Search This Blog

Wednesday, December 28, 2011

തുളസീദളമായ്...

ഉള്ളിന്റെയുള്ളിലെ ശാന്തി ദീപം പോലെ
കണ്ണാ ! നിന്നോടക്കുഴല്‍പ്പാട്ടെന്നിലലിയുന്നു
എന്റെ പകല്‍ച്ചിറകിലാ വേണുനാദം പേറി
നിന്നേക്കു ഞാനെന്‍ മിഴികളര്‍പ്പിക്കുന്നു.

ഇരുളിന്റെ കോണില്‍ വഴി ചൂണ്ടും ചിരാതായ്
ഹൃദയരേണുവില്‍ കുളിരിടും തുളസീദളമായ്
പാഴ്മുളംതണ്ടിന്റെ ജീവനാം ചുംബനപ്പൂവായ്
എന്നിലെ ഞാനിലേക്കെത്തുന്നു നീ കണ്ണാ !!

ആ തിരുമേനിയില്‍ ചാര്‍ത്തിയ ചന്ദന -
മാത്മപ്രഭയായെന്നില്‍ തെളിഞ്ഞെങ്കില്‍
പഞ്ചഭൂതങ്ങളും യമുനാപുളകം പോ -
ലഞ്ജന ശ്രീയായെന്നില്‍ തിളങ്ങിയെങ്കില്‍

ഈ കുരുക്ഷേത്രത്തിലെന്നാസുര ചിന്തയോ -
ടാരും തടുക്കാത്തോരമ്പു പോല്‍ കണ്ണാ നീ
ആകുലപ്പത്തിമേല്‍ താളം ചവിട്ടുന്നോ -
രരോമലായെന്നില്‍ നിറയേണമേ.

നിന്റെ മൌലി തന്‍ സപ്തവര്‍ണ്ണത്തുണ്ടി-
ലെന്റെ സ്വപ്‌നങ്ങള്‍ ഞാന്‍ വരച്ചു ചേര്‍ക്കട്ടെ
നീയാമീ നീലക്കടമ്പിന്‍ ചോട്ടിലെ ശീതളഛായയില്‍
നീരാടി നീരാടി ഞാനെന്നെയുയര്‍ത്തിടട്ടെ

എനിക്കു സ്നേഹമായെന്നഞ്ചിന്ദ്രിയങ്ങളു -
മെനിക്കു പൊരുതുവാനീയാസുരജന്മങ്ങളും
എനിക്കു ഞാനായിടാന്‍ നീയുമെന്‍ കണ്ണാ !!!
അലിയട്ടെ ഞാനീ വേണു തന്നാത്മാവില്‍ .

3 comments:

സന്ദീപ്‌ പാമ്പള്ളി (Sandeep Pampally) said...
This comment has been removed by the author.
സന്ദീപ്‌ പാമ്പള്ളി (Sandeep Pampally) said...

കുഴപ്പമില്ല. ഭക്തിസാന്ദ്രമായ കവിത....കുറച്ചൂകൂടി ശ്രമിച്ചാല്‍ ശക്തമായി എഴുതാനാവും....

സ്‌നേഹത്തോടെ
പാമ്പള്ളി

പ്രയാണ്‍ said...

കണ്ണാനിന്നെത്തേടി നടന്നീ
മണ്ണിലലഞ്ഞു തളര്‍ന്നു ഞാന്‍
ഭൂവാം വൃന്ദാവനത്തില്‍ , സാഗര
കാളിന്ദീവരതീരത്തില്‍
കണ്ണാ, നിന്നെത്തേടി നടപ്പു
കണ്ണീരോടുമിവണ്ണം ഞാന്‍ (സുഗതകുമാരി)
കണ്ണന്‍ പുതുവര്‍ഷത്തില്‍ എല്ലാ സുഭാഗ്യങ്ങളുമായെത്തട്ടെ.......