Search This Blog

Wednesday, April 11, 2012

വിഷുപ്പുലരി

വെയില്‍ മോന്തി വറുതിയാലുറ തുള്ളി നില്‍ക്കും
വസുന്ധരേ ! നിന്നിടനെഞ്ചിലുയരുമഗ്നിയാല്‍
തൊടി നിറഞ്ഞുലയുന്ന ഹേമ വര്‍ണ്ണക്കൊലുസ്സുകള്‍
മേടപ്പുലരി നിറയ്ക്കുന്നാര്‍ദ്രമൊരു വിഷുപ്പാട്ട് ചേര്‍ത്തിതാ .

ഒരുതിരി വെളിച്ചവുമീ കൃഷ്ണശിലയു -
മിരുകണ്ണു പൊത്തിയരികിലീയുണ്ണിയും
കസവുചേല്‍താരുണ്യമഴകിട്ടു നില്‍ക്കും പുലരിക്കു
കണിയുരുളി നിറയും കനിയുമാ, മാലേയ ഗന്ധവും

ശ്രമബിന്ദു മണമൂറി മണ്ണിന്‍ പ്രസൂതികള്‍
മിഴികളില്‍ കുളിരിടും തൊടിയിലെ കളമിതില്‍
മധുവൂറുമൊരു പാട്ടിനാല്‍ വിഷുപ്പക്ഷി നീ
വ്യധയകറ്റാന്‍ ശുഭചിലമ്പുതിര്‍ക്കുമുപ്പനോടൊത്തിടുക

നീര്‍ തേടിയലയുമാ വേരിലൂടുര്‍വി തന്‍ ദാഹാഗ്നി
നേരുറയുന്ന പീതമലര്‍ച്ചിന്തായ് തൊടിയിലെ കൊന്നയില്‍
ഗ്രീഷ്മപ്പകര്‍ച്ച തന്‍ നെറുകയിലുഷ്ണദുഃഖ ങ്ങള്‍
ശീതമാകുന്നിതാ നിന്‍ പൂക്കണിപ്പുലരിയില്‍

No comments: