Search This Blog

Sunday, September 25, 2011

എന്‍റെ ജഗദ്‌ഗുരു

മനമിതുവിങ്ങിയിരുളിലമര്‍ന്നൊരു ജന്മങ്ങള്‍ക്കാ -
നിനവുകള്‍ തന്‍ സൂര്യതേജസ്സാം കര്‍മ്മയോഗീ !!!!
അകലേക്കു നീണ്ട നിന്നറിവിന്‍ കണ്‍ വെളിച്ചത്തി -
ലകലമാര്‍ന്നഴലു ഘനം തൂങ്ങിയ കണ്ണുനീര്‍

കിളികളിതഞ്ചുമുറഞ്ഞോരുള്‍ത്തുടിപ്പില്‍
കളമൊഴികള്‍ ചേര്‍ത്തണയാത്തിരിയായാത്മരേണുവും
ഇണ പിരിയാതന്ത്യ ശ്വാസം വരെയീ മണ്‍മണവും
പിണമായിടുമ്പോഴൊരു പിടി മണ്ണായീ മണ്ണോടും

അറിവു നിറഞ്ഞൊരു പകലവനായിപ്പാരിതി-
ലറിയാതുള്ളോര്‍ക്കുറവ ചൊരിഞ്ഞലയായ് നിന്നും
ചിരമൊരു ചിന്ത കൊളുത്തിത്തെരുതെരെ
ചെറുതാമുള്ളോരു മനമതിലുണ്മ വിടര്‍ത്തിയിരുന്നവനെ !

മുകളിലിതമരും ഗുരുവരനെ! നിന്‍ ശിവകാന്തി
അകമൊരു തെളിവായ്‌ നിറയാനടിയിലിരിപ്പൊരു ശാരദയും
ശിവമിതു മുന്നേ സത്യവുമതു തുടരെ സുന്ദരവും
ശിവഗിരിയായഞ്ചിതമവനിയിലൊരു കുളിരായ് നില്പൂ .

ഒരുതരമിരുതരമെന്നു പറഞ്ഞിട്ടിരുള് നിറച്ചവരെ -
പ്പൊരുളു പറഞ്ഞാ വെളിവതു നല്കീട്ടുള്ള് നിറച്ചവനേ !!
പ്രഭുവാണറിവിലുമേറെയറിഞ്ഞവനെന്നും
പ്രഭയാണവനിലെയറിവീയവനിയിലെന്നും ചൊരിഞ്ഞ പ്രഭോ !!!

ഉള്ളു തുറന്നൊരു സങ്കടമിറ്റാന്‍ കൊള്ളാനില്ലൊരു ദൈവം
ഉള്ളവനുള്ളവനാകുന്നുള്ളോര്‍ പിറകെ ദൈവം പോന്നൂ .
ധരയിലധ:സ്ഥിതമായ് മരുവുന്നോര്‍ക്കറിവാലുള്ളു തുറക്കാന്‍
തിര നിര പോലറിവിന്‍ കിരണമിതനവരതം ചൊരിവോനേ !

അണുവിതിലഖിലം കാണുക നീ നിന്നെയതു നിന്‍ ക്ഷേത്ര -
മെന്നാലണയുക വേണ്ടൊരു കോവിലുമിനിമേല്‍ നീ
ഒന്നാണീ ത്രിഗുണമതു നീ താന്‍ ,കൊള്ളുക മന്നാ
ഒന്നിലുമവനിവനെന്നില്ലതുതാനദ്വൈതം

ഉണരുക നീയൊരു ചിരമാം താരകയതു പോ -
ലമരുക നീരജദളമതു പോല്‍ മനമതിലഖിലര്‍ക്കും
ഉയരുകിതുള്‍ക്കണ്‍ തെളിവാലറിവിന്‍ കിരണമതാ-
യലിയുകയന്യനു വ്യഥയായ്‌ നില്‍ക്കും കാരണമതിലും

പകലിനു പിന്നോരിരവെന്നതു പോലകമതിനാ -
ലറിയുക ശൃംഗമതേറാനവടമതെന്തെന്നറിയേണം
പകലവനിന്നിയുറങ്ങുന്നില്ലുദയവുമില്ലസ്തമയോ-
മകമിതു നിറയുമവിദ്യയതിന്നാലിരവിതു കാണ്മൂ നാമെല്ലാം

ഇരവുമുറിച്ചീ ഗമനം തുടരാനൊരു തിരി വെട്ടവു -
മകമൊരു കുളിരായറിയാനുെള്ളാരു മനവും തനയം
നിഴലു നിനക്കൊരു കൂട്ടായസിതമയമായങ്ങോള -
മഴല് നിനക്കാകുലതയും ഉഴലുവതിന്നായ് നീ മാത്രോം .

സ്വേദമുതിര്‍ത്തു തിളങ്ങി വിളങ്ങും കായം
ചേണാര്‍ന്നഭീതരമാകു മനംഗം
വേദന തിങ്ങും രോദനമോടൊരു കാതു കൊടു -
പ്പോരവര്‍തന്‍ ഹൃത്തിലുമവരോടൊത്തും ഞാന്‍

അറിഞ്ഞു കഴിഞ്ഞതു ചെറു ചെറു കണമായ് നില്‍ക്കെ -
യറിയാനുള്ളത് കടല്‍ പോലിനിയും
ആകുലമായോരുള്ളും പേറിയഭയം തേടി ,അലയാ -
താഴി കണക്കെയരിയാ"നാദര്‍ശം" നീ കരുതുക മുന്നില്‍

വയറതിലായോരിടമതു നല്‍കിത്തണലായ് നിന്നോള്‍ -
ക്കഴലിന്‍ നോവാലലയാതാവാനിപ്പൊരുളിനെ നീയറിക.
അറിയുക പകലിനെ ,പകലിന്‍ പതിരിനെ നിറമായ്‌ നിന്നാ -
മുറിവെയ്വോരാ വാക്കിനെ നോക്കിനെ നിന്‍ വഴിയേം .

ഒളിവിലിരിപ്പൊരു ചുഴലികള്‍ നിറയും മതമിതുമതമ -
ല്ലുഴലുന്നോര്‍ക്കൊരു തണലല്ലരിയ സുഗന്ധോമല്ലാ.
പ്രിയതരമല്ലീപ്പകിട കളിപ്പോര്‍ക്കനുപദമറിവായീ -
പ്രവരര്‍ വാദമുയര്‍ത്തീട്ടഗ്രേസരരായ് മരുവതുമത്രേ.

ഗുരുവതു സ്നേഹിതനതുപോല്‍ സേവകനതിനാ -
ലൊരു കോടി ദിവാകര പ്രഭ ചൊരിയും നായകനും
അരുതുകളേറെക്കരുതുക നിന്നഭിലാഷങ്ങള്‍ക്കായ്
ഋണധനമാവാതൊരു തുലനം കാക്ക, ധന്യത നിറയും .

4 comments:

Aneesh Puthuvalil (അനീഷ്‌ പുതുവലില്‍) ) said...

എണ്റ്റെ അറിവിണ്റ്റെ പരിമിതിയില്‍ നിന്നു കൊണ്ടു ഗുരുവിനു ആത്മപ്രണാമം അര്‍പ്പിക്കാനെ കഴിയു . വളരെ നല്ല വരികള്‍

Aneesh Puthuvalil (അനീഷ്‌ പുതുവലില്‍) ) said...

എണ്റ്റെ അറിവിണ്റ്റെ പരിമിതിയില്‍ നിന്നു കൊണ്ടു ഗുരുവിനു ആത്മപ്രണാമം അര്‍പ്പിക്കാനെ കഴിയു . വളരെ നല്ല വരികള്‍

പ്രയാണ്‍ said...

വായിച്ചു.നന്നായിട്ടുണ്ട്. എഴുതുന്നതുപോലെത്തന്നെ വായിക്കാനും നല്ല ശ്രദ്ധ വേണം എന്നുള്ളതു കൊണ്ടാവാം സാംമ്പ്രദായിക കവിതകള്‍ക്ക് ആസ്വാദകര്‍ കുറയുന്നത്. തിരക്കുപിടിച്ച ജീവിതത്തില്‍ എളുപ്പമുള്ളതിന്നു പ്രിയം കൂടും..:)

പ്രയാണ്‍ said...

വായിച്ചു നന്നായിട്ടുണ്ട്. എഴുതുന്നതുപോലെത്തന്നെ വായനയിലും നല്ല ശ്രദ്ധ വേണമെന്നുള്ളത് കൊണ്ടാവാം സാമ്പ്രദായികകവിതകള്‍ക്ക് ആസ്വാദകര്‍ കുറയുന്നത്. തിരക്ക് പിടിച്ച ജീവിതത്തില്‍ എളുപ്പം കിട്ടുന്നതിന്നു പുറകേയല്ലേ നമ്മള്‍ എപ്പോഴും.....