ഒരു വേള ഞാനിരുന്നോട്ടെ നിഴല്‍ പറ്റിയീയുമ്മറപ്പടിയി
ലൊരുനാളിലീമണമുണ്ടിരിക്കുവാനകലത്തെയാലയത്തിണ്ണയില്‍
കരളിന്റെ ഭിത്തിയില്‍ വരച്ചു ചേര്‍ക്കട്ടെയീ സ്മൃതിച്ചിത്രമൊരു വേള
നരകാര്‍ന്നു നില്ക്കുമീ വൃദ്ധതന്‍ ചുളിവാര്‍ന്നെഴും വിരല്ത്തുമ്പിനാല്
എന്നാണെനിക്കുള്ളോരാ വിടുതല്‍ക്കുറിപ്പയയ്ക്കുന്ന -
തെന്നാണെന്നെ നിന്നില്‍ നിന്നും പറിച്ചകറ്റുന്നതെന്റെ കുഞ്ഞേ !
നോവിന്റെ നൊമ്പരം കൊണ്ടു കുളിര്‍ത്തോരീക്കരളിന്റെ മുന്നില്‍
നാവുയര്‍ത്തുന്നോരജ്ഞയെന്‍ കാതില്‍ കാട്ടുതീ കോരുന്നു
നിന്നിലേക്കെനിക്കുള്ള ദൂരമപ്പൊക്കിള്‍ക്കൊടിത്തുമ്പില -
റ്റിന്നുമെന്‍ കൈക്കുഞ്ഞായീക്കൈമടക്കില്‍ കാണാമെനിക്ക്
കുഞ്ഞിച്ചിരിത്തുമ്പില്‍ കോര്‍ത്ത മുത്തുമണിക്കിലുക്കത്തില്‍
കുഞ്ഞായി ഞാനും പെണ്ണിന്റെ മാത്രം ഭാഗ്യമായ് നിനക്കൊപ്പം
ഹൃദയം ചുരന്നു ഞാനിറ്റ സ്നേഹപ്പൂമണമിന്നുമാ -
ച്ചിരിക്കിലുക്കത്തില്‍ നുകരുന്നു കൊതിയടങ്ങാതെ
അകലമിട്ടെനിക്കായൊരു ലോകമൊരുക്കുമ്പോഴും
വികലമാവാതിരിക്കട്ടെ നിന് ജീവയാത്രയൊരു മാത്ര പോലും
ഒരിക്കലേറ്റോരു പേറ്റു നോവിന് നൊമ്പരച്ചാര്‍-
ത്തൊരുവേളപോലുമകലുകില്ലോരമ്മയില്‍ നിന്നും
പെരുമഴക്കീഴിലൊറ്റയാകും നിനക്കു കുടയായി ഞാ -
നരുമകൊതിച്ചൂട് നല്‍കിയിടരാറ്റി നിന്നൂ .
അക്ഷരദാഹമേറാന്‍ നിനക്കൊത്തിരിക്കഥ വിളമ്പി -
യജ്ഞത വേരറ്റിടാനെത്ര നാമ ജപപ്പാല്‍ച്ചുരന്നൂ.
ദിശയറിഞ്ഞയനം കുറിക്കാന്‍ വഴിവെളിച്ചമാ -
യിടരോട് പൊരുതുവാനൂര്‍ജ്ജം ചൊരിയുമരുവിയായി
ജീവിച്ചു നീ എത്ര കാലമാര്‍ജ്ജിച്ചതെത്ര
മോഹപ്പൂമെത്തമേലാമോദ ഗന്ധം നുകര്‍ന്നതെത്ര
ചോദിപ്പതില്ലാരുമീ മണ്ണിലാരോടുമൊരുനാളുമേ
കാതോര്ത്തിടുന്നേവരു"മെങ്ങിനെ"യെന്ന ചോദ്യവും പേറി
ഒരു വേള നിന്നിലെക്കൊന്നു നോക്കുകുരുകി -
നിറയും ഹൃദ്നൊമ്പരങ്ങള്‍ തന് കണ്ണീരു കാണാന്‍
നെഞ്ഞൂര്‍ന്നു തന്നൊരമൃതിന്‍ മണവുമാരുചിയും
കുഞ്ഞേ ! നീയായ് വളര്‍ന്നു ,കുഞ്ഞാണ് നീയെനിക്കെന്നും
പുലയാട്ടു ചേര്‍ത്ത ചോറിന്നുപ്പായെന്റെ കണ്ണീരു ചേര്‍ക്കാം
നില വിട്ടുതിര്‍ത്ത വാക്കിനെയെന്നാത്മനൊമ്പരങ്ങളാലിയിക്കാം
എന്‍ മുന്നിലെന്നേക്കുമായടയുമീ വാതിലിന്നപ്പുറമിപ്പുറ -
മെന്‍ ശ്വാസതാളം നിറയ്ക്കാം നിനക്കെന്നുമൊരു കാവലായ്
പടവിറങ്ങിയകലുമ്പോളിച്ചെവി തേടുന്ന പിന്‍വിളിയും
കുട നിവര്‍ത്തിത്തണല്‍ പങ്കിട്ടു നില്ക്കും നിന് വിരല്‍ച്ചൂടും
ഇടമുറിയാതിടനാഴിയിലുയരുമിളമുറച്ചിനുങ്ങലുമീ -
നടുമുറ്റത്തിലകമാം തുളസീദളത്തിന് വിഷാദവും
ഒക്കെയൊരു സ്വപ്നമായ് നിറച്ചു ഞാനിവിടെ നി -
ന്നകലത്തെയാലയത്തേക്കകലാതെയകലാം
ദുഃഖമീ മിഴിച്ചെപ്പിലിട്ടും നിനക്കായ് തിരി തെളിക്കാ -
മൊട്ടൊഴിയാതിടനെഞ്ചില്‍ നിന്നെയേറ്റി ഞാ"നവിടു"റങ്ങാം
എങ്ങുമെന്നുമെല്ലായിടത്തുമെത്തുവാനാവില്ലെനി -
ക്കതിന്നാലമ്മയാകുന്നു ഞാന്‍ പിന്നെയഛനും
2 comments:
"പടവിറങ്ങിയകലുമ്പോളിച്ചെവി തേടുന്ന പിന്‍വിളിയും കുട നിവര്‍ത്തിത്തണല്‍ പങ്കിട്ടു നില്ക്കും നിന് വിരൽച്ചൂടും ".. Um..Ishtamayi.!!
വളരെ നല്ല വരികൾ
Post a Comment