Search This Blog

Friday, December 2, 2011

മുല്ലപ്പെരിയാര്‍ !! നീ............

നിലാച്ചന്തമാണീ നീര്‍ക്കണം മണ്ണിലവള്‍ തന്‍
നീലക്കണ്‍ കോണിലംശുമാലി മുത്തമേകുമ്പോള്‍
നീരാടി നില്‍ക്കും നവോഢ നിന്‍ മുടിച്ചുരുള്‍ച്ചേലായി
നീളേ പരന്നാടി നില്‍ക്കുന്നിതായെന്‍ മുല്ലപ്പുഴ

മകരമഞ്ഞിന്‍ തലപ്പാവു ചൂടുന്ന സഹ്യനോ -
ടകം കുളിര്‍ത്തൊളികണ്ണു കൊണ്ടു നീയെന്തു ചൊല്ലീ
എത്ര ശാന്തമായ് നീയി ഗിരിപാദം തൊട്ടൊഴുകുമ്പോ -
ളെത്ര സ്വപ്നങ്ങളീയോരത്തെ ജീവസഞ്ചയം കണ്ടിരിക്കാം

തപന കൌതുകച്ചിരിയിലാവിയായ് നീരദ-
ഹൃദയരേണുവായ്‌ മഞ്ഞായ്‌ മഴത്തുള്ളിയായ്
ഗിരി ശിരസ്സിലെ ശ്വേതകൂന്തല്‍ രേഖയായ്
ഒരുദിശാ യാത്ര ചെയ്യും ശാന്തത്തെളിനീരുമായ്

സംഗമത്തിരു മുറ്റത്തൊരുങ്ങിയെത്തീ നിന്റെ
സംഗീത സഖിയാം പെരിയാറിന്‍ കൈ കോര്‍ത്തു നിന്നൂ
പര്‍വ്വതപ്പനിനീരിവള്‍ കുളിരാല്‍ കുണുങ്ങി ,നിന്‍ സഖി
പകലിരവുകളറിയാതെ കൈ കോര്‍ത്തൊഴുകുമ്പോള്‍

കരളുണങ്ങിക്കാലം കഴിച്ചോര്‍ക്കു ദാഹ ശാന്തിയാ -
യയലിന്റെയഴലണയ്ക്കാനൊരു നീര്‍ച്ചോലയായ്
നര കാര്‍ന്നിടാതീ മണ്ണിന്‍ സിരകളിലെന്നേയ്ക്കും
ഹരിത ഹേതുവാമൂര്‍ജ്ജമായര്‍ഘ്യമായരുമയായ്

എത്രയോ കാവ്യകുംഭങ്ങളില്‍ നിന്‍ ചാരുതത്തേന്‍ -
മുത്താലക്ഷരപ്പൂക്കള്‍ വര്‍ണ്ണം വിടര്‍ത്തി
ഇത്ര മെലിമ്മലയാള മുറ്റത്തെന്നുമനല്‍പ്പമാ -
യുത്രാടമേന്മ തിളങ്ങുന്നു നിന്നാര്‍ദ്ര നീര്‍മുത്തിനാല്‍

ഇരു ഹൃദയമൊന്നായൊഴുകിയകലേണ്ട നിങ്ങ -
ളൊരു മണ്‍ രോദനത്തിന്നു കാതേറ്റി നിന്നുവോ
പുഴ നിന്റെയാത്മാവുമൈശ്വര്യോമൊഴുക്കെന്നതു -
മണ നിന്റെ നോവിന്‍ കണ്ണീര്‍ത്തടാകോമെന്നതറിയാതെ പോകയോ .

ഒഴുക്കറ്റ നിങ്ങള്‍ തന്‍ ഗദ്ഗദച്ചിന്തുകള്‍ തിങ്ങി -
യൊടുവിലീ മണ്ണിന്നലര്‍ച്ചയായ് മാറുന്നുവോ
എത്ര മേല്‍ നോവേറ്റി നില്‍ക്കുന്നു നിങ്ങള്‍ ശാന്തമാ -
യത്രമേലാകുലക്കണ്ണീര്‍ നിറയുന്നിതായീമടിത്തട്ടില്‍

എന്നോ വരച്ചിട്ടോരബദ്ധചിത്രക്കോണി -
ലിന്ന്യായത്തുലാസ്സിന്‍ സൂചകമൊടിഞ്ഞു വീഴുന്നു
കരിമ്പട്ട കെട്ടിക്കുരുക്കിട്ട കണ്ണിനും കാതിനു -
മിരമ്പിത്തകര്‍ച്ച തന്‍ വക്കിലെപ്പെണ്ണിവളന്യയാകുന്നു

ഒരു കൊടുങ്കാറ്റിന്നലര്‍ച്ചയോരോ ശ്വാസതാളത്തിലു -
മരികത്തുവാഴുമീ ശുദ്ധജന്മങ്ങള്‍ കാതേറ്റിടുന്നൂ
ഇരകളായ് മാറാതിരിക്കാനാവോളം ഉരുകുമീ
കൈത്തിരിച്ചോട്ടിലീക്കണ്ണീരുമര്‍പ്പിച്ചിടുന്നു.

മൂകത വിളയുന്ന ശാസനത്തിരുമുറ്റത്ത്‌
മൂഢത വിളമ്പുന്ന ദാസ്യപ്പരിഷകള്‍
ആസനക്കോട്ടം തടുക്കുവാനൊടുങ്ങാതോടി -
യകംപല്‍ ഞറുമ്മിയരികത്തു കുംഭീരരോദനം പൊഴിപ്പോര്‍

ഈ മടിത്തട്ടിലൂടൊഴുകുന്ന കാറ്റിലിന്നത്രയും
നിന്‍ നോവിന്‍ പുളച്ചില്‍ത്തരംഗങ്ങളത്രേ
ഇലയനക്കം നിന്നുയിര്‍പ്പാട്ടാം കിളിച്ചിലമ്പു -
മലയിട്ടുപോവതീ മാനവഹൃത്തിന്‍ മിടിപ്പായിടാം

നോവിന്റെ പാട്ടുതിര്‍ക്കു"മൊവൂദി"ന്റെ ചോട്ടിലായ്
നിന്റെ രൌദ്രചിത്രം പകര്‍ത്താനുറക്കമുപേക്ഷിപ്പവര്‍
പാഠമാകാതിരിക്കാന്‍ ചമയ്ക്കും ചരിത്ര പത്രത്തി -
ലൂടേ നുണഞ്ഞിരിക്കാനശുദ്ധക്കണ്ണീര്‍ പൊഴിക്കാന്‍

ഇന്നലെപ്പെയ്ത രാത്രി മഴയ്ക്കെന്തോരാര്‍ദ്ര നൊമ്പര -
മെന്നും പൊഴിക്കുമീക്കണ്ണീരിലലിയുന്നു മൂകം
വാള്‍മുനത്തുമ്പില്‍ ചരിക്കും പരശ്ശതം ജന്മങ്ങള്‍
നാളെണ്ണി നില്‍ക്കും നിന്റെ രൌദ്രത്തിരു മുമ്പില്‍
കണ്ണീര്‍ മഴച്ചാര്‍ത്തുമായ്

താഴിട്ടു പൂട്ടിയ കണ്ണിനും കാതിനും താഴത്തിതാ
താളംതകര്‍ന്നഴല്‍ മോന്തിയുഴറുന്ന ജന്മങ്ങള്‍
ഇവിടെ നിന്‍ നെഞ്ചില്‍ നിറകവിയുമോരോ നീര്‍ക്കണവു-
മിടിവാള്‍ത്തലക്കീഴിലിടനെഞ്ചു പൊട്ടുവോര്‍തന്‍ കണ്ണുനീരാവാം

1 comment:

AJITHKC said...

ഇവിടെ നിന്‍ നെഞ്ചില്‍ നിറകവിയുമോരോ നീര്‍ക്കണവു-
മിടിവാള്‍ത്തലക്കീഴിലിടനെഞ്ചു പൊട്ടുവോര്‍തന്‍ കണ്ണുനീരാവാം...

ആഴത്തിലുള്ള വായന അർഹിക്കുന്ന കവിത. ആശംസകൾ.