്തുല്ലസ്സിക്കാനിറ്റ് പൊന്‍വെട്ടവും തന്നു

ഉടയുവാനൊരു വേള ജന്‍മബന്ധം ത -
ന്നുടയാത്തതായെന്റെയാത്മാവുമൊരു നാമവും
മുന്‍പിന്നെനിക്കില്ല ഞാനോ ഞാനെന്ന സത്യം
കണ്‍ മുമ്പിലെന്റെ ജീവന്നപാവൃതമാകുമീ ജ്വാലയോടെ

Monday, September 12, 2011

കാത്തേ!!!!!!!!!!

ഉമ്മറത്തെക്കാരണവര്‍ക്കരികിലരച്ചിരി പൊഴി
ച്ചമ്മേ നീ ശങ്കരമംഗലത്തെത്ര നാള്‍ വാണു.?
ഉച്ചയായെന്നുറക്കെ പ്പറഞ്ഞു മൂപ്പിലാ -
നൂണിനൂന്നുവടി താങ്ങിയുയരുമ്പോള്‍
ഇടം കൈയ്യിലിണ ചേര്‍ത്ത് നിന്റെ താങ്ങു-
മിടംവലമിന്നത്തെ സാഹിതീ കര്‍ത്താക്കളും .

ഊണിലക്കോണിലൊരു തൊടുകുറി കൂടിയാ-
ലൂഴം നോക്കി ചിലക്കുന്ന കുട്ടനാടന്‍ പിശുക്കന്‍ .
ഊന്നായി നിന്ന നിന്‍ നിശ്ശബ്ദ സാന്നിധ്യമവ -
ന്നൂര്‍ജ്ജമായിരുന്നിരിക്കാമാ രണ്ടിടങ്ങഴിയിലും.

ഒറ്റയായെന്നൊരിക്കലുമറിയിക്കാതെ
യൊറ്റയായീയക്ഷരമലയാളമെന്നും നിനക്കായ് ....

പ്രണാമം

Saturday, September 10, 2011

വിട പറയും മുന്‍പേ ..

ഈ നിലാവിലൂടെന്‍ ചാരത്തു നിന്നോര്‍മ്മക്കുറിപ്പേകി
നീയെന്നൊരാ വികാരമൂളിയിട്ടകലുംപോളോണമേ !!!
ധവളച്ചിരിവെട്ടമൊഴുക്കിപ്പരത്തുന്ന തുമ്പയും
മൃദുലമെന്‍ പൂക്കളം നിറമിട്ട ചെമ്പനീര്‍പ്പൂവും സ്മൃതിയായിടുന്നു

നഖക്ഷതം കൊണ്ടിറ്റു കണ്ണീര്‍ പൊഴിക്കാതെ മുക്കുറ്റിയും
മുഖം ചേര്‍ന്ന് മൂകമായ് തരിവളക്കൈകളെ പ്രണയിച്ച മന്ദാരവും
വല്ലമേറിപ്പത്തഹസ്സും കളം പൂകി ചിത്രം വരയ്ക്കുമ്പോള്‍
ഇല്ലത്തിതെത്ര ഹൃദയങ്ങളൊന്നായിരുന്നുവെന്നോ ?

ആന്ദോളനത്താലുലഞ്ഞാടി നിന്നൊരെന്‍ മാമര -
മിന്ദുതന്‍ കണ്‍വെളിച്ചത്തിലും മുഖം വാടി നില്പൂ
പുത്തന്‍ കസവുകരമുണ്ടുടുത്തതാരുണ്യമെത്ര
പൂത്തിരുവാതിരയാടിത്തിമിര്‍ത്ത പൂമുറ്റമിന്നേകമായി

ഓണവില്ലൊരു കോണിലലസ്സമുറങ്ങുന്നോരാേണ്ട-
ക്കോലക്കുട ചിന്നിചിതറിക്കിടക്കുന്നു മുറ്റത്ത്‌
ഓണബിംബമാമെന്റെ മാവേലി ജീവതാളം തകര്‍ -
ന്നോരമാര്‍ന്നകലുന്നു മൂകമായ് പാതാളവും തേടി

ഒരുമ തന്‍ സ്വപ്നവും പേറി നൃപനത്തത്തിനെത്തുമ്പോ -
ളൊരുമ കുഴഞ്ഞാടി നില്‍ക്കുന്നു മദിരയില്‍ താരുണ്യവഴിയില്‍
ചിരമായിരുന്നോരെന്‍ കനവിന്റെ പുസ്തകത്താളില്‍
നുര കൊണ്ടു കരി വീഴ്ത്തി നില്‍ക്കും മലയാളമേ
നിനക്കെന്റെ നോവിന്റെ നീര്‍ക്കണം

Sunday, August 14, 2011

അമ്മേ!!! നിനക്കുള്ളതെന്റെ ജന്മം ...........

നിഴല്‍ പോലെ നഖമുനകളൊരുപാടു നോവുതിര്‍ക്കുമ്പോഴു-
മഴല്‍ നിറഞ്ഞുവീര്‍തോരീയുടലിന്‍ ശ്വാസം നിനക്കു നല്‍കുന്നു .
നിണമിറ്റു നല്‍കിയും നിന്റെ മണ്ണ് ഋതു വാക്കുവാനീയാത്മാ -
വിമപൂട്ടാതെ നിന്‍ മടിത്തട്ടിലൊരു പടവാളുമേന്തി ഞാന്‍.............

ആഗസ്റ്റു പതിനഞ്ച്

ഇന്നെന്‍ നെറുകയില്‍ തുടിക്കുന്ന കേതനത്തിന്‍
മൂന്നു വര്‍ണത്തിലീയോഗസ്റ്റു പതിനഞ്ചു ചിരിക്കുന്നു
നിഴലു പെയ്യാനാവാതെ നില്കും മരദാഹമാ -
യഴലു കുഴഞ്ഞീയെലുകയ്ക്കുമിപ്പുറമിന്ത്യ ഞാന്‍

വലം കൈയിതൂന്നി വലം ചാഞ്ഞു വളഞ്ഞിരിക്കും വൃദ്ധനായ്
നില കൊള്ളുമൊരു ചര്‍ക്കയിലിന്ത്യ ഞാന്‍ കറങ്ങുന്നു
മാര്‍ദ്ദവത്തറമേല്‍ ശീത സുഖത്തിലെ ശാസനപ്പിന്നി -
ലാര്‍ദ്രസാന്ദ്രമാം ചിരി തൂകുവോനിടമായീ കടലാസ്സുതുണ്ടും

എന്റെ നഗരവീഥിയിലെ നാല്‍ക്കവലയ്ക്കിരുപുറവു -
മെന്റെ മക്കളിളംകൈ നീട്ടിയുദരദാഹമാറ്റാന്‍ കൊതിക്കുമ്പോള്‍
ശീമ ശകട സുഖശീതളം പൊതിഞ്ഞോരാള്‍ രൂപ -
മിമപൂട്ടി പുലയാട്ടെയ്തുറക്കം നടിച്ചിരിക്കുന്നു

അക്ഷര മുറ്റമന്യമാണെങ്കിലുമിപ്പട്ടിണിക്കോലങ്ങ-
ളന്നത്തെയന്നമൊരുനുള്ളീയക്ഷരം വിറ്റുറപ്പിക്കവേ
ചരിത്ര വിജയമാണീപ്പതിനഞ്ചെന്നുറക്കെപ്പറച്ചിലിന്‍ പിന്നി
ലിരുപ്പാണ് തോറ്റവരീജന്മങ്ങളും ഞാനുമീവൃദ്ധനും

വയര്‍കാളി നില്കും വഴിയോരജന്മങ്ങളിന്നലെ
വിശപ്പിന്‍ വികാരമായീക്കൊടിതുണ്ടു വില്‍ക്കുമ്പോള്‍
ആണ്ടെക്കൊരിക്കലെ വികാരമുദ്ര മാത്രം നിനക്ക് ,ഇനി
നീണ്ടൊരു കാലം ചാകരത്തീരമായ് ഞാനിന്ത്യ .

അന്നു നാമാട്ടിപ്പറത്തിയോരന്യരായുള്ളോ -
രിന്നു നിന്നിരവിലിണയായ് മണിയറ പൂകുന്നൂ.
പകലിന്റെ പൂമുഖത്തെ ധവളച്ചിരിപ്പിന്നില്‍
പകിടകളിച്ചെന്റെയടിവേരു മാന്താന്‍ പടയൊരുക്കുന്നു

പിറവി തന്നോര്‍മ്മയായുരുമീ മൂവര്‍ണ്ണ ശീലയൊ -
ത്തുറയുമൊരു വികാരമായെന്നെ നീ നെഞ്ചേറ്റിടുമ്പോള്‍
നിറയുന്നു വെട്ടമണുതലം വരെയങ്ങോളമീ മണ്ണില്‍
കറയറ്റ ജന്മമായൊരു പടയായീയമ്മയ്ക്കു മക്കളായ്‌

Sunday, August 7, 2011

സൗഹൃദം

ഈ വലം കൈത്തലങ്ങള്‍ പകരുന്നോരിളം ചൂടു -
മീയിടം തോളിലായ് നിന്‍ മൃദുല കരസ്പര്‍ശവും
ഉള്ളിന്‍റെയുള്ളിലായ് വാക്കിനാല്‍ നോക്കിനാ
ലുള്ളറിഞ്ഞിറ്റ നിന്‍ തേന്‍മൊഴി മുത്തുമെന്‍ സൗഹൃദം

ഞാനകലെയല്ലെന്ന നിന്‍റെ ചൊല്ലുമക്കണ്‍വെട്ടവു
മനവരതമക്കരള്‍ക്കുളിര്‍ച്ചാലജവലയവുമെന്റെയൂര്‍ജ്ജം ..

Wednesday, August 3, 2011

അറിക നീ .......

ഉള്ളൊന്നു കാണുവാനഴിക്കുന്നു നിന്നംബര -
മുള്ളറിഞ്ഞുണരുവാനീ പരിരംഭണം
ഉതകുമിതു മാത്രമെന്റെയിരുളാര്‍ന്ന ചേതസ്സി-
നുണര്‍വായൂര്‍ജ്ജമായ് മരുവുവാനങ്ങോളം

അറിക നീയെന്നെയെന്നകലേന്നാരോ മൊഴിയുവ -
തുതിരുന്നു മഴക്കണക്കുളിര്‍ പോലെയെന്റെയുള്ളില്‍
അതിനാലൊഴുകിയകലുന്നസിത ചിന്തക -
ലതുപോലൊരുപാടു നോവുതിര്‍ക്കും മൃതകണങ്ങളും

Thursday, July 28, 2011

രാധാ കൃഷ്ണാ !!!

ഈ മുളംതണ്ടില്‍ നിന്നംഗുലീ നൃത്തത്താലൊഴുകു -
മീണമെന്‍ ജീവതാളത്തില്‍ ചേര്‍ന്നിരിപ്പൂ കണ്ണാ !!
ഈ മിഴിക്കോണിലെ സാന്ദ്രമയൂഖത്താല്‍ ,മൂകമാ -
യീ നിലാപ്പൊയ്കപോല്‍ നിന്നിലലിയുന്നു രാധ .....

നിഴല്‍ പോലെ നിന്നിന്ദ്രനീലിമച്ചോട്ടി -
ലഴലറിയാതെയമരുന്നു നിന്റെ ഗോപിക
അകതാരിലറിയാതെ നിറയുന്ന വെണ്ണക്കുളിര്‍മയാ -
യഹമൊഴിഞ്ഞാലിലത്തളിര്‍ പോലെ ചേരുന്നു രാധ ....

നീലത്തിരുവുടലാകെയായ് ഞാനൊരു
പീതപ്പുതപ്പായ് നിറഞ്ഞു നിന്നീടുവാന്‍
നിന്റെ മൗലിയിലിളം നൃത്തമാടും മയില്‍പ്പീലി പോല്‍
നിന്‍ നിദ്ര ചേര്‍ന്നാപ്പൂമെത്തയാകാന്‍ കൊതിക്കുന്നു രാധ...

ഇളം ജോത്സ്ന തൊട്ടുകുളിര്‍പ്പിക്കുമീ മലര്‍ വാടിയി -
ലളി തന്‍റെ ചുംബനക്കൊതിയൂറി നില്‍ക്കും പ്രസൂനമായ്
ഇളവേറ്റു നില്‍കുന്നു ഞാനീയിളം തെന്നല്‍ചിറകിലായ് നിന്‍
മുളം തണ്‍ടൊഴുക്കും പ്രണയരാഗം കാതോര്‍ത്തു രാധ.........

Tuesday, July 26, 2011

നീയും ഞാനും

നിന്നിലേക്കിറ്റുന്ന നാദമെന്നുള്‍ത്തുടിപ്പാണുണ്മയാമി -
തൊന്നാണെന്ന നിന്നറിവാണെന്റെ ജീവനുമീ വെളിച്ചവും
മണ്ണിലേക്കലിയുന്ന നിന്‍റെ ദേഹമതെന്നഞ്ചിന്ദ്രിയങ്ങളു-
മെണ്ണുവാനാവാത്ത ദേഹിയെന്നാത്മാവുമീ ഞാനും

നീ

ഒരു വേള നിന്നിലെക്കൊന്നു നോക്കിയാലറിയാമറിയാത്തതാ -
യൊരുപാട് നിന്നില്‍ നിരനിരയായ് നില്പതുണ്ടിനിയുമെന്നു
നിറം ചാര്‍ത്തി നിന്നെ നിന്നില്‍ നിന്നകറ്റി നീയല്ലാതെയാകുംപോഴും
നിഴല്‍ നിന്‍റെതസിതാത്മാമതു മാറ്റമില്ലാത്താതെന്നറിയുവതെന്നു നീ

Thursday, July 14, 2011

എനിക്കും നിനക്കും ഇടയില്‍............

ആത്മാവുപേക്ഷിച്ച ടീച്ചറുടെ ശരീരം ചിതയിലേക്കെടുക്കുമ്പോള്‍ ശിരോസ്ഥാനത്ത് താങ്ങായി നിന്ന എന്റെ കൈകള്‍ക്ക് വിറയലോ എന്തൊക്കെയോ ആയിരുന്നു .ഒരു മകന്‍ ചെയ്യേണ്ട കര്‍മങ്ങള്‍ മകനെപ്പോലെ ആയിരുന്ന ഈ ശിഷ്യനെക്കൊണ്ടു ടീച്ചര്‍ ചെയ്യിപ്പിക്കുന്നത് പോലെ , ജീവന്‍ അകന്നപ്പോഴും ആജ്ഞാപിക്കുന്നത് എനിക്ക് കേള്‍ക്കാം .അത് മാത്രമായിരുന്നു എന്റെ കൈബലം .
ഒരു ദിവസ്സത്തെക്കായിപ്പോലും നാട്ടിലെത്തിയാല്‍ എന്റെ ടീച്ചറെ കാണാതിരിക്കാന്‍ എനിക്കാവുമായിരുന്നില്ല . മുറ്റത്തെ ഇലഞ്ഞി മരച്ചോട്ടില്‍, വിശ്വാസങ്ങളുടെ മൈതാനത് പൊങ്കാലയിട്ട് സമയം കളയാതെ അക്ഷരങ്ങളുടെ ലോകത്ത് മുഴുകിയ ഒരു പരിണിതപ്രജ്ഞ, ഒരു അന്തിത്തിരി കൊളുത്തി എണ്ണ പുരണ്ട വിരലുകള്‍ മുടിയിഴകളില്‍ തൂത്തു, തൊഴുതു നില്ക്കുന്ന കാഴ്ചയോടെ യാണ് ഞാനും മോനും കയറി ചെന്നത് .ഏകദേശം ഒരു വര്‍ഷത്തെ ഇട വേളയ്ക്ക് ശേഷം ഉള്ള കാഴ്ച പരിഭവങ്ങളുടെ മുക്കൂട്ടു മുഖത്ത് പുരട്ടി ഒന്നും മിണ്ടാതെ നോക്കി അങ്ങനെ നിന്നപ്പോ അറിയാതെ കണ്‍ നിറഞ്ഞു പോയി .എന്റെയം ടീച്ചറിന്റെയും മുഖത്ത് ഒന്നും മനസ്സിലാകാതെ എന്റെ മോന്റെ മാറിമാറി യുള്ള നോട്ടം .ഒരു പക്ഷെ അവന്റെ ചെറിയ മനസ്സും സംശയിച്ചിരിക്കണം അവന്റെ അച്ഛന് ഈ അമ്മ എന്തായിരിക്കാം എന്ന് .പഴയ തറവാട്ടു വീടിന്റെ ഉമ്മറത്തെ അരഭിത്തിയില്‍ ഭാഷയുടെ ജനന വികാസങ്ങളെ ഗവേഷണം നടത്തി ശുദ്ധ സ്ഫുട ചൊരിയല്‍ കൊണ്ടു ചിന്തകളില്‍ ഹരിതം വിളയിച്ച ഒരു പ്രൌഢിയുടെ അരികില്‍ ഒന്നും പറയാനാവാതെ അരികിലേക്ക് തല ചായ്ക്കുമ്പോള്‍ എന്നൊക്കെയോ നുള്ളി നോവിച്ച വിരലുകള്‍ എന്റെ മുടിയിഴകളിലൂടെ ഇഴഞ്ഞു നീങ്ങുന്നുണ്ടായിരുന്നു .അരികില്‍ നിന്ന എന്റെ മോനെ ഞാന്‍ മറന്നെങ്കിലും അവന്‍ ടീച്ചറുടെ ഇടം കൈയ്യൊ തുക്കത്തില്‍ അലിഞ്ഞിരുന്നു .
"എല്ലായ്പ്പോഴതെയും പോലെ നീ ഇത്തവണയും മുഖം കാട്ടി യാത്ര പറയാന്‍ വന്നതാണോ ?"
ഞാനൊന്നും പറഞ്ഞില്ല
" എന്ത് തിരക്കുണ്ടെങ്കിലും ഇത്തവണ പത്തു ദിവസ്സം കഴിഞ്ഞു പോയാല്‍ മതി "
നിഷേധിക്കാന്‍ ആവാത്ത ഒരാജ്ഞയുടെ മുന്നില്‍ ഞാന്‍ നാവടക്കി .
അപ്പോഴേക്കും മോന്റെ വക പരിഭവം ടീച്ചറോടായി.
" അച്ഛന്‍ എന്ന് വന്നാലും ഇങ്ങിനെയാ ."
"രണ്ടു ദിവസ്സം കഴിയുമ്പോഴേക്കും കമ്പനീന്ന് ഫോണ്‍ എത്തും."
"ഞങ്ങള്‍ സ്കൂളില്‍ പോകുന്ന തക്കം നോക്കി ഒറ്റമുങ്ങല്‍ "
"ഇത്തവണ ടീച്ചര്‍ അമ്മ അച്ഛനെ വിടല്ലേ "
"ഇല്ല മോനെ അവന്‍ പോകില്ല .അവനങ്ങനെ പോകാനാവില്ല "
അവനിവിടെ കുറെ ഉത്തരവാദിത്തങ്ങള്‍ ഞാന്‍ കൊടുക്കാന്‍ പോകുവാ "

എനിക്കൊന്നും പറയാന്‍ കഴിഞ്ഞില്ല .എന്റെയുള്ളിലൂടെ നേര്‍ത്ത ഒരു തീ നാളം എങ്ങോട്ടൊക്കെയോ പാഞ്ഞു നടക്കുന്നത് പോലെ .അമ്മയിലെക്കുള്ള ദൂരം വര്‍ഗ്ഗ ഗുണിതമാക്കി കുറിച്ച് എന്തിനൊക്കെയോ ഉയരെ നിന്ന് വഴിപാടു ബന്ധം നടത്തുന്ന ഒരു മകനെയും ഒരു മകളെയും പ്രസവിച്ച ടീച്ചര്‍ക്ക് ഞാന്‍ എന്തൊക്കെയോ ആയിരുന്നു .ഈ ഞാന്‍ എങ്ങിനെ ടീച്ചര്‍ക്ക് ഉള്ളതായി എന്നല്ലേ നിങ്ങടെ ചോദ്യം .മലബാറിലെ ഒരു തറവാട്ടില്‍ നിന്നും ടീച്ചര്‍ പരിശീലനം നേടാന്‍ എന്റെ വീടിനടുത്ത ട്രെയിനിംഗ് സ്കൂളില്‍ വിദ്യാര്‍ഥിയായി എത്തിയ ടീച്ചര്‍ താമസിച്ചത് അന്നത്തെ രണ്ടാം ക്ലാസുകാരനായിരുന്ന എന്റെ വീട്ടില്‍ .മലബാറില്‍ അദ്ധ്യാപകനായിരുന്ന വല്യേട്ടന്റെയും ഏടത്തിയമ്മയുടെയം ശുപാര്‍ശ അച്ഛന്റെ മുന്നില്‍ ടീച്ചറും ടീച്ചറുടെ അച്ഛനും ചേര്‍ന്ന് നല്കുമ്പോ എന്റെ അമ്മയെ വിളിച്ച് " നമ്മുടെ ശ്രീദേവിയുടെ മുറി തന്നെ ഈ മോള്‍ക്കും കൊടുക്ക്‌ .." എന്ന് പറയുന്നത് ഓര്‍മയുടെ ഓരത്തൂടെ ഒരു മിന്നായം പോലെ പോകുന്നുണ്ട് .
ടീച്ചറിന്റെ അച്ഛനെ ഒരാഴ്ചത്തേക്ക് എന്റെ അച്ഛന്‍ വിട്ടതെയില്ല .പഴമയുടെ പൂമുഖതിരുന്നു രണ്ടു കര്‍ഷക മനസ്സുകള്‍ താംബൂല ചര്‍വണം നടത്തി കഥകള്‍ പങ്കുവയ്ക്കുന്നത് ഒരു കാഴ്ചതന്നെ യാണേ.....
പഠനക്കാര്യത്തില്‍ , ഏറ്റവും ഇളയവര്‍ക്ക് കിട്ടുന്ന സ്വാതന്ത്ര്യത്തെ മുച്ചൂടെ മൂടിപ്പുതച്ചു നടന്ന എന്റെ മേല്‍ ഒരു കൂച്ച് വിലങ്ങാകും ഈ ടീച്ചര്‍ എന്ന് ഞാന്‍ നിരീച്ചെയില്ല.എന്തുകൊണ്ടോ ഈ കൂച്ച് വിലങ്ങിനോട് ഞാന്‍ താമസം വിന താദാത്മ്യം പ്രാപിച്ചു .അവിടെ ഭയത്തിനും ഭക്തിയ്ക്കും മേലെ എനിക്ക് എന്തൊക്കെയോ ആയിരുന്നു ടീച്ചര്‍ .വല്യേട്ടനും ഞാനും തമ്മിലുള്ള പ്രായത്തിന്റെ അന്തരം വളരെ വലുതായിരുന്നു .ഇതുകൊണ്ട് തന്നെ എങ്ങിനെയോ വളര്‍ന്നു വന്ന ഒരു ഒറ്റപ്പെടലോ അതിനുമപ്പുറം എന്തോ ടീച്ചര്‍ തുടച്ചു മാറ്റുന്നത് പോലെ എനിക്ക് അനുഭവപ്പെട്ടു .എന്റെ അമ്മയേക്കാള്‍ എന്ന് മിക്കപ്പോഴും എനിക്ക് പറയേണ്ടി വരുന്നുമുണ്ട് .
ടീച്ചറിന്റെ കല്യാണം എന്റെ വീട്ടു മുറ്റത്തു വച്ചായിരുന്നു .അതും ഒരു മലബാറുകാരന്‍ തന്നെ .ഇക്കാര്യത്തില്‍ അച്ഛന്റെയും അമ്മയുടെയും നിര്‍ബ്ബന്ധത്തിനു മുന്നില്‍ ടീച്ചറിന്റെ കുടുംബം ഒന്നടങ്കം വഴങ്ങി .പഠന ശേഷം അദ്ധ്യാപികയായി ജോലി ഞങ്ങളുടെ അടുത്തുള്ള സ്കൂളില്‍ കിട്ടുന്നതിനു അച്ഛന്റെ പരിശ്രമം ഒട്ടും കുറവായിരുന്നില്ല .ഒരു മകള്‍ക്ക് നല്‍കേണ്ട എല്ലാം എന്റെ അച്ഛനും അമ്മയും ടീച്ചര്‍ക്ക് നല്‍കിയിരുന്നു .റവന്യൂ ഉദ്യോഗസ്ഥനായിരുന്ന ടീച്ചറുടെ ഭര്‍ത്താവ് ഞങ്ങളുടെ നാടിലേക്ക് സ്ഥലം മാറ്റം വാങ്ങി എത്തി .അച്ഛന്റെ തന്നെ പരിശ്രമം ഞങ്ങളുടെ കുടുംബവുമായി ബന്ധമുള്ള തറവാടും പറമ്പും ടീച്ചര്‍ക്കായി വാങ്ങുന്നതില്‍ ഏറെ പങ്കു വഹിച്ചു .
അദ്ധ്യാപികയുടെ പരിശുദ്ധി ഒരു നിലവിളക്ക് പോലെ ടീച്ചറില്‍ തെളിഞ്ഞു നില്‍ക്കുമ്പോഴും പറന്നകന്ന ബന്ധങ്ങളെക്കുറിച്ചുള്ള പരിഭവം പരിസരത്തൂടെ ഒഴുകിയ കാറ്റിനു പോലും അറിയാമായിരുന്നില്ല .പക്ഷെ ബന്ധങ്ങളുടെ സാന്ദ്രമായ കുളിര്മയെക്കുറിച്ച് ടീച്ചര്‍ പലപ്പോഴും എന്നോട് പറയുമ്പോള്‍ എന്നിലേക്ക്‌ ഒഴുകി എത്തിയ ആ വാക്കുകളില്‍ താന്‍ അനുഭവിക്കുന്ന വേദനയുടെ ഒരു നീരോട്ടം എനിക്ക് അനുഭവപ്പെടുന്നുന്ടായിരുന്നു.ഒരു പക്ഷെ ഞാന്‍ മാത്രം അറിയാന്‍ ടീച്ചര്‍ മനപ്പൂര്‍വം ആ വാക്കുകളില്‍ ചേര്‍ത്ത് വച്ചതാവാം .
അധികാര സ്വാതന്ത്ര്യം പൂര്‍ണമായി ചേര്‍ത്ത് വച്ച് എന്നെ എടാ ന്നുള്ള വിളി ടീച്ചറിനും എനിക്കും ഇടയില്‍ ഉള്ള ദൂരത്തിന്റെ അളവ് പൂജ്യം ആണെന്ന് എന്നെ ഓര്‍മ്മിപ്പിക്കാറുണ്ട്.
എന്റെ അവധിക്കാര്യത്തില്‍ ടീച്ചറിന്റെ തീരുമാനത്തിന് മറുത്തൊന്നും പറയാന്‍ എനിക്കായില്ല .ഘനം തൂങ്ങി നിന്ന ഇരുട്ടിലേക്ക് പ്രകാശ രേഖാസമന്വയം പായിച്ചു തരുമ്പോള്‍ ടീച്ചര്‍ പറഞ്ഞു "സുനന്ദയോടു പറ ഇന്നെനിക്കുള്ള ചോറ് കൂടി വിളമ്പിക്കോളാന്‍.ഞാന്‍ പുറകാലെ എത്താം,കല്യാണിയെയും കൂട്ടി .ഇന്നെനിക്കു നിന്നോടൊപ്പം ഉണ്ണ ണം.കാലം നമുക്കായി കാത്തിരിക്കില്ലല്ലോ" ഒടുവിലത്തെ വാചകം എന്നെ എന്തോ സ്ഥബ്ദനാക്കി .

മക്കളും സുനന്ദയും ഞാനും ചേര്‍ന്നുള്ള അന്നത്തെ അത്താഴമൂണ്‌ ടീച്ചറിന് എന്തൊക്കെയോ പറഞ്ഞറിയിക്കാന്‍ കഴിയാത്ത ആഹ്ലാദം പകര്‍ന്നിരുന്നു .അകലെ ഉയരത്തുള്ള മോനും മോള്‍ക്ക്‌ മൊപ്പം കൊച്ചു മക്കളുടെ കുറുമ്പ് കള്‍ക്ക് കണ്ണും കാതും നല്‍കാന്‍ ഭാഗ്യമില്ലാതത്തിന്റെ കേടു ടീച്ചര്‍ എന്റെ മക്കളിലൂടെ തീര്‍ക്കും .എന്നാലും ഒരു പേറ്റു നോവിന്റെ നൊമ്പരം ടീച്ചറെ പിന്തുടരുന്നു എന്നത് എനിക്കറിയാം .അതുകൊണ്ടു തന്നെ ഞാന്‍ എന്റെ സ്നേഹതൂവലുകള്‍ സുനന്ദയോടും മക്കളോടുമോപ്പം ടീച്ചര്‍ക്ക് സമ്മാനിക്കും .അവയെല്ലാം ടീച്ചര്‍ ഈറന്‍ പുരളാതെ സൂക്ഷിക്കും .
ടീച്ചര്‍ എന്റെ മോനെ മടിയിലിരുത്തി ചോറൂട്ടുമ്പോ ഒടുവില്‍ ഒരുരുള എനിക്കും നല്‍കി .....
ഇറങ്ങുമ്പോ ടീച്ചര്‍ പറഞ്ഞു
"മോനെ !
നീ നാളെ കാലത്ത് തന്നെ എന്റെ അടുക്കലേക്കു വരണം .നിനക്കല്പം ജോലി ഞാന്‍ തരുന്നുണ്ട് ."
ഒരു പക്ഷെ എന്നെ ആദ്യമായി ആവണം ടീച്ചര്‍ മോനെ എന്ന് വിളിച്ചത് .ആ വിളി ഒരമ്മയുടെ ആര്‍ദ്ര സ്നേഹത്തിന്റെ കാച്ചിക്കുറുക്കിയ വിളി ആയിരുന്നു .എന്തോ എനിക്കുറക്കം വന്നില്ല ,സുനന്ദയ്ക്കും .ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും ഒന്നും പരസ്പരം പറയാന്‍ ആവാത്തത് പോലെ .കാലത്ത് തന്നെ ഞാന്‍ ടീച്ചറുടെ അടുക്കലേക്കു പോന്നു .പിന്നാലെ സുനന്ദയും . പുലര്‍ച്ചെ തന്നെ ടീച്ചര്‍ പതിവ് തെറ്റാതെ ഉണര്‍ന്നിരുന്നു .ആ കണ്ണുകള്‍ എന്നെ കാത്തിരുന്നത് പോലെ .എന്റെ കൈ പിടിച്ചു ഉമ്മറത്തെ അരമതിലിന്റെ അടുത്തെക്കെത്തി.അങ്ങിങ്ങ് നര വീണ എന്റെ മുടിയിഴകളിലൂടെ ആ നനുത്ത വിരലുകളുടെ ഇഴയല്‍ .കണ്ണടച്ച് ആ മടിയിലേക്ക്‌ തലചായ്ച്ച എന്റെ കവിളില്‍ പതിച്ച ഒരു നീര്‍ക്കണം എന്നെ ബോധതലത്തിലേക്ക് എത്തിക്കുമ്പോഴേക്കും സുനന്ദയുടെ കൈത്തലങ്ങളിലേക്ക് ചാഞ്ഞ ടീച്ചറുടെ ചുണ്ടില്‍ വീണ്ടും മോനെ !!! എന്ന വിളിയും എന്റെ തോളില്‍ ഒരു ഇറുക്കിപ്പിടുത്തവും .
അതെ
എന്നും ഞാനോര്‍ക്കും
ടീച്ചര്‍ !!
എനിക്കും നിനക്കും ഇടയില്‍.............

Tuesday, July 12, 2011

അമ്മേ നിന്‍ മടിത്തട്ടില്‍ ...

മുടിയിഴകളില്‍ മൃദുതരം നിന്‍ വിരലോട്ടിക്കുളിര്‍പ്പിച്ചാ -
മടിയിലെനിക്കിത്തിരി തല ചായ്ച്ചുറങ്ങണം
അറിവിതമൃതായ് ചുരന്നു നില്‍ക്കും കുചമൊത്തിരി
നുകരണമകമറിയണമീവിറയകന്നീടണം

നിറമിതു നൂറുമതായിരമതിലേറെയായിടാം
നിഴലിനിതേകനിറം കറുപ്പായ് ചുവടു ചേര്‍ന്നു നില്പൂ
പൊരുളു പറഞ്ഞിത്തിരി വെട്ടമിറ്റാന്‍
ഇരവിലുമക്കരമൊരു കുളിരായ് പുണര്‍ന്നീടണം

ചൊടിയിണ ചേലിലൊഴുക്കി നില്‍ക്കും മധുചിരി
ചിരമൊരു നിറവായ്‌ നിറയ്ക്കണമെന്നിലമ്മേ
തിരുകരമൊന്നു തൊട്ടുഴിഞ്ഞാ നിനവു പകര്‍ന്നാല്‍
മരുവുമതെന്നിലെന്നും നിന്‍ തന്ത്രിഗീതമായ്

മൊഴിയിലെതെന്നുമൊഴുകി നിറഞ്ഞു നില്‍ക്കും മധുവായ്
അഴകു മുഴുത്തുതിരുക നിന്‍ നീരജദളമതുപോല്‍
മുഴുകി നിറഞ്ഞു നില്‍ക്കും നിന്‍ വിരലുകളത്തന്ത്രി -
യിഴയിണയിലുതിര്‍ക്കും സ്വരമാക്കുകെന്‍ വാക്കും

നാവിലിതെന്നും നൃത്തമിതാടുക നാവായ്‌ നില്‍ക്ക
നാഴികയൊഴിയാതെന്‍ തേജസ്വിനി നിന്‍ കാതും നല്‍ക.

Thursday, July 7, 2011

അഹം

എന്‍റെയുള്ളിലെ ഞാനില്‍ നീയാം മഴ ഗര്‍ഭത്തിന്‍ -
കണ്ണാലൊട്ടല്ലാതെ നീര്‍ നിറയ്ക്ക ഞാന്‍ കുളിര്‍ക്കട്ടെ.
എന്നിലേക്കെത്തുമോരോ കണത്തിലുമെന്നാത്മാവു ചേര്‍ത്തു
നിന്നെ ഞാന്‍ കാണും ,നിന്‍റെ കാതുമെനിക്കു നല്‍ക.

Wednesday, July 6, 2011

മഴ

കടലാസ്സു വഞ്ചിയില്‍ കലിതുള്ളി വീണോ -
രിടവക്കുളിര്‍പ്പെരുംപറയാണെന്റെ മഴ
കടലിരമ്പം പോലുയരേന്നുതിരുമ്പോള്‍
കുട നിവര്‍താനുള്ളാജ്ഞമേല്‍ കൊഞ്ഞനം കുത്തി ഞാന്‍

പുരപ്പുറചായ്‌വില്‍ നിരന്നുതിരും മഴനൂല്‍ചുവട്ടില്‍
ചിരിയുതിര്‍ത്തമ്മാനമിട്ടെന്നിളം കൈത്തലങ്ങള്‍
ചിതറിത്തെറിക്കും കൊച്ചു വെള്ളിത്തിളക്കങ്ങള്‍
ചുംബനം കൊള്ളും കവിള്‍തടത്തിലമ്മക്കൈച്ചൂടിന്നിളവേല്പും

ഇറ്റിറ്റു നില്‍ക്കും മഴത്തുള്ളിയെന്‍ കൊച്ചു മുറ്റത്തു
മൊട്ടിട്ട നീര്‍പോളയീ കണ്ണുമെന്‍ കാതും കടമെടുത്തു
ഒട്ടകലേക്കു മാറിയറ്റോരാശ്രയത്തുമ്പി -
ലൊട്ടുമാത്രയിലാത്മാവു വിട ചൊല്ലിയകലുന്നു

ഒഴിയാതെ നില്‍ക്കും മരപ്പെയ്ത്തിലീണം കൊരു-
ത്തുഴിയാനൊഴുകിയടുക്കുന്നിളം കാറ്റിനോടും
ചിതറിച്ചിലംപിച്ചികയാനിറങ്ങുമിലപ്പുള്ളിനോടും
പറയാതകന്നൊരെന്‍ മഴയോടു പരിഭവം ചൊല്ലാന്‍ പറഞ്ഞു ഞാന്‍


പുഴ പോലെയെന്റെ മുറ്റത്തു കളി പറഞ്ഞകലുംപോള്‍
മഴക്കുഴിശ്ശേഷിപ്പു ചിതറിയിട്ടൊളിവില്‍ നില്‍ക്കുന്നുവോ
കണ്‍വെട്ടമെന്റെ മേല്‍ കൊരുക്കുന്ന നോവില്‍
ചിന്നിച്ചിണുങ്ങി ഞാന്‍ നിന്നോട് ചേരാന്‍ കൊതിച്ചു


ഉഷ്ണ യൌവ്വനത്തിന്റെ നെറുകയില്‍ ദീര്‍ഘമായ്
തൊട്ടുഴിഞ്ഞിരുകൈ മുറുക്കും കുളിര്‍പ്പെണ്ണു നീ
മൂര്‍ദ്ധാവിലൊരു ചാലു തീര്‍ത്തെന്നാപാദ സിരകളില്‍
തീഷ്ണനുരയുതിര്‍ത്തെല്ലാം മറക്കാന്‍ പറഞ്ഞവള്‍


മുത്തു പോലെയാക്കവിള്‍ച്ചായ് വിലെ ബാഷ്പക്കുളിരില്‍
മുത്തമിടീച്ചെന്നെയെന്നില്‍ നിന്നും പറിച്ചെടുക്കുമ്പോള്‍
ഉത്തരം നല്‍കാനാവാതെയകലെയെങ്ങോ ഞാ -
നൊത്തിരി ചോദ്യശരത്തുമ്പിലാലില വിറയലായ്

Wednesday, June 29, 2011

പകല്‍

ഒരു തുണ്ടു വെട്ടവും പേറിയീപ്പടിവാതിലെത്തു -
മ്പോളറിയാതെയുരുവിട്ടു പോകുന്നു "ശുഭ ദിനം "
ഇരുള്‍ കൈ കാട്ടി നില്കും സന്ധ്യയില്‍ നോവേറി
തിരികെ നോക്കാനാവാതെ കണ്‍ നിറഞ്ഞകലുന്നു മൂകം

നെറുകയിലൊരു ചെണ്ട് മല്ലിപ്പൂവാല്‍ പിച്ചവയ്ക്കും പകല്‍
നെറികേട് മേലെ തുഴയെറിഞ്ഞഴലേറിയകലുംപോള്‍
ചിരി വിഴുങ്ങിച്ചീര്‍ത്തോരിരുളിന്‍ മുടിക്കെട്ടി-
ലിരുള്‍ പകല്‍ ഭേദമില്ലാത്ത മാനമേ ശ്വേതപുഷച്ചിരി കണ്ടുവോ ?

ഇല്ലൊരു പുല്ലു പോലുമിന്നെന്നതീ മണ്ണിന്റെ നൊമ്പര-
മിന്നലെ പുല്ലിന്റെ ജീവനാല്‍ പുതച്ചെന്നതോ സ്വപ്നവും
മണ്ണിലായ് കൊള്ളിമീന്‍ പിറപ്പിച്ച ഭൂഛത്രമമ്പേ
ജംഗുലം മോന്തിയല്പ മാത്രയിലന്ത്യവും കൊള്ളുന്നൂ .

ഇന്നീ മണ്ണിലിറ്റുന്ന കുളിര്‍ തന്നരിപ്പൂക്കള്‍
നിന്നിലെന്നും ഋതുവുണര്‍ത്തി നന്മ വിളയിക്കേണ്ടയോ
ഇരുണ്ടോരാഗര്‍ഭം നിരന്നു തിര്‍ക്കും മഴ നൂല്‍പ്പിറപ്പുക -
ളൊരു മൃദു മന്ത്രണം പോല്‍ മണ്ണു കാതോര്‍ത്തു നില്പൂ

ഇല കൊഴിഞ്ഞിനിയുമിതളിടാനാവാത്ത വേളയി -
ലിരു പുറം നോക്കാതെ കൂമ്പിയാകാശം നോക്കി
നീര്‍ വറ്റിയെന്നോ നിര്‍ജ്ജീവമാം കണ്‍ തുറപ്പില്‍,കാലം
കാതോര്‍ക്കുവാനരുളി ചൂണ്ടു വിരല്‍ നീട്ടി നില്‍ക്കുന്നൂ .

എന്‍റെ ജീവ താളത്തിലീയിളം നിലാക്കുളി -
രന്‍പു നിറയ്ക്കാനുഡുക്കള്‍ തന്‍ മിഴിച്ചിമ്മലും
ഇല്ല രാവെങ്കിലില്ല ഞാനുമെന്നാത്മാവു -
മില്ല പകലുമിക്കണ്ണീരുമിരവു തിന്നുന്ന പുഞ്ചിരിയും.

മലതാണ്ടി മടിത്തട്ടില്‍ ജീവന്റെ വെട്ടം നിരത്തി
വെയിലു വയലില്‍ പൊലിപ്പിച്ച പൊന്‍ തിളക്കങ്ങളില്‍
ചിതലു ചുവടു കാര്‍ന്നോരുണക്കമരം പോലെ
ചിറയിറക്കം കരിവു കൈയ്യേറി കണ്‍ കൂമ്പിയങ്ങനെ

പൂങ്കോഴിച്ചാത്തനളവിട്ടിരുള് മുറിച്ചപ്പം
പൂങ്കുയിലീണം കൊരുത്തൊരാ നാട്ടുവഴിച്ചായ് വില്‍
ഊപ്പമീന്‍ കോരാനിഴത്തോര്‍ത്തു വീശിയോരിട -
ത്തോട്ടില്‍ വാലുപൊക്കി ക്കൊടിത്തൂവ കാലുറപ്പിക്കുന്നു

കാലം കരുത്തു കാട്ടാത്തൊരെന്‍ ജീവയാത്രയില്‍ പുലര്‍-
കാലസൌന്ദര്യ മുണര്‍ത്തുപാട്ടാലുയിരിട്ട നാടന്‍ തുടിപ്പില്‍
പതറിച്ചിലമ്പുമവതാളപ്പിറപ്പുമലറിയതിരിട്ടകലം-
കുറിക്കാന്‍ വിരല്‍ ചൂണ്ടി നില്‍ക്കും രക്തബന്ധങ്ങളും

അര്‍ദ്ധചക്രപ്പെരുവഴിയൊടുവിലന്തിത്തിരി കൊളുത്തി -
യിരുളുള്ളിഴതിരിക്കാന്‍ കുറിപ്പിട്ടകലും പകല്‍പ്പെണ്ണു ഞാന്‍


നീര്‍ തേടി വേരോടി നിനവാളി നില്‍ക്കേണ്ട യൌവ്വനം
നര കേറി നഞ്ചു കാര്‍ന്നമ്മയ്ക്കഴലേറ്റി നില്കുന്നൂ
ഹരിത ക്കുടക്കീഴില്‍ നിഴല്‍ക്കുളിര്‍ കൊതിയ്ക്കും മണ്ണിവള്‍
മരണക്കുറിപ്പെഴുതി ചരമത്തിനു കാതു കൂര്‍പ്പിയ്ക്കുന്നൂ

ഒരു നീര്‍ക്കണമെന്നോടു കേണീ ക്കിളിച്ചുണ്ടു-
നീരറ്റ കൊമ്പിലെക്കൂട്ടില്‍ ചത്തമുട്ടയ്ക്കടയിരിക്കുന്നു

സര്‍പ്പ ശീല്‍ക്കാരം നിറച്ചിട്ട ചിത്ര ചലനത്തി -
ലര്‍ത്ഥപ്പരതലുലൊഴുക്കി നില്‍ക്കും ദിനപ്പത്രക്കൊലച്ചിരി
വാര്‍ത്തു കോര്‍ത്തൊരുക്കുന്ന വാര്‍ത്താ തരംഗത്തില്‍
വാവിട്ടു കേഴുവോര്‍ക്കായ് ശാസനക്കരിംകണ്ണീര്‍

നാട്ടു ചര്‍ച്ചയിലിടം കൊണ്ടസത്യമറ്റമെത്താതകാല-
മൃത്യുവായ് തുടര്‍ച്ചിത്രഘോഷം നടത്തിച്ചരിപ്പോര്‍
ജാരന്‍റെ വേര്‍പ്പു നാറ്റമൊഴിയാതറപ്പറ്റവള്‍
ചാരിത്ര്യ പാഠക്കുറിപ്പൊരുക്കും നഗരസത്യങ്ങള്‍

ചതി കുത്തി ചത്തു പോയോള്‍ തന്നുടയോരെയെല്ലാം
നാട്യശാസ്ത്രം പഠിപ്പിച്ചിരുത്തി ചലച്ചിത്രം പിടിച്ചും
ചിത്തം കുളിര്‍പ്പിക്കാനിത്തിരി മേമ്പൊടി ചേര്‍ത്തൊത്തിരി
ചോദ്യോത്തരം കാട്ടി വേട്ടയാടും പ്രസാരവീരന്മാര്‍

ചാരം പുതച്ചുറങ്ങുന്നോരാ ചാവിടത്തില്‍
നാവനക്കാനാവാതിളം കുരുന്നിന്‍ വിലാപം
ജാലകപ്പടിയിലൂടകലേക്കു നീരറ്റ കണ്ണു ന -
ട്ടാലസ്യമകലാതെയഴലുഘനം തൂങ്ങി നില്പൂ .

വളര്‍ച്ച തന്നളവിന്നു സാകഷ്യപത്രം നല്‍കി പ്രകൃതി
പെണ്ണാക്കിയോള്‍ക്കുമേല്‍ കണ്ണിട്ടസുര ജന്മങ്ങള്‍
കണ്ണടച്ചിരുളാക്കാനറിയാത്തോരെന്റെ മേല്‍ കള്ളക്കഥ കൊണ്ടു
കരിംപുകതുപ്പി കണ്ണുരണ്ടും പറിച്ചിരുളിട്ടതികായര്‍

വിഷം തീണ്ടി വീര്‍ത്തോരമ്മിഞ്ഞയില്‍ ചുണ്ടു കോര്‍ -
ത്തിറ്റു താരാട്ട് തൊട്ടുഴിയാതെയെന്നഭിശപ്തബാല്യം

ഉള്ളു നിറയ്ക്കാനാവാതുള്ളിലൊന്നുമില്ലാതെ പീലിപ്പിറ -
പ്പൊഴിഞ്ഞക്ഷരവരള്‍ച്ചയോടെന്റെ കൌമാരപുസ്തകം

ഹരിതം കരിഞ്ഞംശുകമറ്റഴലുറയുന്ന മണ്ണില്‍ നെറി-
കേടിനോടൊട്ടും വിരല്‍ ചൂണ്ടി നില്‍ക്കാതെ യൌവ്വനം

പുലയാട്ടുറതുള്ളിക്കണ്ണുരുട്ടി നില്‍ക്കും കോലായില്‍ നിന്നുമ -
കലേയൊരാലായത്തിണ്ണയില്‍ കണ്ണീരു കൈത്താങ്ങായെന്റെ വാര്‍ദ്ധക്യം

ഇരു പുറം നോക്കേണ്ടതില്ലാത്തോരിരുളിനോ -
ടിണചേര്‍ന്നു നില്‍ക്കുന്നൊരു പകല്‍പ്പാട്ടീണം കൊതിച്ചു ഞാന്‍ .

Monday, June 6, 2011

എന്‍റെ ഗ്രാമം

ഇന്നുമാ നിര്‍മല ഗ്രാമക്കുളിരിന്‍ പെരുമകള്‍
പൊന്നു പോല്‍ ചേര്‍ന്നിരിക്കുന്നെന്‍ ഹൃദയതാളങ്ങളില്‍
ചെന്നിരിക്കാനൊരാല്‍ത്തറ സ്വപ്നമാകവേ
വന്യ മാകാത്തൊരന്നത്തെയാണ്‍ മനസ്സും പെണ്ണെ !!!


ഇളകിയാട്ടം നടത്തുമിലകളുടെ താളച്ചുവട്ടില്‍
വെടിവട്ട വേദിയിലരക്കുറുമ്പിന്‍ മുന്നിലാളായ്
ചൊല്ലു വളര്‍ന്നിത്തിരി തോന്ന്യാക്ഷരക്കൂട്ടായ് പിറന്നപ്പോഴും
ചില്ലുടയാത്ത ബന്ധമായ് കണ്മണി പോലീ ഗ്രാമബന്ധം

അമ്പലക്കുളക്കടവിലെക്കണങ്കാല്‍ ചിരിക്കു മേ-
ലാല്‍ത്തറച്ചരുവില്‍ നിന്നമ്പെയ്തൊളിക്കും കണ്ണുകളും
ഈറന്‍ പൊതിഞ്ഞിറ്റുന്ന നീര്‍ച്ചാലുമാ -
യിടവഴി ചേര്‍ന്നകലുന്നപെണ്ണൊതുക്കവും


എണ്ണ മണക്കും മുടിയൊതുക്കില്‍ പൊന്‍തുളസിക്കതിരു ചൂടി
സ്വര്‍ണക്കസവു ചുറ്റിലെ പെണ്‍തുടിപ്പില്‍ വെള്ളിച്ചിരി കിലുക്കി
കണ്ണുഴിഞ്ഞുള്ളില്‍ തിരയിളക്കി ക്കല്ലലി -
ഞ്ഞെണ്ണക്കറുപ്പില്‍ പെണ്‍ മണം പേറുന്ന മണ്ണും

കിതപ്പാര്‍ന്നകലേന്നണയുമോരാവിവണ്ടി തന്‍ ഞരക്കത്തില്‍
കാതു കൂര്‍പ്പിക്കുവോര്‍ക്കരുള്‍ പൊഴിക്കുന്ന കോളാമ്പി വാര്‍ത്തയും
ഉയരെക്കുയര്‍ത്തുന്ന മൂന്നു വര്‍ണക്കൊടിക്കീഴി-
ലുയിരാണി മണ്ണെന്നുറക്കെപ്പറഞ്ഞോര്‍.


അക്ഷരം കോറാനൊരുക്കിയ നാരായമുനയി -
ലുത്തരമൊളിപ്പിച്ചുഗ്രരൂപിയാകുമെഴുത്താശാന്‍
തരിമണലില്‍ വടിവായൊഴുകുമിളംവിരലിലൂ -
ടറിവു നിറഞ്ഞുയരുവാന്‍ കണ്‍ പാര്‍ത്തു നില്‍പോന്‍


ചെറുകുടിലിന്നോലക്കിഴുത്തയിലൂടൊഴുകിപ്പരക്കും
വെളിച്ചത്തിലെഴുതി പഠിക്കാന്‍ പഠിപ്പിച്ച ദൈവം
അക്ഷരം പോലനശ്വരമതലക്കെട്ടണിഞ്ഞോരെ-
ഴുത്തോല സത്യ സൗന്ദര്യം ചേര്‍ത്തേല്‍പിച്ച ശുദ്ധന്‍


അകലെയാമലമുകളില്‍ നിന്നൊളി കണ്ണു വീശും
മയൂഖമന്നന്റിളംകിരണ ചുംബനം കൊതിക്കുന്ന പൂവും
ചെറു ചെറു നീലിമകളൊഴുകിപ്പരക്കുന്ന
ഹരിതപ്പുതപ്പിന്‍ മടിതട്ടുമെന്റെ ഗ്രാമം


ചെറുകിളികളുയരെയോരിലത്തുംപിലൂയലാടാന്‍
ചിരമൊരു നൊമ്പരം പോല്‍ കോര്‍ത്തിണക്കുന്ന കൂടും
പകലറുതിയിലിണയോടു പങ്കിടും മധുമൊഴിയില്‍
ചെറുമണികള്‍ ചേര്‍ത്തുയിര്‍ നിറയ്ക്കാനന്തിത്തിരി-
ച്ചാര്‍ത്തായ് മിന്നാമിനുങ്ങും

പകലിന്‍റെ പൂമുഖത്തേകുവാനിത്തിരി തീര്‍ഥവും പേറി
ഹരിതം തല ചായ്ച്ചു നില്‍ക്കുമീ നാട്ടു വഴിയോരത്ത്
ഇള വെയിലിളകുമന്പുള്ള തുമ്പച്ചിരിയും
കിളിച്ചിലമ്പിന്‍ ശിഖരത്ത് കുയില്‍പ്പാട്ടീണവും

ഇരുളൊടുവിലിലകളിണ ചേര്‍ന്നു യിരുണര്‍ത്തു-
മീറന്‍ ബാഷ്പ ബിന്ദുക്കളിലിതള്‍വിടര്‍ത്തുമിന്ദ്ര ജാലവും
ഇരതേടിയകലുവാനൊരുങ്ങുമിണക്കിളിക്കൂട്ട -
മുരുവിട്ടുണര്‍ത്ത് പാട്ടാക്കും കിളിച്ചിലമ്പും

അങ്കവാല്‍പ്പെരുമയിലിരുളളവറിയിക്കും
പുഞ്ചക്കരയിലെ പുല്‍ക്കുടില്‍ ക്കൂട്ടത്തില്‍
മധുരനീര്‍ ക്കൊയ്ത്തിനിറങ്ങും പുരുഷന്‍റെ
കുറുമുണ്ടരക്കെട്ടിലുതിരും കുടുകുടാ ശബ്ദവും

പത്രവീര്യകപ്പാവടുക്കിന്മേലൊറ്റക്കടുക്കത്തിളക്കത്തില്‍
ചിത്ര കൌതുകം പേറും വാഞ്ചികപ്പെരുമയില്‍
പുച്ഛം വളഞ്ഞതാമക്കെട്ടുവടി ചേര്‍ത്തൊത്തിരി -
യിഷ്ടം നുണഞ്ഞിരിക്കുന്ന ഗ്രാമീണ പ്രൌഡിയും

വടിചുഴറ്റിവായ്ത്താരിയില്‍ കുടമണിത്താളം പിറക്കും
വയലിറക്കത്തൊളിവിലൊരു തവളക്കരച്ചിലും
ശ്വേതമുനികളുളിയെറിഞ്ഞിര പിടിക്കും ചേറ്റിളക്കത്തില്‍
ഞാറ്റുപാട്ടിന്‍റെയീണത്തിലിളം തണ്ടു കുത്തും പുലയക്കറുപ്പും

അമ്പിളിച്ചിരിയുതിരുമരിവാള്‍ ത്തലപ്പാല്‍-
പെണ്‍കരുത്തു കൊയ്തടുക്കും പുന്നെല്‍ പ്പെരുക്കം
കൊയ്ത്തുപ്പാട്ടിന്നീണം കൊരുക്കും മെയ്കറുപ്പില്‍ വിയ്ര്‍പ്പുപ്പു ചേര്‍ന്നു
ചേറ്റിറക്കത്തില്‍ കളം കാത്തുറങ്ങും കതിര്‍ക്കറ്റയും

ചെങ്കണ്‍ തിളക്കത്തിലതിര്‍മരക്കൊമ്പിലെ
ചെമ്പോത്ത് ചെണ്ട കൊട്ടിപ്പൊഴിക്കും ശുഭക്കുറിപ്പും
വിത്തു തേടി കൈക്കോട്ടു തേടി ചങ്ങാതി
വിഷുപ്പക്ഷി ചക്കയിലുപ്പും തിരക്കി

ശംഖൊലിപ്പിന്നിലായോട്ടുമണി ത്താളത്തില്‍
ശാന്ത നൃത്തമാടും തിരിനിരകള്‍ക്കുമപ്പുറം
ഭണ്ഡിലക്കരവിരുതില്‍ ശാന്തി ദീപം ചൊരിഞ്ഞ്
ദണ്ഡമാറ്റിക്കുടികൊള്ളുമെന്റെ ഗ്രാമ ദൈവം

അമ്പല ക്കോളാമ്പിയുരുവിട്ടൊഴുക്കുന്ന ബ്രാഹ്മ കീര്‍ത്തനത്തി -
ലഞ്ജലീ ബദ്ധരായ് മിഴി പൂട്ടി നില്‍ക്കുന്ന ഗ്രാമ ചിത്തം
ശംഖിന്‍ നെറുകയില്‍ ചുണ്ട മര്‍ത്തിയുള്ളാലെയര്‍പ്പിച്ചു
പള്ളിയുണര്‍ത്തായ് പിറക്കു മോംകാരനാദവും

തിടമ്പേറ്റി നില്കും ഗജരാജ പ്രൌഢി തന്‍ പക്ക -
ത്തുടയവര്‍ ഗ്രാമ മക്കള്‍ക്കു ണര്‍ ത്തായ്
ഇളമുറ ക്കൈയിലിലത്താളക്കൊഴുപ്പി -
ലമര്‍ത്തി ചെണ്ടപ്പിറപ്പാക്കും ചടുല താള പ്പെരുക്കം

കെട്ടിയൊരുക്കുന്ന കാഴ്ച കാണിക്ക നല്‍കി മനം കോര്‍ -
ത്തിഷ്ട ദേവനായര്‍പ്പിച്ചു ജീവിപ്പോര്‍
മണ്ണു ദൈവമെന്നറിഞ്ഞോര്‍ വര്‍ണ്ണങ്ങള്‍ ചാര്‍ത്താ-
തതിരു കോറാതെ യൊന്നാണ് ചോരയെന്നുള്ളാലറിഞ്ഞോര്‍

ഓര്‍മ്മ തന്നുമ്മറത്തുലാത്തുമക്കാരണവര്‍ പോല്‍
നിര്‍മ്മല മീ ഗ്രാമ ചിത്രം മിഴി പൂട്ടി ക്കാണ്‍മൂ ഞാന്‍
ഇന്നെന്‍റെ മുന്നില്‍ കണ്‍നിറച്ചെത്തുമന്നിന്റെ യോര്‍മ്മക -
ളൊന്നാകെയെരിഞ്ഞടങ്ങുന്നിന്നിലെ ക്കാഴ്ചയില്‍

ചാത്തന്റെ വായ്ത്താരിയമ്പേ മറന്നൂര്‍ദ്ധന്‍ വലിക്കുന്ന
ചെമ്പാവു പാടം മിഴി നീരു വറ്റിക്കേഴുന്നു കുടി നീരിനായ്‌
കള കേറി ജട ചൂടിയിരുള്‍ നിരക്കുന്ന പാടപ്പരപ്പുകള്‍
കരമണ്ണു മൂടിയുറവമുറിഞ്ഞര്‍ദ്ധജീവനായ് വിലാപം പൊഴിക്കുന്നു

ചിറവരമ്പത്താവയല്‍ക്കൊറ്റി ചിലപ്പടക്കിക്കേഴുന്നു
ചിലമ്പിക്കുരുവികളിലച്ചില്ല ക്കൂടുപേക്ഷിച്ചകലുന്നു
ചൂടുപാളയില്‍ മനം കോര്‍ത്തു ചേറ്റു പാടം പൂകിയോള്‍
ചൂടി നിന്നൊരാ ഹരിതപ്പുതപ്പിന്‍ കരി കണ്ടു കണ്ണടയ്ക്കുന്നു

അന്തക വിത്തെറിഞ്ഞതിരു കൈയ്യേറിയുയിരു കൊയ്യാ -
നധിനിവേശം മൃതിച്ചെണ്ട കൊട്ടിപ്പറക്കുന്നു
മണ്ണിന്‍ കരച്ചിലിലുപ്പളവു തേടിയുടയോര്‍ക്കു മുന്നില്‍
കണ്ണു പൊത്തിക്കളിക്കുന്നു ശാസനപ്പിണിയാളര്‍


ഇനി നമുക്കീ വായു മാത്രം ബാക്കിയാകുന്നു വില്‍ക്കാന്‍
മുനിയുമൊരോട്ടു വിളക്കിന്‍ ചോട്ടിലായിറ്റു ദാഹമാറ്റാന്‍
വറുതി മുറ്റിക്കേഴുന്ന താലങ്ങള്‍ കാലിയായിരിക്കുന്നു
ചെറുതല്ലാതധിനിവേശം ഒളിവിലൊളിയമ്പൊരുക്കുന്നു മൂകം

വട്ടമിട്ടെത്തും കഴുകന്‍റെ മുമ്പിലൊട്ടും ചെറുക്കാനാവാതെ
ബാഹുക്കളറ്റ കരുത്തനെപ്പോലൊറ്റയ്ക്കു നാമെത്ര നാള്‍ ...........

Thursday, June 2, 2011

കാത്തേ!!!!!!!!!!

ഉമ്മറത്തെക്കാരണവര്‍ക്കരികിലരച്ചിരി പൊഴി
ച്ചമ്മേ നീ ശങ്കരമംഗലത്തെത്ര നാള്‍ വാണു.?
ഉച്ചയായെന്നുറക്കെ പ്പറഞ്ഞു മൂപ്പിലാ -
നൂണിനൂന്നുവടി താങ്ങിയുയരുമ്പോള്‍
ഇടം കൈയ്യിലിണ ചേര്‍ത്ത് നിന്റെ താങ്ങു-
മിടംവലമിന്നത്തെ സാഹിതീ കര്‍ത്താക്കളും .

ഊണിലക്കോണിലൊരു തൊടുകുറി കൂടിയാ-
ലൂഴം നോക്കി ചിലക്കുന്ന കുട്ടനാടന്‍ പിശുക്കന്‍ .
ഊന്നായി നിന്ന നിന്‍ നിശ്ശബ്ദ സാന്നിധ്യമവ -
ന്നൂര്‍ജ്ജമായിരുന്നിരിക്കാമാ രണ്ടിടങ്ങഴിയിലും.

ഒറ്റയായെന്നൊരിക്കലുമറിയിക്കാതെ
യൊറ്റയായീയക്ഷരമലയാളമെന്നും നിനക്കായ് ....

പ്രണാമം

Saturday, May 7, 2011

കൈയ്യൊപ്പ്

ഞാന്‍
ചുവടു വയ്ക്കുന്ന മണ്ണില്‍
തിളക്കമാര്‍ന്ന
എന്റെ
കൈയ്യൊപ്പുണ്ടാവണം
അഗ്നിപോലെ
പ്രാണന്‍ പോലെ
എന്റെ
മനസ്സും

Monday, May 2, 2011

അകലമറിയാതെ

നിന്നോടെനിക്കുള്ള പ്രേമമെന്‍ കാന്താ
എന്ത് പേരിട്ടു ചൊല്ലേണ്ടൂ ചൊല്ലു നീ
നിന്നിളം കിരണചുംബനത്താലെന്‍
നീര്‍ നിദ്ര മിഴികള്‍ നിനക്കായ് തുറന്നുവല്ലോ

ഒരു നറുപുഞ്ചിരിക്കുള്ളിലായ് ഞാനെന്റെ
ഹൃദയവീണതന്‍ കവിത നല്‍കാം
ഇതള്‍നീര്‍ത്തി ഞാനീ ഹരിതമഞ്ജിമ-
യ്ക്കിളവേറ്റു നല്കാമൊരുപാട് മോദവും

വനദേവതമാര്‍ ശ്രീമുഖം നോക്കുമീ
വാപികാ ഹൃദയത്തില്‍ ഞാന്‍
മഞ്ഞലച്ചാര്‍ത്താല്‍ മുഖം മറച്ചു
കുളിര്‍ കോരി നില്പൂനവോഢയെപ്പോല്‍

എന്നേക്കു നീളും നിന്‍ പ്രദവചുംബനച്ചൂടാലി-
തള്‍നീര്‍ക്കണമൊരുക്കും കല്ലോലനടുവില്‍
എന്നും നിനക്കായ് കാതോര്‍ത്തിരിക്കു-
ന്നൊന്നു നീയെന്നു മാത്രം മനസ്സേറ്റി ഞാനും

അകലെയാണെങ്കിലുമരികത്തൊരു കുളിര്‍ബിന്ദുപോല്‍
മുകില്‍ മുറിച്ചെത്തും നിന്‍ സ്നേഹ കിരണങ്ങള്‍
അകലമറിയാത്തൊരു നൊമ്പരച്ചാര്‍ത്തായ്
മികവേറ്റി മിഴികൂമ്പി നില്കുമീ പ്രേമപുഷ്പം ഞാന്‍

Thursday, April 28, 2011

വിരല്‍ തുമ്പു കണ്ണീരിനോട്

കൊഴിയുമോരിലയിലിട൪നിറഞ്ഞ ചുളിവു-
മഴകൊഴിഞ്ഞ മണ്ണിലടിയാളര്‍തന്‍ കണ്ണീരും
ഇണ തേടി നില്‍ക്കുമൊരു പൂവിന്‍ രോദനവു
മുറവവറ്റിക്കരയുമരുവിയുമെന്റെ ദുഃഖം

ഏകനായീ കടലോരമണ്ണിലലസ്സമായ്
മൂകവിഷാദങ്ങളിഴ ചേര്‍ത്തു നില്‍ക്കവേ
ഒരു തുണ്ടു കുളിരുമായീ വലം തോളിടത്തില്‍
മുറുകുമാ കൈത്തലമെനിക്കുള്ള സാന്ത്വനം

Sunday, April 24, 2011

ഇരകള്‍

ഇനിയീത്തുരുത്തിലൊരു ജീവനായ് മുളയ്ക്കാതിരിക്കട്ടെ
ഞാനെന്നാശിച്ചാലമ്മേ പൊറുക്ക നീയെന്നാളും
ശുദ്ധ സമീരന്റെ നെറുകയില്‍ ചുറ്റി നിറയു-
മിപ്പാഷാണപ്പിറപ്പുകണ്ടും കാറ്റേറ്റ കല്ലുപോലിവര്‍

ആളുന്ന നോവിന്‍ പെരുമ്പറച്ചോട്ടിലമ്മയായ്
നീളേ നിറയുന്ന നിന്‍ മിഴികള്‍ കാണാനാവതില്ല

വാകീറിയോനിര നല്‍കുമെന്നു നീ നിനച്ചാലും
വായില്ലാത്തോരെന്നെ നിന്നൊക്കത്തു നിന്നാറ്റുമോ
പുഞ്ചിരിയറിയാത്ത ചുണ്ടു മിഞ്ചോടു നോവുതിര്‍പ്പു-
മിഞ്ചിഞ്ചു നീറും നിന്‍ ഹൃത്തുമിന്നന്ധര്‍ക്കു മുന്നില്‍

ജീവന്‍ തുടിക്കുന്ന പിണ്ഡമായിന്നുമ്മറക്കോലായി-
ലീച്ചയാറ്റിക്കിടപ്പൂ കാലദോഷപ്പകര്‍പ്പായ്
ഉടയോന്റെ അളവു തെറ്റിപ്പിറപ്പായ്‌ ഞങ്ങളു-
മിടരൊഴിയാതലമുറയുതിര്‍ക്കുമമ്മമാരും

ശലഭമണയാത്തൊരീപ്പൂക്കള്‍ തന്‍കണ്ണീരു
മിലകരിെഞ്ഞാടുങ്ങും തണല്‍മരക്കൂട്ടവും
ഋതുവാകാന്‍മടിക്കുന്ന മണ്ണും
ചിതയൊരുക്കിച്ചിരിക്കുന്ന കാറ്റും

ചില്ലു കൂട്ടിന്‍ പിന്നിലായ് വെള്ളച്ചിരിക്കൂട്ടോടെ
ചൊല്ലുകളുതിര്‍ക്കുന്ന "ശുദ്ധ "മൂര്ത്തിയാം ദാസാ
ചൊല്ലൂ നീയാര്‍ക്കായുയര്‍ത്തുന്നു നിന്‍ ചൂണ്ടു വിരല്‍
തെല്ലധൃഷ്ടമുണ്ടെന്നാലീയില്ലത്തണഞ്ഞു കൈകോര്‍ക്ക നീ

(For the victims of END o SULPHAAN)

Sunday, March 27, 2011

ഒരുക്ക നീയൊരു മലര്‍വാടി


ആവില്ലൊരാള്‍ക്കുമൊരിക്കലുമൊന്നുമാക്കുവാ
നാവില്ലഴിക്കുവാനുമൊന്നിനേയുമിജ്ജഗത്തില്‍
ആവാമതൊന്നിനെ മറ്റൊന്നെതെന്നപോ
ലായിടാമൊന്നില്‍ നിന്നും നവമായതൊന്നും

എന്‍ നിദാഘ കിരണങ്ങളാല്‍ നീയ്രിതുസമൃദ്ധവു
മന്പെഴുമീ മയൂഖമോ നിന്‍ കണ്‍വെട്ടവും
നിറയുമീ പുഴനീര്‍ക്കുളിരും ഹരിതവുമതുപോ
ലുറയുന്നു ശിവസുന്ദരം നിന്‍ ഹൃത്തിലീയനു ബിംബവും

പതിവു പകലിന്റെയറ്റത്തു കുങ്കുമപ്പൊട്ടാ
യഭിതര്‍പ്പണമേകട്ടെ ഞാനിന്നിന്റെ യാത്രയ്ക്ക്
കൂട്ടായ് പകലില്‍ പിരിയാത്ത നിന്‍ നിഴലെടുക്കുന്നി
രുട്ടിലൊറ്റയാവാതിരിക്കാനോര്‍ക്ക നീ യെന്നെ

ഒരു പകലിന്‍റെ പടിവാതില്‍ തുറക്കുമ്പോ
ളൊരുക്ക നീയെനിക്കായൊരു മലര്‍വാടി
അവര്‍തന്‍ സൗരഭ സമൃദ്ധിയതിലേറെ ഹരിത
മതിലൂടൊഴുക്കാം ശുദ്ധമാം ജീവസമീരന്‍ നിനക്കായ്

Saturday, March 26, 2011

പ്രിയ ഏട്ടനു

മുറുകിയുറഞ്ഞ ഇരുട്ടിന്റെ നിശ്ശബ്ദതയില്‍ ഉറക്കം ഇടയ്ക്കിടെ കൂട്ട് വിളിയ്ക്കും .ഏട്ടന്റെ ആതുരാവസ്ഥ കുഞ്ഞേച്ചി (എന്റെ ഏടത്തി ) യെ കുത്തിനോവിക്കുന്നത് ഞാന്‍ പാതിയുറക്കത്തിന്റെ ഇട വഴി ചേര്‍ന്നിരുന്നു വായിക്കാറുണ്ട്.ഇടയ്ക്കിടെ ബോധം മറഞ്ഞും സന്നി ബാധിച്ചും ഇടനെഞ്ചിലേക്ക്‌ നോവിന്റെ സാന്ദ്രത ഒഴുകി നിറയും പോഴും ആരുടേയും കാണ്‍കെ കണ്ണീര്‍ പൊഴിക്കാത്ത എന്റെ കുഞ്ഞേച്ചി എനിക്ക് അമ്മയ്ക്കുമപ്പുറം എന്തോ ആണ് .ആശു പത്രിയുടെ സ്ഥിര ഗന്ധം പേറി നിറഞ്ഞ മുറിയില്‍ ചൂടിന്റെയും തണുപ്പിന്റെയും വിവേചന ബോധം വിടപറഞ്ഞ ഏട്ടന്റെ ശരീരത്തിന് കാറ്റിളക്കി കുളിര്‍ ഒഴുക്കുംപോ ബോധാവസ്ഥയില്‍ ചേച്ചി നല്‍കിയിരുന്ന സ്നേഹ സംവേദനത്തിന്റെ തുടര്‍ച്ച എനിക്ക് കാണാമായിരുന്നു .അരികില്‍ കാല്‍ പാദത്തില്‍ ചൂട് പകര്‍ന്നു ഞാനും .ചേച്ചി എന്നും ദുഃഖ ഭാരം ഇറക്കിവയ്ക്കാന്‍ ഒരിടം തേടുന്നത് എന്റെ പ്രിയതമയിലായിരിക്കും.കൈക്കുഞ്ഞുമായ് ഇടയ്ക്കെതുംപോള്‍ കനലെരിയുന്ന ആ ഹൃദയത്തിലൂടെ നിരാവിയാകാതെ ഒരു നീര്‍ക്കണം ഒഴുകി നടക്കന്നത് കാണാം .വേദന ഘനീഭവിപ്പിക്കുന്ന ഏട്ടന്റെ ചേഷ്ടകള്‍ ചില ശൂന്യ വേളകളില്‍ ഞാന്‍ തുണ്ടു പേപ്പറിലേക്ക്‌ നിരത്തും . കാഴ്ചയ്ക്ക് മേലെ മൂടല്‍ നിറയ്ക്കുന്ന നീര്‍ക്കണങ്ങള്‍ ആ അക്ഷരങ്ങള്‍ക്ക് മേലെ ചിതറിത്തെറി ക്കുമ്പോ വാക്കുകളുടെ സമൃദ്ധി എന്നില്‍ നിറയാന്‍ ദില്ലിയില്‍ നിന്നും ഏട്ടന്‍ അയച്ചു തന്ന "പഞ്ച മഹാ നിഘണ്ടു " എന്റെ കവിള്‍ തലത്തില്‍ മൃദുലമായ് തലോടും .അയച്ചു തന്ന കത്തുകളിലെ ഉപദേശങ്ങളുടെ തീവ്രതയും ഔന്നത്യവും നിഷേധിചില്ലെങ്കിലും ഞാന്‍ അന്ന് എന്നിലേക്ക്‌ സന്നി വേശിപ്പിചിരുന്നില്ല.ഘനം തൂങ്ങി നിന്ന വേദനയുടെ പടിവാതിലിലൂടെ ഒരു കട വാവല്‍ ചിറകടിച്ചു പോയി . ആരോ ആത്മാവിനെ കൊത്തി വലിക്കുന്നത് പോലെ .ഒരു കറുത്ത രൂപത്തോട് കടുത്ത യുദ്ധം ചെയ്യുന്ന ഏട്ടന്‍ .ബോധതലങ്ങളില്‍ നിന്നും എത്രയോ കാതം അകലെ .ഓരോ വലിഞ്ഞു മുറുകലും അരികിലെ ജന്മങ്ങളില്‍ തീക്കനല്‍ നിറയ്ക്കുമ്പോള്‍ അതറിയാതെ ആയുധമില്ലാത്ത യോദ്ധാവായി ഏട്ടനും .ഒടുവില്‍ എല്ലാ ചലനങ്ങള്‍ക്കും പൂര്‍ണവിരാമം ഇട്ടകന്ന ശരീരത്തിലേക്ക് കുഞ്ഞേച്ചി കണ്‍ നിറയ്ക്കാതെ ദുഃഖ ചലനങ്ങള്‍ അന്യരറിയാതെ ചുണ്ടുകളില്‍ കോര്‍ത്ത്‌ ആ നെഞ്ചിലേക്ക് അമരുമ്പോള്‍ ,അവസ്ഥയുടെ നോവിന്‍ സാന്ദ്രത തിരിച്ചറിയാത്ത രണ്ടു ഇളം കുരുന്നുകള്‍ ആ കൈകളോട് ചേര്‍ന്നിരുന്നു .
ഓരോ എഴുത്തിന്റെ വേദനയിലും വാക്കുകള്‍ക്കു വേണ്ടി കണ്‍ നിറയ്ക്കുമ്പോള്‍ ഞാന്‍ ഏട്ടനിലൂടെ പഞ്ച മഹാ നിഘണ്ടു വിലും തിരിച്ചും യാത്ര ചെയ്യും .ആ യാത്ര എന്നും സഫലമാക്കി എന്നില്‍ ഒരു കുളിരാര്‍ന്ന മഴനൂല്‍ പൊഴിക്കാന്‍ ഏതോ നക്ഷത്ര ചോട്ടില്‍ ഏട്ടനുണ്ടാവ ണം....വല്ലപ്പോഴും മാത്രം എന്നോട് ചിരിച്ചിട്ടുള്ള എന്റെ ഏട്ടന്‍ .....................
(എന്റെ ആദ്യ പുസ്തകത്തിന്റെ സമര്‍പ്പണക്കുറിപ്പ്‌ ഒരു കവിതയായ് ഇന്ന് എഴുതുകയുണ്ടായി .എന്റെ എല്ലാ എഴുത്തിലും അദ്രിശ്യമായി എന്നോട് സംവദിക്കുന്ന "പഞ്ചമാഹാ നിഘണ്ടു ",ഈ കുറിപ്പ് എഴുതാന്‍ എന്നെ നിര്‍ബ്ബന്ധിതനാക്കി )

Friday, March 25, 2011

സമര്‍പ്പണം

കൊച്ചിളംചുണ്ടിലാത്മാവുമമ്മിഞ്ഞയും ചേര്‍
ത്തിഛയ്ക്കുമേല്‍ മുത്തമേകിക്കുളിര്‍പ്പിയ്ക്കുമമ്മയ്ക്കായ്
അക്ഷരപ്പിച്ചയിലംഗുലീസ്പര്‍ശത്താ
ലിടരാറ്റിയിടനെഞ്ചേറ്റി നിന്നോരഛനായ്
ഉരുവിട്ടുയരുവാനുലയൂതി മികവേകി
യുരമരുന്നായക്ഷരംതന്നോരെന്‍ ഗുരുവിനായ്
പിച്ചയില്‍ കാലിടറുമ്പോളൊട്ടകലത്തു നി
ന്നൊപ്പമെന്നക്കണ്ണാലറിയിക്കുമേട്ടനായ്
ഒട്ടു ചാഞ്ഞെന്നാലൊറ്റയായൊട്ടല്ലാത്തിരു ത്തേകി
കളിവാക്കു ചൊല്ലുമെന്‍ കൂട്ടുകാര്‍ക്കായ്
അക്ഷരപ്പാല്‍ നുണഞ്ഞഛനോടൊന്നിലു
മിഛമറയ്ക്കാത്തോരെന്നിളം കുരുന്നുകള്‍ക്കായ്
വെയില്‍ചായും വരേയ്ക്കു മിടനെഞ്ചിലാക്കവിള
മര്‍ത്തി ഹൃത്തിന്നിളം ചൂടേറ്റുമെന്‍ പ്രിയതമയ്ക്കായ്
എകട്ടെ ഞാനെന്‍റെയക്ഷരപ്പുത്രി "ഭൂമി നിന്‍ മുന്നില്‍ "
ചാലിച്ചു ചേര്‍ത്തോരെന്‍ ഹൃദയതാളമോടെ

Saturday, March 19, 2011

നീ തന്നെ ദൈവം

എകുവാനാവില്ലൊരിക്കലുമൊരാള്‍ക്കുമി
ച്ചേതനയറ്റൊരാള്‍ക്കായ്‌ സ്നേഹ സംവേദനം
മൂകമാണെങ്കിലും മുറിവേറ്റിടാത്തൊരാ നോക്കു-
മേകമാകുംപോളാക്കപോലത്തില്‍ നിന്നംഗുലീസ്പര്‍ശവും
എകുവാനായാല്‍ നീ തന്നെ ദൈവം പിന്നെ ജീവനും
വാകമരത്തണല്‍പോലെ സാന്ത്വനം പിന്നെ സ്നേഹവും

Sunday, February 27, 2011

പ്രിയേ നിനക്കായ്

കണ്ണില്‍പ്പതിഞ്ഞ നിന്നുത്തുംഗ ചാരുത
ചൊല്ലാനറിയാത്ത നൊമ്പര ബിന്ദുവായ്‌
നിറയുമീയകൃത്തില്‍ കുളിര്‍കണമതുപോല്‍
നിറയുന്നു ഹൃത്തില്‍ സ്നേഹരൂപം പ്രിയേ

ഒരു മുറി ചാരിയ പടിവാതില്‍ പിന്നി
ലൊരു നിലാ വെട്ടമായെത്തി നില്‍ക്കെ
അര്‍ദ്ധ രൂപം കാട്ടി പെരുവിരല്‍തുമ്പാ
ലര്‍ത്ഥ പൂര്‍ണമാമനുരാഗക്കളം വരയ്ക്കെ

ചിത്രലേഖനം ചെയ്തെന്‍ ഹൃത്തിന്റെ ഭിത്തിയില്‍
വിദ്യുത്ക്കണം പോലെ നിന്നൊളികണ്ണു സത്യം
നൂല്‍ത്തുമ്പിലെന്റെ മനം കോര്‍ത്തു നല്‍കി
യാല്‍പത്രരൂപം ചാര്‍ത്തുമാചിത്രം

ശുദ്ധ രൂപമാമഗ്നിക്കു സാകഷ്യമാ-
യഛനേല്പ്പിച്ച നിന്‍ വലം കൈയിതെന്നില്‍
ഇറ്റു പോലും നോവാതിടനെഞ്ചേറ്റിയീടാ
യക്കുങ്കുമം ചാര്‍ത്തി നിന്‍ പത്മകത്തില്‍

ഒട്ടും ഘനക്കാത്ത നിന്‍ മൊഴിത്തേനിന്‍
ചിട്ടവട്ടത്താല്‍ ചരിക്കുന്നു ജീവിതം ശുദ്ധമായ്‌
ആണ്ടു താണ്ടുമ്പോഴുമിളം കുരുന്നായീ മുന്നില്‍
രണ്ടു ജന്മങ്ങളും നിന്‍ ധരാ സമ്മാനിതം കോമളേ

എന്നും നിഴല്‍ പോലെന്നിടനെഞ്ചു ചാരി
ഇടരാറ്റുവാനായ് നിന്നിടം വിരല്‍ തൊട്ടും
വെയില്‍ ചാഞ്ഞു നില്ക്കുംപോളിടം തോള്‍ച്ചുനുപ്പില്‍
വലംകൈ പകുക്കും നിന്നിളം ചൂടുമെന്‍ പ്രിയേ

Tuesday, February 22, 2011

നിളേ.....

ഒരു നാളിലീയോരത്ത് കാറ്റേറ്റു നില്‍ക്കുവാന്‍
വരുമായിരുന്നു ഞാനാ കവിവാക്കുമൂളി
ഇന്നെന്‍റെയുമ്മറക്കോലായിലൂന്നു വടിക്കൂട്ടോടെ
നിന്നേക്കു നീളുമൊരു നീര്‍മിഴിയാലിരിപ്പൂ ഞാന്‍
കാറ്റേറ്റു നല്‍കും, നിളേ നിന്‍ കാതരമൊഴി കേട്ടു
കണ്ണറിയാതൊഴുകുമീ നീര്‍ക്കണനനവോടെ
കണ്‍ പാതി പൂട്ടി കാതൊന്നില്‍ താഴിട്ടു നിന്‍റെ
മണ്‍കൂന മേല്‍ മനം പൊട്ടി വാപൂട്ടി നില്പൂ
കനവിലീ കാല്‍പ്പെരുക്കത്താല്‍ കളിവാക്കു ചൊല്ലും
മണല്‍പ്പരപ്പോടു കളമൊഴികള്‍ ചൊല്ലും നിളേ
ഇന്നു നിന്‍ നോവിലായിറ്റുവാന്‍ തെല്ലുമില്ലെന്റെ
ഹൃത്തില്‍ നൊമ്പര മുതിര്‍ക്കുമൊരു നീര്‍ക്കണം പോലും
ഓരമാര്‍ന്നൊഴുകുന്ന നേര്‍രേഖ മാത്രമായ്‌ഗാത്രം
ചുരുങ്ങി നീ പിന്‍ നോക്കിടാതെ യാത്രയാവുമ്പോള്‍
നീറും നെരിപ്പോടുപോലെയെന്നുള്ളമപ്പുറം
നേരുവാനാവതില്ലൊന്നുമീലുഭിതന്നുമാപ്പാക്കുക

Friday, February 18, 2011

താജ് നിനക്കായ്


ഇല്ലെന്റെ കണ്ണില്‍ പൊഴിക്കുവാനിനിയിറ്റുനീര്‍ക്കണം
മുല്ല പോല്‍ മൃദു സ്നേഹ സാന്ദ്രയാം മുംതാസ് നിനക്കായ്
നിനച്ചു ഞാന്‍ കാലാതിവര്‍തിയായീ രാജശ്മശില്‍പം
മനം വിങ്ങി നിറം മങ്ങി നില്പൂ നിലാക്കളങ്കംപോല്‍
ബാഹുഛേദിതനാം ഭണ്ടിലന്‍ തന്‍ കണ്ണീര്‍ക്കണങ്ങളോ
നീരറ്റുപുളയുമീയമുനതന്‍ വിലാപ വേഗങ്ങളോ
നീലജനാള മുതിര്‍ക്കും ജംഗുല ധൂമകൂപങ്ങളാലീ
നീല വിഹായസ്സുമസിതാത്മ പൂരിതം
ചാരംവിത്യ്ക്കുമീ കാറ്റോടു കാതു ചേര്‍ത്തെന്റെ
കാലം കഴിക്കുന്നു ദുഖാത്മികേ ഞാനുമീ മണ്ണില്‍
അനുബിംബമേറ്റുമീ വാപികാ തീരത്തു
മുറിവേറ്റോരാള്‍ നിന്‍ ഗതകാലം നുണഞ്ഞിരിപ്പൂ
ഹരിതം വിട ചൊല്ലി നില്‍കുമീ വനികയില്‍
പാട്ടുമൂളാനാവാതെ പൂങ്കുയില്‍ക്കൂട്ടവും
നേര്‍ച്ചയായിറ്റു നീര്‍ക്കണം നല്‍കി നിന്‍
ദാഹമാറ്റാന്‍ വെമ്പുമാലംബഹീനരും
അറ്റുപോയെന്റെയംഗമെല്ലാമമ്പേ
യനംഗവുമര്‍ദ്ധ ജീവനുമായ് വിലപിപ്പു ഞാന്‍

Saturday, February 12, 2011

സന്ധ്യേ.


ഏകയാമെന്നോട് മൂളുവതെന്താണ്
മൂക വിഷാദങ്ങളിഴചേര്‍ന്ന സന്ധ്യേ
ഇനിയുമടങ്ങാനാവാത്തൊരലയില്‍
നീ നിന്‍റെ ജീവനെയേകി വിലയിക്കയോ

കാതില്‍ പകരുമീകാറ്റിന്‍റെയീണത്തില്‍
വേദന തിങ്ങും നിന്‍ ഗദ്ഗദം ചേര്‍ന്നുവോ
ഒരു സ്നേഹ ചുംബനം നല്‍കിയകലുംപോള്‍
തീരമറിഞ്ഞുവോ തിര തന്‍റെ നൊമ്പരം

പാലൊളിപ്പുഞ്ചിരി നീളെ തൂകിയടുത്തവള്‍
താള മുപേക്ഷിച്ചകലുന്നു കണ്ടുവോ
ഒരു വേള ഞാനും നിന്നിലലിയുന്നു
ഗദ്ഗദം തിങ്ങും ഹൃത്തിന്‍ മിഴിനീരാല്‍

Friday, February 11, 2011

ഒറ്റപ്പെട്ടവള്‍

ചാലു തീര്‍ക്കുന്നോരീ കണ്ണിന്നു താഴെ
ചാവു മണക്കും ചിരി തീര്‍ക്കുവോള്‍ ഞാന്‍
ചീര്‍ത്തൊരീ മുലക്കണ്ണിലൂടെന്‍ കുഞ്ഞിനു
പയസ്സന്യമായോരാ നിണത്തുള്ളി നല്കുവോള്‍
താപം കുറിച്ചിട്ട ഹൃത്തിന്റെ നൊമ്പര ബിന്ദുവില്‍
ഉയിരൂതിയെന്‍ കുഞ്ഞിനായ് ചൂടേകുവോള്‍

മൃദുമന്ത്രണം പോല്‍.............



ഒറ്റ മുഖമാണെന്റെ കണ്ണിലെന്നിടം
തോള്‍ച്ചുനുപ്പില്‍ വലം കവിള്‍ ചേര്‍
ത്തിരുകൈകളാലെന്നൊരുകൈ മുറുക്കി
പ്പകര്‍ന്നോരാ ചൂടാണിന്നുമെന്‍ ചൂട് .
ഒറ്റയാളായീ വെയില്‍ ചാഞ്ഞ സന്ധ്യയില്‍
ഒട്ടല്ലാതെയോര്‍ത്തു ഞാനീയിരിപ്പടത്തില്‍ നിന്നെ ഞാന്‍ .............

Wednesday, February 9, 2011

മറവു തേടുമ്പോള്‍.....

നിന്നോടെന്‍റെ സിരകള്‍
കലഹിച്ചപ്പോള്‍
നീ മേനിക്കു മറ തിരക്കി
അവിടം മുതല്‍ നിന്നെ
പ്രാപിക്കാന്‍
ഞാന്‍ മറവു തേടി
ഇരുളിന്റെ താഴ്വാരങ്ങള്‍
രക്ത പങ്കില മായപ്പോള്‍
സൂര്യനും വിറങ്ങലിച്ചു
നിലാവു വേദനിച്ചു
നിനക്കുള്ള കുളിര്‍മഴകള്‍
മണ്ണില്‍പ്പതിക്കാതെ
നീരാവിയായി
നീരുതേടിയ വേരുകള്‍
നീതിമാനെ തിരക്കി
കിളിയുടെ കരച്ചില്‍
കാറ്റ് കവര്‍ന്നു
മണ്ണിരക്കുന്നവന്റെ
കയ്യില്‍
ഓട്ടപ്പാത്രം ബാക്കി........

Thursday, February 3, 2011

ഭൂമി നിന്‍ മുന്നില്‍......................

ഊര്‍ദ്ധന്‍ വലിക്കുമൊരാതുരയെപ്പോല്‍
ഭൂമിനിന്‍ തീവ്ര നോവിന്നുമുന്നില്‍

ബധിരകര്‍ണ്ണങ്ങള്‍ തന്നോരത്തുനിന്നിതാ
വാപൂട്ടി നില്‍പോന്റെ കണ്ണു നീര്‍

അന്നം വിളഞ്ഞോരാ മുണ്ടകന്‍പാടത്ത്
ചെമ്മണ്‍ നിറയ്ക്കുന്ന വന്‍ കോമരങ്ങള്‍

വെറി വീണ മണ്ണിനായ് തെളിനീരു തേടുന്ന
നെറികേടറിയാത്ത നിരഞ്ജനര്‍ ഹാലികര്‍

മുറ്റത്തോരിത്തിരിത്തണല്‍പ്പരപ്പിനായ്
മുത്തച്ഛന്‍ നട്ടമരത്തിന്റെ കണ്ണുനീര്‍

യന്ത്രപ്പിശാചിന്റെ കൊമ്പു പിളര്‍ന്ന നിന്‍
മാറില്‍ നിന്നിറ്റുന്ന ചോരയ്ക്കായ് വാപിളര്‍പ്പോര്‍

തീമുട്ട പേറിപ്പറക്കുന്നോരെന്ത്രപ്പരുന്തുക
ളമ്മേ നിന്‍ മാറില്‍ ചാട്ടുളികളെയ്യുമ്പോള്‍

തീയും പുകയ്ക്കൊത്തു തീര്‍ക്കുമാഗര്‍ത്തത്തില്‍
തീരുന്നോരായിരം ജന്മങ്ങള്‍ നിഷ്കളങ്കം

ജീവന്‍റെ വീഥിയിലറുകൊലക്കണ്ണുമായ്
ജംഗുല ധൂമകൂപങ്ങള്‍ നില്‍പൂ തീ നാവു കാട്ടി

പ്രാണന്നോരല്‍പ്പം കുടിനീരു നല്‍കാന്‍
പാവമന്ത്യശ്വാസം വലിക്കും പുഴയ്ക്കാവുമോ

കൂടു കൂട്ടാനൊരു കാട്ടു ചില്ലയ്ക്കായ്
കൂകിയലയുന്ന പൂങ്കുയില്‍ക്കൂട്ടം

വറ്റിവരണ്ടോരാക്കാട്ടു ചോലച്ചോട്ടി
ലിറ്റ്നീര്‍ക്കണം തേടി കണ്ണുനാട്ടോര്‍ കാട്ടുമക്കള്‍

ജീവസമീരന്‍ നിനക്കേകുവാനാവാതെ
മൃതചരണ ദാരുസഞ്ചയങ്ങളമ്മേ

ഒരു നീര്‍ക്കണത്താലൊരുപാടു ജീവന്‍ മുളയ്ക്കും
പരശ്ശതമാത്മരേണുക്കള്‍ തന്നമ്മ നീ

ഇടനെഞ്ചു കീറിയുമിരയുമിരിപ്പടോം തേടുവോര്‍
ക്കിടറാതെയെന്നും മുല ചുരത്തുവോള്‍

എനിക്കില്ല മറ്റിടം നീയോഴികെയമ്മേ
വിറയോടെ കണ്‍നിറയ്ക്കാനെന്‍ നോവിലും

Thursday, January 13, 2011

ചന്ദ്രിക ഞാന്‍.......



പകലിതിലാദ്യന്തമൂര്‍ജ്ജം ചൊരിഞ്ഞവന്‍
പതിവായ്‌ പടിഞ്ഞാറണയുംപോഴാ-
ലശീലയാവേണ്ടതെന്തിനായ്‌ ചൊല്ക
നിലാക്കുളിര്‍പൊയ്ക ചൊരിയാം നിനക്കായ്

ഒരു രാപ്പൂപ്രണയം




അണയുമൊരിന്ദിന്ദിരത്തിന്നഴകെഴു
മീണമൊന്നിനായ് ധ്യാനലീനയായിരവിലും
പുണരുമതിനാലെന്‍ കുലമതുതുടരുവാനി
പ്പരാഗരേണുവിന്‍ ഗന്ധം പരത്തുന്നുഞാന്‍

വിശപ്പ്‌




അറിയാമിതെന്‍ മക്കളല്ലെന്നതെങ്കിലു
അശനമിതിനുമതമറയില്ല ഭുജിക്ക നിങ്ങള്‍

ഹരിതമില്ലാത്തവള്‍




ഹരിതമെനിക്കന്യമെന്നാലുമണയുമിക്കാറ്റിലു -
മരികെഴുംഹരിതത്തിലും നിറയും ജംഗുലമെന്‍ പ്രിയം

എന്‍ കുഞ്ഞ്




ഇല്ലൊരരിയുമിരയാക്കില്ല നിന്നെ
യില്ലിമേലിക്കരങ്ങള്‍ കവചമാണാ
വോളം നുണയുകമുലപ്പാലെന്‍റെ കുഞ്ഞേ