ഈ മുളംതണ്ടില്‍ നിന്നംഗുലീ നൃത്തത്താലൊഴുകു -
മീണമെന്‍ ജീവതാളത്തില്‍ ചേര്‍ന്നിരിപ്പൂ കണ്ണാ !!
ഈ മിഴിക്കോണിലെ സാന്ദ്രമയൂഖത്താല്‍ ,മൂകമാ -
യീ നിലാപ്പൊയ്കപോല്‍ നിന്നിലലിയുന്നു രാധ .....
നിഴല്‍ പോലെ നിന്നിന്ദ്രനീലിമച്ചോട്ടി -
ലഴലറിയാതെയമരുന്നു നിന്റെ ഗോപിക
അകതാരിലറിയാതെ നിറയുന്ന വെണ്ണക്കുളിര്‍മയാ -
യഹമൊഴിഞ്ഞാലിലത്തളിര്‍ പോലെ ചേരുന്നു രാധ ....
നീലത്തിരുവുടലാകെയായ് ഞാനൊരു
പീതപ്പുതപ്പായ് നിറഞ്ഞു നിന്നീടുവാന്‍
നിന്റെ മൗലിയിലിളം നൃത്തമാടും മയില്‍പ്പീലി പോല്‍
നിന്‍ നിദ്ര ചേര്‍ന്നാപ്പൂമെത്തയാകാന്‍ കൊതിക്കുന്നു രാധ...
ഇളം ജോത്സ്ന തൊട്ടുകുളിര്‍പ്പിക്കുമീ മലര്‍ വാടിയി -
ലളി തന്‍റെ ചുംബനക്കൊതിയൂറി നില്‍ക്കും പ്രസൂനമായ്
ഇളവേറ്റു നില്‍കുന്നു ഞാനീയിളം തെന്നല്‍ചിറകിലായ് നിന്‍
മുളം തണ്‍ടൊഴുക്കും പ്രണയരാഗം കാതോര്‍ത്തു രാധ.........
No comments:
Post a Comment