Search This Blog

Tuesday, February 21, 2012

എന്റെ വൃന്ദാവനക്കാറ്റില്‍.........

ഉള്ളിലെ നീറ്റലിന്‍ നോവാല്‍ പടരും കയ്പ്പുനീര്‍
കണ്ണാ ! നിന്‍ മുളംതണ്ടിലാ വിരല്‍നൃത്തമേറ്റെടുക്കും
നൈവേദ്യമായൊരുക്കുമീക്കവിതയില്‍
നല്ലോടക്കുഴല്‍പ്പാട്ടിന്‍ മധുരം നീ ചേര്‍ക്കൂ

ചിന്തുകള്‍ പാടിയീ ചിറകുകള്‍ നീര്‍ത്തി നിന്‍
വൃന്ദാവനത്തിന്റെ ശ്വാസമായലിഞ്ഞിടട്ടെ
എന്നുമീക്കാതിലാ വേണുരാഗങ്ങളെ
പൊന്നായ്ക്കൊരുക്കാന്‍ കൊതിക്കുന്നു ഞാന്‍

ഈ ക്കാറ്റിതേറ്റു തരുന്നോരീയമ്പാടിപ്പൂമണം
നീയായി നിറയും തുളുമ്പുമെന്നിലെന്നും
ഈ നീലക്കടമ്പിന്റെ ശീതളഛായില്‍
ഞാനെന്നെ മറന്നലിയുന്നു നിന്നിലായി

യമുനയിന്നെനിക്കായൊരുക്കും കുളിര്‍പ്പുടവ -
യിമപൂട്ടി നിറച്ചാര്‍ത്തായ്, നീയായണിഞ്ഞിടട്ടെ
മധുവൂറി നിറയും മനസ്സിലായ്‌ കണ്ണാ ! നിന്‍
മധുരിമച്ചേലുകളൊഴിയാതൊരുക്കിടട്ടെ

വൃന്ദാവനത്തിലെന്റെ മണ്‍ കുടില്‍ ക്കോണില്‍
മന്ദാരച്ചാര്‍ത്തുമായി നില്‍ക്കും മണ്‍ചിരാതില്‍
ഹേമമയൂഖമായ് തെളിയുമെന്നാത്മാവില്‍
ശ്യാമവര്‍ണ്ണാ നിന്റെ കണ്‍കോണൊരു മാത്ര തന്നുവെങ്കില്‍

വണ്ടാല്‍ തുളച്ചോരീ തണ്ടിന്റെ ചുണ്ടിലായ്
വൃന്ദാവനക്കാറ്റു ചുംബനം കൊണ്ടു മയങ്ങുമ്പോള്‍
മധുരക്കുളിര്‍ രാഗമെന്റെ കാതോരവും
മണമൂറി മലര്‍വാടിയായ് നീയെന്റെയകതാരിലും

നൃത്തമാടിത്തളരാതെ മൌലിയിലെന്നുമായ് നില്‍ക്കും
സപ്തവര്‍ണ്ണത്തുണ്ടില്‍,എന്നിണ്ടല്‍ കൂടി ചേര്‍ത്തിടട്ടെ
പയ്മ്പാല്‍ മണക്കുമാ ചുണ്ടില്‍ ചുംബനപ്പൂവായ്
മെയ്മനം മറന്നൊരു പുല്ലാംകുഴലായ് ചേര്‍ന്നിടട്ടെ

Sunday, February 12, 2012

ശ്രാദ്ധം

സ്നേഹാര്‍ദ്രമാകുമീയാത്മാവു,നിന്‍ ഉയിര്‍ തിളങ്ങും
മോഹമുദ്രകളൊളി പാര്‍ക്കുമാര്യവേപ്പില്‍ തളച്ചു നിര്‍ത്തുക
ഒരു തിരി വെളിച്ചം കൊളുത്തുകീ സന്ധ്യാനെറുകയി -
ലുരുകി നിറയുന്ന നിന്നഴലിന്റെ താലമര്‍പ്പിക്ക.

തലമുറകളിലെത്രയോ കനി നിറച്ചതിര്‍മറന്നു
തണലിട്ട പുളിമാവ്, ശിഖരമടര്‍ത്തിച്ചിത നിറയ്ക്കുമ്പോ -
ളണ പൊട്ടിയൊഴുകും കണ്ണുനീര്‍ച്ചാലുക -
ളിണചേര്‍ത്തു നീയൊരു നദിയൊരുക്ക .

ദാഹിച്ചു നില്‍ക്കുമീ മണ്ണിന്റെ നാവിലേക്കിറ്റും
നീരായി നിറയട്ടെ നിന്റെ കണ്ണീര്‍ക്കണങ്ങള്‍
ചാവുഭയമലട്ടുമീ ഹരിതരേണുക്കള്‍ നേരിനാ -
ലാവോളമുയിരാലുയരട്ടെ ,വേരുറയ്ക്കട്ടെ .

കരളിന്റെ യാര്‍ദ്രാതകളരുമയ്ക്ക്‌ പങ്കു വയ്ക്കുമ്പോ -
ലരികത്തെയാത്മ ബന്ധങ്ങള്‍ക്ക് നീ കണ്ണുമേക .
അരികത്തെയാതുരതകള്‍ക്കൊരു വിരല്‍ത്തുമ്പു നല്‍കി
നിറയുന്ന ഹൃദയക്കുളിരില്‍ നിന്റെ ജീവനര്‍പ്പിക്ക .

ചിതക്കൊള്ളി വാ പിളര്‍ന്നുറയാനൊരുങ്ങുമ്പോ -
ളിടംതോള്‍ ചുമക്കും കടപ്പാടിന്‍ കലമുടയ്ക്ക .
തീനാവു നീട്ടിത്തിറയാടി നില്‍ക്കുമ്പോളാ
നാവിലാളോഹരിയഹങ്കാരമരച്ചു തേച്ചീടുക

അകലുന്ന ദേഹിയും ചാരമായമരുന്ന ദേഹവു -
മരികത്തു ചേര്‍ക്കാതെ പോയതിലറിവു ചാലിച്ചു കൊള്ളുക
ചാലുകളൊഴുകിപ്പടു വീണ കണ്‍തടത്തിലുയിര്‍ -
ചേര്‍ന്ന വിരല്‍ത്തുമ്പിന്‍ ചൂടു പകര്‍ന്നു നല്‍ക.

ഇലക്കോണിലാ വെള്ളരിച്ചോറുരുളയില്‍
ബലിക്കാക്ക കൊത്താനിനിനിന്നഴലിന്‍ തിലമണികള്‍ തൂക
വിരലിന്റെ ചോട്ടിലായണിയും ദര്‍ഭക്കുടുക്കില്‍
വയര്‍ കാളി നില്‍പ്പോര്‍ തന്നലമുറകള്‍ കൊരുക്ക