ഒരു പെരുമ്പറച്ചിന്തിനാലൊരു മിഴിച്ചിമ്മലാലീ -
താരക ചിറകു കുടഞ്ഞുതിര്‍ക്കും മഴത്തുള്ളിയാല്‍
ധരയിവള്‍ ഋതുവായിടുന്നു ,തുടിക്കുന്നിവളുടെ
ജരായു ,തളിരിടും പരശ്ശതം പുതുനാമ്പിനാല്‍
ദലമര്‍മ്മരങ്ങള്‍ ചേര്‍ത്തെന്‍ ശകുന്തികള്‍ പാട്ടി -
ന്നലയോഴുക്കിയെനിക്കായ് സ്നേഹഗീതങ്ങള്‍ പാടും
അളികളീവനിയിലെ പൂവിന്റെ കാതില്‍ പ്രണയവും ചൊല്ലു-
മിളവേറ്റു നിന്നീ മാന്‍പേടയെന്നുദരചലനങ്ങള്‍ കാതോര്‍ക്കും
നീര്‍ നൂലിനാല്‍ ചിരമെനിക്കുള്ളോരീ കൂന്തലില്‍
സൂര്യനവന്‍ ചുംബനപ്പൂ ചേര്‍ത്തു മാരിവില്ലു തീര്‍ക്കും
ഹരിതമെന്നുഷ്ണദുഃഖങ്ങളില്‍ തണലിട്ടു നില്‍ക്കു-
മരുവികളെന്റെ സ്വപ്നദാഹങ്ങള്‍ക്കു നീരിറ്റിടും
ഉഷസ്സിന്‍ മടിത്തട്ടിലീ തളിരിലകള്‍ നീര്‍മുത്താലീയ -
വിഷിക്കു തീര്‍ത്ഥം ചൊരിഞ്ഞും താരകച്ചിരിയൊരുക്കീം
ഭ്രമരദണ്ഡത്താല്‍ കണ്‍ തുറക്കും മുളം തണ്ടി-
ലമരഗീതം പൊഴിക്കാനൊഴുകുമിളം കാറ്റും
കാറ്റിന്റെ വഴിയിലെ ആകുലബിന്ദുക്കളാം വിഷ -
മൂറ്റിയീ ശുദ്ധ സമീരമേകാന്‍ വിഹീരക സേനയും
കുയില്‍പ്പാട്ടു കൊണ്ടെന്റെ കരള്‍ കുളിര്‍ ചൂടി നില്‍ക്കും
മയിലാടി നിന്നെന്റെ മിഴികള്‍ക്ക് ശബള ചിത്രമേകും
ശകലികള്‍ നൃത്തമാടിത്തിമിര്‍ക്കുമരുവിക -
ളരികിലീ ദാഹനീര്‍ക്കൊതിക്കിറ്റു സാന്ത്വനം നല്‍കി
തിരികെ ഞാനീവഴിക്കില്ലെന്റെയേകദിശായാത്ര -
യമരുമാഴിയില്‍ നിന്നൊരു മഴക്കണമായെത്തിടാമെന്നു ചൊല്ലി
അണുമുതലാനയോളം ചരമായതിന്‍ പ്രാണന്നൊഴുക്കു പോലെ
അണ കെട്ടി നിര്‍ത്താനാവത്തൊരു പ്രണയയാത്ര പോലെ
പുരോപ്രവാഹമീ ജീവന്റെ പാതയോരങ്ങളില്‍
പുലരിയിന്നത്തെതന്യമാകും നമുക്കിനിയൊന്നിനായ് കാതു നല്‍കാം
ഒരു നറു പുഞ്ചിരിച്ചെപ്പാല്‍ കുളിര്‍പ്പിച്ചു നിര്‍ത്താമിന്നിനെ -
യൊരു നിലാവിന്റെ നൈര്‍മ്മല്യമൊന്നായ് പുലര്‍ത്താം
ഒരു കരിമ്പൊട്ടു വീഴാതെ കൈ കോര്‍ത്ത് നില്ക്കാ -
മിരവിലും പകലിലുമിളകാത്ത ഹൃദയ വാഹിയാകാം
പകലിന്റെ രാജന്‍ പതിരുതിര്‍ക്കാത്തവന്‍ നിന്റെ
പകല്‍യാത്രയിലെന്റെ നിഴലെത്ര കുറുകുന്നു നീളുന്നു
ചിരി തൂകി വിരല്‍ ചൂണ്ടി മൂകമായെനിക്കേകുമാജ്ഞയില്‍
താഴിട്ടു പൂട്ടാത്ത കണ്ണുമെന്‍ കാതും താളം കൊഴുക്കുന്ന ജീവനും
No comments:
Post a Comment