Search This Blog

Tuesday, July 12, 2011

അമ്മേ നിന്‍ മടിത്തട്ടില്‍ ...

മുടിയിഴകളില്‍ മൃദുതരം നിന്‍ വിരലോട്ടിക്കുളിര്‍പ്പിച്ചാ -
മടിയിലെനിക്കിത്തിരി തല ചായ്ച്ചുറങ്ങണം
അറിവിതമൃതായ് ചുരന്നു നില്‍ക്കും കുചമൊത്തിരി
നുകരണമകമറിയണമീവിറയകന്നീടണം

നിറമിതു നൂറുമതായിരമതിലേറെയായിടാം
നിഴലിനിതേകനിറം കറുപ്പായ് ചുവടു ചേര്‍ന്നു നില്പൂ
പൊരുളു പറഞ്ഞിത്തിരി വെട്ടമിറ്റാന്‍
ഇരവിലുമക്കരമൊരു കുളിരായ് പുണര്‍ന്നീടണം

ചൊടിയിണ ചേലിലൊഴുക്കി നില്‍ക്കും മധുചിരി
ചിരമൊരു നിറവായ്‌ നിറയ്ക്കണമെന്നിലമ്മേ
തിരുകരമൊന്നു തൊട്ടുഴിഞ്ഞാ നിനവു പകര്‍ന്നാല്‍
മരുവുമതെന്നിലെന്നും നിന്‍ തന്ത്രിഗീതമായ്

മൊഴിയിലെതെന്നുമൊഴുകി നിറഞ്ഞു നില്‍ക്കും മധുവായ്
അഴകു മുഴുത്തുതിരുക നിന്‍ നീരജദളമതുപോല്‍
മുഴുകി നിറഞ്ഞു നില്‍ക്കും നിന്‍ വിരലുകളത്തന്ത്രി -
യിഴയിണയിലുതിര്‍ക്കും സ്വരമാക്കുകെന്‍ വാക്കും

നാവിലിതെന്നും നൃത്തമിതാടുക നാവായ്‌ നില്‍ക്ക
നാഴികയൊഴിയാതെന്‍ തേജസ്വിനി നിന്‍ കാതും നല്‍ക.

No comments: