Search This Blog

Thursday, October 13, 2011

ഇത്തിള്‍ക്കണ്ണികള്‍

ഒട്ടുനാള്‍ മുമ്പീ മഹീരുകച്ചോട്ടില്‍ ഞാ -
നൊട്ടല്ലാത്തോരീയക്ഷരത്തണല്‍ തേടിയെത്തി
ചുറ്റുകല്‍ പൂകിയിരുന്നെന്റെ ചിത്തപത്രത്തിലെ തോന്നലാ -
മക്ഷരമുത്തുകളൊത്തിരി ചേര്‍ത്തൊരു മാല കോര്‍ത്തു

ഒത്തിരി വാക്കിനാലൊട്ടല്ലാത്ത നോക്കിനാലീമര -
മെത്രയോ സാന്ത്വനച്ചിന്താലെനിക്കൂര്‍ജ്ജമേകി
എന്നെഴുത്തുകോല്‍ത്തുമ്പിലോരക്ഷരം ജനിക്കുമ്പോ -
ലെനിക്കായിവനൊരു കുയില്‍പ്പാട്ടീണമൊരുക്കി

എഴുത്തിന്റെ വഴിയിലെ പതിരോട് വിരല്‍ ചൂണ്ടിയു -
മെഴുതാപ്പുറത്തോട് പുലയാട്ടു ചൊല്ലിയും
ഉറക്കത്തില്‍ വീണാലൊരുണര്‍ത്തു പാട്ടേകിയു -
മരികത്തൊളിവിലെ കൂരമ്പ്‌ നേര്‍ക്കൊരു ചുരിക നല്‍കിയും

കാകന്റെ ചുണ്ടാലൊരു ജീവന്തികക്കുരു പതച്ചാ -
ലാകെയാ ശിഖരമുലഞ്ഞാകുലത മാറ്റിയും
ചുണ്ടാല്‍ കൊരുക്കുന്ന പോരിടയില്‍ കരുത്താ-
യിണ്ടലാറ്റിയിലത്താളമൊത്തിറ്റു കാറ്റേകിയും

ഇത്ര ശുദ്ധ ശീതള കാറ്റേകി നിന്നോരീ മരത്തിലി -
ലെത്ര ശിഖരങ്ങളിലിത്തിളുകള്‍ മുളയ്ക്കുന്നൂ
ഏറി നിറഞ്ഞു നിന്നോരീ ഹരിതക്കുളിര്‍ച്ചോട്ടി-
ലുറവവറ്റാതുള്ള ജീവസമീരനില്‍ ഗരളഗന്ധം മണക്കുന്നു .

നീരജ ശുദ്ധിയാര്‍ന്നു നാരദവേല ചെയ് വോര്‍
നേര് പേരാക്കി നേരിന്റെ വഴിയില്‍ നിന്നകലെചരിപ്പോര്‍
അക്ഷരപ്പിച്ചയിലൊരു കൈത്താങ്ങ്‌ കാതോര്‍ത്തു നില്പോ -
രക്ഷരത്തിനും മേലെയെന്നറിവെന്നു നാട്യമാടുവോര്‍

ആരലുമാവില്ലയീ ജീവനില്‍ വിള്ളലേകാനെന്നു
നേരുറപ്പോടക്ഷര പൂജയില്‍ മുഴുകി നില്പ്പോര്‍ .
എങ്കിലുമെന്തോ ദു:സ്വപ്നങ്ങളേറുന്നു രാപകല്‍
പങ്കിലരാരോ മറ്റൊരാല്‍ വളര്‍ത്താനിവനുടെ വേരറുക്കുന്ന പോല്‍ .....

No comments: