Search This Blog

Friday, March 30, 2012

കുന്നുകള്‍

കുന്നുകളുടയ്ക്കരുതു കുഞ്ഞേ ! ജീവന്റെ വഴിയില്‍
കുന്നിന്‍ നീര്‍ക്കണ്ണു നിന്നുയിരിന്‍ വെളിച്ചമാണോര്‍ക്ക
കുരുതികളരുതരുതീരുമ്പിന്റെ കൊമ്പാലീ -
യുര്‍വിതന്‍ മുലക്കണ്ണു മാന്തിനിനക്കൊരു മേട വേണ്ടാ

ഇലപ്പച്ചകളഴലു തിങ്ങിയീ മരച്ചില്ലയി -
ലരക്കണം നീരിനായാലമുറയുയര്‍ത്തുമ്പോള്‍
ആതുരതകളടക്കിയിളം കുരുന്നിന്നുദരദാഹമാറ്റാ -
നാവോളമലയുമമ്മയെപ്പോലീ മരവേരുകള്‍

ഇവിടെയീയുടലുണങ്ങിയ മരപ്പൊത്തിലിളം കിളിക -
ളൊരു ചിറകൊച്ചയോടൊത്തു മഴപ്പാട്ട് കാതോര്‍ത്തിടുന്നു
ചുടലയിതിലൊടുങ്ങാക്കനലുകള്‍ വറുതിക്കാറ്റിന്റെ
ചുംബനക്കൊതിയൂറി തീക്കണ്ണു കാട്ടി തിറയാടി നില്‍പ്പൂ

ഉടല്‍ മുറിഞ്ഞുയിരറ്റൊരെന്‍ നീര്‍ക്കുന്നരികി -
ലുടയോരുയര്‍ത്തുന്ന മുഷ്ടിചേര്‍ന്നൊരുകൊടിക്കൂറ
മണ്ണിന്‍ മുറിപ്പാടൊഴുക്കിയ ചോരയില്‍ മുങ്ങി -
യെണ്ണിത്തികച്ചോരാദിനമൊടുവിലുപെക്ഷിക്കുന്നു ജീവനും

കാലക്കണക്കിനു മറുകുറിപ്പൊരുക്കി ജീവന്റെ -
യെലുകയില്‍ വാപൂട്ടി നില്‍ക്കുന്നെന്റെ ദൈവം .
ഋതുവായൊരു പരശ്ശതമാത്മരേണുക്കള്‍ തുടിക്കാതെ
മൃതമാകുന്നെന്റെ ഗംഗ ,വന്ധ്യമാകുന്നെന്‍ ജരായൂ .

കുന്നിവളമ്മിഞ്ഞ നല്‍കിക്കുളിരുകോരി -
യെന്നും ഹരിതപ്പരപ്പാക്കിയ വിളപ്പാടം
കണ്ണടഞ്ഞുറവച്ചാവിന്‍ പറമ്പായഴലുറഞ്ഞ
മണ്ണീന്നകലുന്നു വയല്‍ക്കൊറ്റി തന്‍ ധ്യാനവും കിളിച്ചിലമ്പും

നീര്‍ദാഹമാറ്റാന്‍ നിര കൊള്ളുമീ പാത്ര കിടുക്കത്തി -
ലാരാലുമറിയാതെ പോകുന്ന മണ്‍രോദനമടങ്ങി നില്‍പ്പൂ
പതിരുകള്‍ പകയേറ്റി നിറയുന്നു ,പകല്‍ക്കിളിയുമകലുന്നു
പുകയുന്നുള്ളമിനി കുന്നുകളുടയ്ക്കരുതെന്റെ കുഞ്ഞേ !!

No comments: