Search This Blog

Thursday, July 28, 2011

രാധാ കൃഷ്ണാ !!!

ഈ മുളംതണ്ടില്‍ നിന്നംഗുലീ നൃത്തത്താലൊഴുകു -
മീണമെന്‍ ജീവതാളത്തില്‍ ചേര്‍ന്നിരിപ്പൂ കണ്ണാ !!
ഈ മിഴിക്കോണിലെ സാന്ദ്രമയൂഖത്താല്‍ ,മൂകമാ -
യീ നിലാപ്പൊയ്കപോല്‍ നിന്നിലലിയുന്നു രാധ .....

നിഴല്‍ പോലെ നിന്നിന്ദ്രനീലിമച്ചോട്ടി -
ലഴലറിയാതെയമരുന്നു നിന്റെ ഗോപിക
അകതാരിലറിയാതെ നിറയുന്ന വെണ്ണക്കുളിര്‍മയാ -
യഹമൊഴിഞ്ഞാലിലത്തളിര്‍ പോലെ ചേരുന്നു രാധ ....

നീലത്തിരുവുടലാകെയായ് ഞാനൊരു
പീതപ്പുതപ്പായ് നിറഞ്ഞു നിന്നീടുവാന്‍
നിന്റെ മൗലിയിലിളം നൃത്തമാടും മയില്‍പ്പീലി പോല്‍
നിന്‍ നിദ്ര ചേര്‍ന്നാപ്പൂമെത്തയാകാന്‍ കൊതിക്കുന്നു രാധ...

ഇളം ജോത്സ്ന തൊട്ടുകുളിര്‍പ്പിക്കുമീ മലര്‍ വാടിയി -
ലളി തന്‍റെ ചുംബനക്കൊതിയൂറി നില്‍ക്കും പ്രസൂനമായ്
ഇളവേറ്റു നില്‍കുന്നു ഞാനീയിളം തെന്നല്‍ചിറകിലായ് നിന്‍
മുളം തണ്‍ടൊഴുക്കും പ്രണയരാഗം കാതോര്‍ത്തു രാധ.........

Tuesday, July 26, 2011

നീയും ഞാനും

നിന്നിലേക്കിറ്റുന്ന നാദമെന്നുള്‍ത്തുടിപ്പാണുണ്മയാമി -
തൊന്നാണെന്ന നിന്നറിവാണെന്റെ ജീവനുമീ വെളിച്ചവും
മണ്ണിലേക്കലിയുന്ന നിന്‍റെ ദേഹമതെന്നഞ്ചിന്ദ്രിയങ്ങളു-
മെണ്ണുവാനാവാത്ത ദേഹിയെന്നാത്മാവുമീ ഞാനും

നീ

ഒരു വേള നിന്നിലെക്കൊന്നു നോക്കിയാലറിയാമറിയാത്തതാ -
യൊരുപാട് നിന്നില്‍ നിരനിരയായ് നില്പതുണ്ടിനിയുമെന്നു
നിറം ചാര്‍ത്തി നിന്നെ നിന്നില്‍ നിന്നകറ്റി നീയല്ലാതെയാകുംപോഴും
നിഴല്‍ നിന്‍റെതസിതാത്മാമതു മാറ്റമില്ലാത്താതെന്നറിയുവതെന്നു നീ

Thursday, July 14, 2011

എനിക്കും നിനക്കും ഇടയില്‍............

ആത്മാവുപേക്ഷിച്ച ടീച്ചറുടെ ശരീരം ചിതയിലേക്കെടുക്കുമ്പോള്‍ ശിരോസ്ഥാനത്ത് താങ്ങായി നിന്ന എന്റെ കൈകള്‍ക്ക് വിറയലോ എന്തൊക്കെയോ ആയിരുന്നു .ഒരു മകന്‍ ചെയ്യേണ്ട കര്‍മങ്ങള്‍ മകനെപ്പോലെ ആയിരുന്ന ഈ ശിഷ്യനെക്കൊണ്ടു ടീച്ചര്‍ ചെയ്യിപ്പിക്കുന്നത് പോലെ , ജീവന്‍ അകന്നപ്പോഴും ആജ്ഞാപിക്കുന്നത് എനിക്ക് കേള്‍ക്കാം .അത് മാത്രമായിരുന്നു എന്റെ കൈബലം .
ഒരു ദിവസ്സത്തെക്കായിപ്പോലും നാട്ടിലെത്തിയാല്‍ എന്റെ ടീച്ചറെ കാണാതിരിക്കാന്‍ എനിക്കാവുമായിരുന്നില്ല . മുറ്റത്തെ ഇലഞ്ഞി മരച്ചോട്ടില്‍, വിശ്വാസങ്ങളുടെ മൈതാനത് പൊങ്കാലയിട്ട് സമയം കളയാതെ അക്ഷരങ്ങളുടെ ലോകത്ത് മുഴുകിയ ഒരു പരിണിതപ്രജ്ഞ, ഒരു അന്തിത്തിരി കൊളുത്തി എണ്ണ പുരണ്ട വിരലുകള്‍ മുടിയിഴകളില്‍ തൂത്തു, തൊഴുതു നില്ക്കുന്ന കാഴ്ചയോടെ യാണ് ഞാനും മോനും കയറി ചെന്നത് .ഏകദേശം ഒരു വര്‍ഷത്തെ ഇട വേളയ്ക്ക് ശേഷം ഉള്ള കാഴ്ച പരിഭവങ്ങളുടെ മുക്കൂട്ടു മുഖത്ത് പുരട്ടി ഒന്നും മിണ്ടാതെ നോക്കി അങ്ങനെ നിന്നപ്പോ അറിയാതെ കണ്‍ നിറഞ്ഞു പോയി .എന്റെയം ടീച്ചറിന്റെയും മുഖത്ത് ഒന്നും മനസ്സിലാകാതെ എന്റെ മോന്റെ മാറിമാറി യുള്ള നോട്ടം .ഒരു പക്ഷെ അവന്റെ ചെറിയ മനസ്സും സംശയിച്ചിരിക്കണം അവന്റെ അച്ഛന് ഈ അമ്മ എന്തായിരിക്കാം എന്ന് .പഴയ തറവാട്ടു വീടിന്റെ ഉമ്മറത്തെ അരഭിത്തിയില്‍ ഭാഷയുടെ ജനന വികാസങ്ങളെ ഗവേഷണം നടത്തി ശുദ്ധ സ്ഫുട ചൊരിയല്‍ കൊണ്ടു ചിന്തകളില്‍ ഹരിതം വിളയിച്ച ഒരു പ്രൌഢിയുടെ അരികില്‍ ഒന്നും പറയാനാവാതെ അരികിലേക്ക് തല ചായ്ക്കുമ്പോള്‍ എന്നൊക്കെയോ നുള്ളി നോവിച്ച വിരലുകള്‍ എന്റെ മുടിയിഴകളിലൂടെ ഇഴഞ്ഞു നീങ്ങുന്നുണ്ടായിരുന്നു .അരികില്‍ നിന്ന എന്റെ മോനെ ഞാന്‍ മറന്നെങ്കിലും അവന്‍ ടീച്ചറുടെ ഇടം കൈയ്യൊ തുക്കത്തില്‍ അലിഞ്ഞിരുന്നു .
"എല്ലായ്പ്പോഴതെയും പോലെ നീ ഇത്തവണയും മുഖം കാട്ടി യാത്ര പറയാന്‍ വന്നതാണോ ?"
ഞാനൊന്നും പറഞ്ഞില്ല
" എന്ത് തിരക്കുണ്ടെങ്കിലും ഇത്തവണ പത്തു ദിവസ്സം കഴിഞ്ഞു പോയാല്‍ മതി "
നിഷേധിക്കാന്‍ ആവാത്ത ഒരാജ്ഞയുടെ മുന്നില്‍ ഞാന്‍ നാവടക്കി .
അപ്പോഴേക്കും മോന്റെ വക പരിഭവം ടീച്ചറോടായി.
" അച്ഛന്‍ എന്ന് വന്നാലും ഇങ്ങിനെയാ ."
"രണ്ടു ദിവസ്സം കഴിയുമ്പോഴേക്കും കമ്പനീന്ന് ഫോണ്‍ എത്തും."
"ഞങ്ങള്‍ സ്കൂളില്‍ പോകുന്ന തക്കം നോക്കി ഒറ്റമുങ്ങല്‍ "
"ഇത്തവണ ടീച്ചര്‍ അമ്മ അച്ഛനെ വിടല്ലേ "
"ഇല്ല മോനെ അവന്‍ പോകില്ല .അവനങ്ങനെ പോകാനാവില്ല "
അവനിവിടെ കുറെ ഉത്തരവാദിത്തങ്ങള്‍ ഞാന്‍ കൊടുക്കാന്‍ പോകുവാ "

എനിക്കൊന്നും പറയാന്‍ കഴിഞ്ഞില്ല .എന്റെയുള്ളിലൂടെ നേര്‍ത്ത ഒരു തീ നാളം എങ്ങോട്ടൊക്കെയോ പാഞ്ഞു നടക്കുന്നത് പോലെ .അമ്മയിലെക്കുള്ള ദൂരം വര്‍ഗ്ഗ ഗുണിതമാക്കി കുറിച്ച് എന്തിനൊക്കെയോ ഉയരെ നിന്ന് വഴിപാടു ബന്ധം നടത്തുന്ന ഒരു മകനെയും ഒരു മകളെയും പ്രസവിച്ച ടീച്ചര്‍ക്ക് ഞാന്‍ എന്തൊക്കെയോ ആയിരുന്നു .ഈ ഞാന്‍ എങ്ങിനെ ടീച്ചര്‍ക്ക് ഉള്ളതായി എന്നല്ലേ നിങ്ങടെ ചോദ്യം .മലബാറിലെ ഒരു തറവാട്ടില്‍ നിന്നും ടീച്ചര്‍ പരിശീലനം നേടാന്‍ എന്റെ വീടിനടുത്ത ട്രെയിനിംഗ് സ്കൂളില്‍ വിദ്യാര്‍ഥിയായി എത്തിയ ടീച്ചര്‍ താമസിച്ചത് അന്നത്തെ രണ്ടാം ക്ലാസുകാരനായിരുന്ന എന്റെ വീട്ടില്‍ .മലബാറില്‍ അദ്ധ്യാപകനായിരുന്ന വല്യേട്ടന്റെയും ഏടത്തിയമ്മയുടെയം ശുപാര്‍ശ അച്ഛന്റെ മുന്നില്‍ ടീച്ചറും ടീച്ചറുടെ അച്ഛനും ചേര്‍ന്ന് നല്കുമ്പോ എന്റെ അമ്മയെ വിളിച്ച് " നമ്മുടെ ശ്രീദേവിയുടെ മുറി തന്നെ ഈ മോള്‍ക്കും കൊടുക്ക്‌ .." എന്ന് പറയുന്നത് ഓര്‍മയുടെ ഓരത്തൂടെ ഒരു മിന്നായം പോലെ പോകുന്നുണ്ട് .
ടീച്ചറിന്റെ അച്ഛനെ ഒരാഴ്ചത്തേക്ക് എന്റെ അച്ഛന്‍ വിട്ടതെയില്ല .പഴമയുടെ പൂമുഖതിരുന്നു രണ്ടു കര്‍ഷക മനസ്സുകള്‍ താംബൂല ചര്‍വണം നടത്തി കഥകള്‍ പങ്കുവയ്ക്കുന്നത് ഒരു കാഴ്ചതന്നെ യാണേ.....
പഠനക്കാര്യത്തില്‍ , ഏറ്റവും ഇളയവര്‍ക്ക് കിട്ടുന്ന സ്വാതന്ത്ര്യത്തെ മുച്ചൂടെ മൂടിപ്പുതച്ചു നടന്ന എന്റെ മേല്‍ ഒരു കൂച്ച് വിലങ്ങാകും ഈ ടീച്ചര്‍ എന്ന് ഞാന്‍ നിരീച്ചെയില്ല.എന്തുകൊണ്ടോ ഈ കൂച്ച് വിലങ്ങിനോട് ഞാന്‍ താമസം വിന താദാത്മ്യം പ്രാപിച്ചു .അവിടെ ഭയത്തിനും ഭക്തിയ്ക്കും മേലെ എനിക്ക് എന്തൊക്കെയോ ആയിരുന്നു ടീച്ചര്‍ .വല്യേട്ടനും ഞാനും തമ്മിലുള്ള പ്രായത്തിന്റെ അന്തരം വളരെ വലുതായിരുന്നു .ഇതുകൊണ്ട് തന്നെ എങ്ങിനെയോ വളര്‍ന്നു വന്ന ഒരു ഒറ്റപ്പെടലോ അതിനുമപ്പുറം എന്തോ ടീച്ചര്‍ തുടച്ചു മാറ്റുന്നത് പോലെ എനിക്ക് അനുഭവപ്പെട്ടു .എന്റെ അമ്മയേക്കാള്‍ എന്ന് മിക്കപ്പോഴും എനിക്ക് പറയേണ്ടി വരുന്നുമുണ്ട് .
ടീച്ചറിന്റെ കല്യാണം എന്റെ വീട്ടു മുറ്റത്തു വച്ചായിരുന്നു .അതും ഒരു മലബാറുകാരന്‍ തന്നെ .ഇക്കാര്യത്തില്‍ അച്ഛന്റെയും അമ്മയുടെയും നിര്‍ബ്ബന്ധത്തിനു മുന്നില്‍ ടീച്ചറിന്റെ കുടുംബം ഒന്നടങ്കം വഴങ്ങി .പഠന ശേഷം അദ്ധ്യാപികയായി ജോലി ഞങ്ങളുടെ അടുത്തുള്ള സ്കൂളില്‍ കിട്ടുന്നതിനു അച്ഛന്റെ പരിശ്രമം ഒട്ടും കുറവായിരുന്നില്ല .ഒരു മകള്‍ക്ക് നല്‍കേണ്ട എല്ലാം എന്റെ അച്ഛനും അമ്മയും ടീച്ചര്‍ക്ക് നല്‍കിയിരുന്നു .റവന്യൂ ഉദ്യോഗസ്ഥനായിരുന്ന ടീച്ചറുടെ ഭര്‍ത്താവ് ഞങ്ങളുടെ നാടിലേക്ക് സ്ഥലം മാറ്റം വാങ്ങി എത്തി .അച്ഛന്റെ തന്നെ പരിശ്രമം ഞങ്ങളുടെ കുടുംബവുമായി ബന്ധമുള്ള തറവാടും പറമ്പും ടീച്ചര്‍ക്കായി വാങ്ങുന്നതില്‍ ഏറെ പങ്കു വഹിച്ചു .
അദ്ധ്യാപികയുടെ പരിശുദ്ധി ഒരു നിലവിളക്ക് പോലെ ടീച്ചറില്‍ തെളിഞ്ഞു നില്‍ക്കുമ്പോഴും പറന്നകന്ന ബന്ധങ്ങളെക്കുറിച്ചുള്ള പരിഭവം പരിസരത്തൂടെ ഒഴുകിയ കാറ്റിനു പോലും അറിയാമായിരുന്നില്ല .പക്ഷെ ബന്ധങ്ങളുടെ സാന്ദ്രമായ കുളിര്മയെക്കുറിച്ച് ടീച്ചര്‍ പലപ്പോഴും എന്നോട് പറയുമ്പോള്‍ എന്നിലേക്ക്‌ ഒഴുകി എത്തിയ ആ വാക്കുകളില്‍ താന്‍ അനുഭവിക്കുന്ന വേദനയുടെ ഒരു നീരോട്ടം എനിക്ക് അനുഭവപ്പെടുന്നുന്ടായിരുന്നു.ഒരു പക്ഷെ ഞാന്‍ മാത്രം അറിയാന്‍ ടീച്ചര്‍ മനപ്പൂര്‍വം ആ വാക്കുകളില്‍ ചേര്‍ത്ത് വച്ചതാവാം .
അധികാര സ്വാതന്ത്ര്യം പൂര്‍ണമായി ചേര്‍ത്ത് വച്ച് എന്നെ എടാ ന്നുള്ള വിളി ടീച്ചറിനും എനിക്കും ഇടയില്‍ ഉള്ള ദൂരത്തിന്റെ അളവ് പൂജ്യം ആണെന്ന് എന്നെ ഓര്‍മ്മിപ്പിക്കാറുണ്ട്.
എന്റെ അവധിക്കാര്യത്തില്‍ ടീച്ചറിന്റെ തീരുമാനത്തിന് മറുത്തൊന്നും പറയാന്‍ എനിക്കായില്ല .ഘനം തൂങ്ങി നിന്ന ഇരുട്ടിലേക്ക് പ്രകാശ രേഖാസമന്വയം പായിച്ചു തരുമ്പോള്‍ ടീച്ചര്‍ പറഞ്ഞു "സുനന്ദയോടു പറ ഇന്നെനിക്കുള്ള ചോറ് കൂടി വിളമ്പിക്കോളാന്‍.ഞാന്‍ പുറകാലെ എത്താം,കല്യാണിയെയും കൂട്ടി .ഇന്നെനിക്കു നിന്നോടൊപ്പം ഉണ്ണ ണം.കാലം നമുക്കായി കാത്തിരിക്കില്ലല്ലോ" ഒടുവിലത്തെ വാചകം എന്നെ എന്തോ സ്ഥബ്ദനാക്കി .

മക്കളും സുനന്ദയും ഞാനും ചേര്‍ന്നുള്ള അന്നത്തെ അത്താഴമൂണ്‌ ടീച്ചറിന് എന്തൊക്കെയോ പറഞ്ഞറിയിക്കാന്‍ കഴിയാത്ത ആഹ്ലാദം പകര്‍ന്നിരുന്നു .അകലെ ഉയരത്തുള്ള മോനും മോള്‍ക്ക്‌ മൊപ്പം കൊച്ചു മക്കളുടെ കുറുമ്പ് കള്‍ക്ക് കണ്ണും കാതും നല്‍കാന്‍ ഭാഗ്യമില്ലാതത്തിന്റെ കേടു ടീച്ചര്‍ എന്റെ മക്കളിലൂടെ തീര്‍ക്കും .എന്നാലും ഒരു പേറ്റു നോവിന്റെ നൊമ്പരം ടീച്ചറെ പിന്തുടരുന്നു എന്നത് എനിക്കറിയാം .അതുകൊണ്ടു തന്നെ ഞാന്‍ എന്റെ സ്നേഹതൂവലുകള്‍ സുനന്ദയോടും മക്കളോടുമോപ്പം ടീച്ചര്‍ക്ക് സമ്മാനിക്കും .അവയെല്ലാം ടീച്ചര്‍ ഈറന്‍ പുരളാതെ സൂക്ഷിക്കും .
ടീച്ചര്‍ എന്റെ മോനെ മടിയിലിരുത്തി ചോറൂട്ടുമ്പോ ഒടുവില്‍ ഒരുരുള എനിക്കും നല്‍കി .....
ഇറങ്ങുമ്പോ ടീച്ചര്‍ പറഞ്ഞു
"മോനെ !
നീ നാളെ കാലത്ത് തന്നെ എന്റെ അടുക്കലേക്കു വരണം .നിനക്കല്പം ജോലി ഞാന്‍ തരുന്നുണ്ട് ."
ഒരു പക്ഷെ എന്നെ ആദ്യമായി ആവണം ടീച്ചര്‍ മോനെ എന്ന് വിളിച്ചത് .ആ വിളി ഒരമ്മയുടെ ആര്‍ദ്ര സ്നേഹത്തിന്റെ കാച്ചിക്കുറുക്കിയ വിളി ആയിരുന്നു .എന്തോ എനിക്കുറക്കം വന്നില്ല ,സുനന്ദയ്ക്കും .ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും ഒന്നും പരസ്പരം പറയാന്‍ ആവാത്തത് പോലെ .കാലത്ത് തന്നെ ഞാന്‍ ടീച്ചറുടെ അടുക്കലേക്കു പോന്നു .പിന്നാലെ സുനന്ദയും . പുലര്‍ച്ചെ തന്നെ ടീച്ചര്‍ പതിവ് തെറ്റാതെ ഉണര്‍ന്നിരുന്നു .ആ കണ്ണുകള്‍ എന്നെ കാത്തിരുന്നത് പോലെ .എന്റെ കൈ പിടിച്ചു ഉമ്മറത്തെ അരമതിലിന്റെ അടുത്തെക്കെത്തി.അങ്ങിങ്ങ് നര വീണ എന്റെ മുടിയിഴകളിലൂടെ ആ നനുത്ത വിരലുകളുടെ ഇഴയല്‍ .കണ്ണടച്ച് ആ മടിയിലേക്ക്‌ തലചായ്ച്ച എന്റെ കവിളില്‍ പതിച്ച ഒരു നീര്‍ക്കണം എന്നെ ബോധതലത്തിലേക്ക് എത്തിക്കുമ്പോഴേക്കും സുനന്ദയുടെ കൈത്തലങ്ങളിലേക്ക് ചാഞ്ഞ ടീച്ചറുടെ ചുണ്ടില്‍ വീണ്ടും മോനെ !!! എന്ന വിളിയും എന്റെ തോളില്‍ ഒരു ഇറുക്കിപ്പിടുത്തവും .
അതെ
എന്നും ഞാനോര്‍ക്കും
ടീച്ചര്‍ !!
എനിക്കും നിനക്കും ഇടയില്‍.............

Tuesday, July 12, 2011

അമ്മേ നിന്‍ മടിത്തട്ടില്‍ ...

മുടിയിഴകളില്‍ മൃദുതരം നിന്‍ വിരലോട്ടിക്കുളിര്‍പ്പിച്ചാ -
മടിയിലെനിക്കിത്തിരി തല ചായ്ച്ചുറങ്ങണം
അറിവിതമൃതായ് ചുരന്നു നില്‍ക്കും കുചമൊത്തിരി
നുകരണമകമറിയണമീവിറയകന്നീടണം

നിറമിതു നൂറുമതായിരമതിലേറെയായിടാം
നിഴലിനിതേകനിറം കറുപ്പായ് ചുവടു ചേര്‍ന്നു നില്പൂ
പൊരുളു പറഞ്ഞിത്തിരി വെട്ടമിറ്റാന്‍
ഇരവിലുമക്കരമൊരു കുളിരായ് പുണര്‍ന്നീടണം

ചൊടിയിണ ചേലിലൊഴുക്കി നില്‍ക്കും മധുചിരി
ചിരമൊരു നിറവായ്‌ നിറയ്ക്കണമെന്നിലമ്മേ
തിരുകരമൊന്നു തൊട്ടുഴിഞ്ഞാ നിനവു പകര്‍ന്നാല്‍
മരുവുമതെന്നിലെന്നും നിന്‍ തന്ത്രിഗീതമായ്

മൊഴിയിലെതെന്നുമൊഴുകി നിറഞ്ഞു നില്‍ക്കും മധുവായ്
അഴകു മുഴുത്തുതിരുക നിന്‍ നീരജദളമതുപോല്‍
മുഴുകി നിറഞ്ഞു നില്‍ക്കും നിന്‍ വിരലുകളത്തന്ത്രി -
യിഴയിണയിലുതിര്‍ക്കും സ്വരമാക്കുകെന്‍ വാക്കും

നാവിലിതെന്നും നൃത്തമിതാടുക നാവായ്‌ നില്‍ക്ക
നാഴികയൊഴിയാതെന്‍ തേജസ്വിനി നിന്‍ കാതും നല്‍ക.

Thursday, July 7, 2011

അഹം

എന്‍റെയുള്ളിലെ ഞാനില്‍ നീയാം മഴ ഗര്‍ഭത്തിന്‍ -
കണ്ണാലൊട്ടല്ലാതെ നീര്‍ നിറയ്ക്ക ഞാന്‍ കുളിര്‍ക്കട്ടെ.
എന്നിലേക്കെത്തുമോരോ കണത്തിലുമെന്നാത്മാവു ചേര്‍ത്തു
നിന്നെ ഞാന്‍ കാണും ,നിന്‍റെ കാതുമെനിക്കു നല്‍ക.

Wednesday, July 6, 2011

മഴ

കടലാസ്സു വഞ്ചിയില്‍ കലിതുള്ളി വീണോ -
രിടവക്കുളിര്‍പ്പെരുംപറയാണെന്റെ മഴ
കടലിരമ്പം പോലുയരേന്നുതിരുമ്പോള്‍
കുട നിവര്‍താനുള്ളാജ്ഞമേല്‍ കൊഞ്ഞനം കുത്തി ഞാന്‍

പുരപ്പുറചായ്‌വില്‍ നിരന്നുതിരും മഴനൂല്‍ചുവട്ടില്‍
ചിരിയുതിര്‍ത്തമ്മാനമിട്ടെന്നിളം കൈത്തലങ്ങള്‍
ചിതറിത്തെറിക്കും കൊച്ചു വെള്ളിത്തിളക്കങ്ങള്‍
ചുംബനം കൊള്ളും കവിള്‍തടത്തിലമ്മക്കൈച്ചൂടിന്നിളവേല്പും

ഇറ്റിറ്റു നില്‍ക്കും മഴത്തുള്ളിയെന്‍ കൊച്ചു മുറ്റത്തു
മൊട്ടിട്ട നീര്‍പോളയീ കണ്ണുമെന്‍ കാതും കടമെടുത്തു
ഒട്ടകലേക്കു മാറിയറ്റോരാശ്രയത്തുമ്പി -
ലൊട്ടുമാത്രയിലാത്മാവു വിട ചൊല്ലിയകലുന്നു

ഒഴിയാതെ നില്‍ക്കും മരപ്പെയ്ത്തിലീണം കൊരു-
ത്തുഴിയാനൊഴുകിയടുക്കുന്നിളം കാറ്റിനോടും
ചിതറിച്ചിലംപിച്ചികയാനിറങ്ങുമിലപ്പുള്ളിനോടും
പറയാതകന്നൊരെന്‍ മഴയോടു പരിഭവം ചൊല്ലാന്‍ പറഞ്ഞു ഞാന്‍


പുഴ പോലെയെന്റെ മുറ്റത്തു കളി പറഞ്ഞകലുംപോള്‍
മഴക്കുഴിശ്ശേഷിപ്പു ചിതറിയിട്ടൊളിവില്‍ നില്‍ക്കുന്നുവോ
കണ്‍വെട്ടമെന്റെ മേല്‍ കൊരുക്കുന്ന നോവില്‍
ചിന്നിച്ചിണുങ്ങി ഞാന്‍ നിന്നോട് ചേരാന്‍ കൊതിച്ചു


ഉഷ്ണ യൌവ്വനത്തിന്റെ നെറുകയില്‍ ദീര്‍ഘമായ്
തൊട്ടുഴിഞ്ഞിരുകൈ മുറുക്കും കുളിര്‍പ്പെണ്ണു നീ
മൂര്‍ദ്ധാവിലൊരു ചാലു തീര്‍ത്തെന്നാപാദ സിരകളില്‍
തീഷ്ണനുരയുതിര്‍ത്തെല്ലാം മറക്കാന്‍ പറഞ്ഞവള്‍


മുത്തു പോലെയാക്കവിള്‍ച്ചായ് വിലെ ബാഷ്പക്കുളിരില്‍
മുത്തമിടീച്ചെന്നെയെന്നില്‍ നിന്നും പറിച്ചെടുക്കുമ്പോള്‍
ഉത്തരം നല്‍കാനാവാതെയകലെയെങ്ങോ ഞാ -
നൊത്തിരി ചോദ്യശരത്തുമ്പിലാലില വിറയലായ്