Search This Blog

Thursday, October 13, 2011

എന്റെ വീട്

ഇത്ര വിശാലമാമീ മണ്‍ പരപ്പുമൊത്തൊരാകാശക്കൂരയും
ചക്ര വാളത്തിന്‍ മതില്‍ക്കെട്ടുമുളെളന്നാലയത്തിണ്ണയില്‍
ഇഷ്ടം നുണഞ്ഞെന്റെ മുത്തശ്ശിയോടൊത്ത് പുത്തന്‍ തഴപ്പായി -
ലൊത്തിരിയൊത്തിരി കെട്ടുകഥക്കെട്ടഴിക്കും നേരം

പത്തര മാറ്റുള്ളോരിന്ദു മുഖത്തിളക്കത്തിലെന്തമ്മേ
ഉത്തരം കിട്ടാതെയിന്നും കളങ്കപ്പാടെത്തി നില്പൂ ?
ഇത്ര മേല്‍ നാണം കുണുങ്ങുന്നോരീ രാത്രി തന്‍ നെറുകയി -
ലുത്രാടത്തിളക്കമായ് നില്പോളിവള്‍ക്കെന്തേയിത്ര ദുഃഖം ?

തെങ്ങിന്‍ ദലാഗ്രത്തിളം കാറ്റിലാടുന്ന കൂട്ടില്‍ കുരുവിക്കു
ചിങ്ങം പിറന്നെന്നറിയിപ്പിന്നുമങ്ങെത്തിയില്ലേ ?
കുരുവിച്ചിലംപിന്റെ താളങ്ങളിന്നത്തെ രാപകല്‍
മുഖരിതമാകേണ്ടതെന്തേയിവര്‍ മറന്നു പോകുന്നുവോ ?

ചിറകു നനഞ്ഞോരെന്‍ കിളികള്‍ക്കു വിറകൊണ്ട പകലുക -
ളൊരു വെയില്‍ച്ചിന്തു നല്‍കാന്‍ മടിക്കുന്നതെന്തേ ?
വയല്‍ക്കൊറ്റി മൂകമായ് വരളും വയല്‍ക്കോണിൽ
വരയിട്ടു നീന്തും മീനിനോടശനം മറന്നങ്ങു കേഴുന്നുവോ ?

ജീവന്റെ നാമ്പുകളിലെ നീര്‍വറ്റിയെന്റെയിറയത്തു
ശാപപ്പിറപ്പായ്‌ നിറയുന്നു പതിരിന്റെ കൂനകള്‍
ഹേമ ബിന്ദുക്കള്‍ തന്‍ കതിരൊന്നു കൊയ്താ മരക്കൊമ്പില്‍
പ്രേമമുണ്ടിണയോടു കുറുകാന്‍ കൊതിക്കും ശുകപ്പക്ഷിയും

കിളിപ്പാട്ടു കേട്ടുണരാന്‍ കൊതിക്കുമീയുഷപ്പെണ്‍കൊടി
തളിര്‍മുഖം വാടി നിന്‍ മിഴികള്‍ നീര്‍ച്ചാല് തീര്‍ത്തെന്തേ നില്പൂ ?
മുകില്‍ മുറിച്ചെത്തും മയൂഖ പ്രണയബിന്ദുക്കളെ
കരള്‍ ചേര്‍ത്തു മുത്തേണ്ട പൂവേ നിനക്കെന്തു പറ്റി ?

നഖമുനകളാഴ്ത്തിയീ മണ്‍ ഹൃദയവേരുകളെ
നിര്‍വ്വാസനം ചെയ്തീ മണ്ണിന്റെയന്നം മുടക്കുവോര്‍
വാതിലുകള്‍ താഴിട്ടു നില്‍ക്കുന്ന കാതിന്റെ പൂമുഖപ്പടി ചേര്‍ന്ന്
ജീവന്റെയീണം മുറിഞ്ഞിറ്റുന്ന ചോരയും പേറി പായുന്നു ,സങ്കടപ്പുഴയിതാ

ഈ മടിത്തട്ടില്‍ നിന്നാരൂഢവും കടന്നെന്റെ കണ്ണു -
ളീറന്‍ പുരണ്ടാകുലത ചുമലേറ്റിപ്പായുമ്പോള്‍
ഇഴയകന്നഴല്‍ ചുരുട്ടിയോരരികുമായെന്റെ മേല്‍ക്കൂര -
യഴകൊഴിഞ്ഞരുതുകള്‍ക്കായിരം വാതിലും പേറി

തണല്‍ ചുരന്നെന്നെ തഴുകിയുറക്കുവാനാകാതെ
താന്തോന്നി മഴയോടു പുലയാട്ടു ചൊല്ലിയകറ്റുവാനാവാതില്ലാതെ
നടുവൊടിഞ്ഞുഴറും കഴുക്കോല്‍ നിരപ്പിന്‍ പുറത്തു
ചിതലരിച്ചല്പ ജീവനായ് നില്‍ക്കും പുരത്തൂണ് മേലൊരു പാഴ്ജന്മമായ്

അകാലത്തു കൂത്താടുമാസുര മിന്നല്‍പ്പിണര്‍ക്കൂട്ടങ്ങള്‍
മൂക കവചമാമെന്റെ ഭിത്തിക്കു വിള്ളലിട്ടട്ടഹസ്സിക്കുന്നു .
ഒളിവിലീ ചുമരിന്‍ ചുവടു മാന്താനധിനിവേശാഖുക്ക -
ള ളവതിരുകള്‍ മുറിയ്ക്കുന്നു മൂകശാസനത്തിന്‍ മുന്നില്‍

ചിതയൊരുക്കാനാമ്ര ശിഖരങ്ങളില്ല
ചിതക്കൊള്ളി വയ്ക്കാനാത്മബന്ധങ്ങളില്ല
ചിറകൊടിഞ്ഞഴല്‍ക്കൂട്ടു പൂകുന്ന പെണ്ണിന്നു
ചിരമൊരു സാന്ത്വനപ്പകര്ച്ചയ്ക്കു വിരല്‍ത്തുമ്പുമില്ല .

ഇവിടെ ഞാനൊറ്റയാകുന്നുവോ ,ബന്ധങ്ങളറ്റിനിയു -
മിവിടെ ഞാനൊറ്റയാകുന്നുവോ ...?
അക്ഷരത്തെളിനീരില്‍ ചിത്തധാവനം ചെയ്തിത്തിരി വെട്ടമേകാ -
നി ക്ഷിതി ,യെന്റെ വീട്ടു മുറ്റത്തു ഞാനൊറ്റയാകുന്നുവോ ....?

1 comment:

Aneesh Puthuvalil (അനീഷ്‌ പുതുവലില്‍) ) said...

വളരെ നല്ലൊരു കവിത ..മനസ്സ് ഓര്‍മ്മകളിലുടെ വീടിന്റെ തിണ്ണയില്‍ എത്തി .......