ഉരുണ്ടുകൂടുമീ
കാര്‍മേഘങ്ങള്‍ക്കു മീതെ
ഉറഞ്ഞുകൂടിയ
നീര്‍ത്തുള്ളികള്‍ ചോദിക്കുന്നത്
നീയും
കേട്ടില്ലേ ?
" എന്തെ നിങ്ങള്‍ പ്രണയി ച്ചില്ല .........?"
" എന്തെ നിങ്ങള്‍ പ്രണയി ച്ചില്ല .........?"
ഒരുമയുടെ
നൂല്‍ക്കുരുക്കിനു മുന്നില്‍
നീ തലതാഴ്ത്തും മുമ്പേ
നിനക്ക് ഞാന്‍
എല്ലാമായിരുന്നു
എനിക്കു നീയും
അതിര്‍മറയില്ലാത്ത
നമ്മുടെ ഭൂമികയില്‍
സമയസൂചിക ചിലമ്പിയതില്ല
ആവശ്യങ്ങളുടെ പട്ടികയില്‍
നീ
അമ്പിളിമാമനെ ചേര്‍ക്കും മുമ്പേ
എന്റെ
പാച്ചില്‍ പട്ടികയില്‍
അത്
ഒന്നാമതായിരുന്നു
ആര്‍ദ്രമായ
കുളിര്‍രാവുകളിലെ
നമ്മുടെ
അടക്കം പറച്ചിലുകളോട്
കുശുമ്പുകൂടിയ
കുരുവികള്‍ക്കും
കുറ്റിമുല്ലക്കും
കുഞ്ഞിക്കാറ്റിനും
നാം
കാതു നല്‍കിയില്ല
കണ്ണ് നല്‍കിയില്ല
അന്ന് നാം
പ്രണയിച്ച്ചിരുന്നുവോ .............................?
ക്ലാസ് മുറിയിലെ
സിദ്ധാന്ത പ്രസംഗപ്പെരുമഴക്കിടയിലും
കണ്ണുകള്‍ പായിച്ചു
ഹൃദയം നിറച്ച
നാം
ഇടനാഴിയിലെ ഭിത്തിയില്‍
ഇടം തോള്‍ വലം തോള്‍
ചാരി
മനസ്സ് തുറന്നപ്പോഴും
നമ്മള്‍
പ്രണയിച്ച്ചിരുന്നുവോ ......?
അടുത്തില്ലാത്ത
നിമിഷങ്ങള്‍ക്ക്
ആണ്ടു വലിപ്പം കണ്ട
നമ്മള്‍
പ്രണയിച്ച്ചിരുന്നുവോ ............?
ഇല്ല
നമ്മള്‍
പ്രണയിച്ചില്ല
പ്രണയിക്കുന്നില്ല
പ്രണയിക്കുന്നതെയില്ല
ഈ
കരിമേഘങ്ങള്‍ പറയുന്നു
മൂകത പറയുന്നു
അലസത
കതിരിട്ട നിന്റെ
തലനാരിഴകള്‍ പറയുന്നു
കാതിലൊരു
കൂരമ്പു പായിക്കുമി -
ക്കുഞ്ഞിന്റെ രോദനം പറയുന്നു
എന്റെ
ബോധവീണയുടെ
തന്ത്രികളില്‍ മധു പകരുമീ
ചഷകം പറയുന്നു
നമ്മള്‍
പ്രണയിക്കുന്നില്ല...............
നമുക്ക് പ്രണയിക്കാം
നമുക്കിനി പ്രണയിക്കാം
നമുക്കായ്
നമ്മില്‍ വിരിഞ്ഞോരീ
പ്പൂവിന്റെ പുഞ്ചിരിക്കായ്
നമ്മള്‍ പാര്‍ക്കുമി -
ക്കൂടാര മുറ്റത്ത -
പശ്രുതിയില്ലാത്ത -
വതാളമില്ലാത്ത
പവന ഗീതത്തിനായ്
നമ്മുടെ
മണ്ണിനായ്
മാനവ രാശിക്കായ്
നമുക്ക്
പ്രണയിക്കാം
നമുക്കിനി
പ്രണയിക്കാം .......................
No comments:
Post a Comment