Search This Blog

Monday, June 6, 2011

എന്‍റെ ഗ്രാമം

ഇന്നുമാ നിര്‍മല ഗ്രാമക്കുളിരിന്‍ പെരുമകള്‍
പൊന്നു പോല്‍ ചേര്‍ന്നിരിക്കുന്നെന്‍ ഹൃദയതാളങ്ങളില്‍
ചെന്നിരിക്കാനൊരാല്‍ത്തറ സ്വപ്നമാകവേ
വന്യ മാകാത്തൊരന്നത്തെയാണ്‍ മനസ്സും പെണ്ണെ !!!


ഇളകിയാട്ടം നടത്തുമിലകളുടെ താളച്ചുവട്ടില്‍
വെടിവട്ട വേദിയിലരക്കുറുമ്പിന്‍ മുന്നിലാളായ്
ചൊല്ലു വളര്‍ന്നിത്തിരി തോന്ന്യാക്ഷരക്കൂട്ടായ് പിറന്നപ്പോഴും
ചില്ലുടയാത്ത ബന്ധമായ് കണ്മണി പോലീ ഗ്രാമബന്ധം

അമ്പലക്കുളക്കടവിലെക്കണങ്കാല്‍ ചിരിക്കു മേ-
ലാല്‍ത്തറച്ചരുവില്‍ നിന്നമ്പെയ്തൊളിക്കും കണ്ണുകളും
ഈറന്‍ പൊതിഞ്ഞിറ്റുന്ന നീര്‍ച്ചാലുമാ -
യിടവഴി ചേര്‍ന്നകലുന്നപെണ്ണൊതുക്കവും


എണ്ണ മണക്കും മുടിയൊതുക്കില്‍ പൊന്‍തുളസിക്കതിരു ചൂടി
സ്വര്‍ണക്കസവു ചുറ്റിലെ പെണ്‍തുടിപ്പില്‍ വെള്ളിച്ചിരി കിലുക്കി
കണ്ണുഴിഞ്ഞുള്ളില്‍ തിരയിളക്കി ക്കല്ലലി -
ഞ്ഞെണ്ണക്കറുപ്പില്‍ പെണ്‍ മണം പേറുന്ന മണ്ണും

കിതപ്പാര്‍ന്നകലേന്നണയുമോരാവിവണ്ടി തന്‍ ഞരക്കത്തില്‍
കാതു കൂര്‍പ്പിക്കുവോര്‍ക്കരുള്‍ പൊഴിക്കുന്ന കോളാമ്പി വാര്‍ത്തയും
ഉയരെക്കുയര്‍ത്തുന്ന മൂന്നു വര്‍ണക്കൊടിക്കീഴി-
ലുയിരാണി മണ്ണെന്നുറക്കെപ്പറഞ്ഞോര്‍.


അക്ഷരം കോറാനൊരുക്കിയ നാരായമുനയി -
ലുത്തരമൊളിപ്പിച്ചുഗ്രരൂപിയാകുമെഴുത്താശാന്‍
തരിമണലില്‍ വടിവായൊഴുകുമിളംവിരലിലൂ -
ടറിവു നിറഞ്ഞുയരുവാന്‍ കണ്‍ പാര്‍ത്തു നില്‍പോന്‍


ചെറുകുടിലിന്നോലക്കിഴുത്തയിലൂടൊഴുകിപ്പരക്കും
വെളിച്ചത്തിലെഴുതി പഠിക്കാന്‍ പഠിപ്പിച്ച ദൈവം
അക്ഷരം പോലനശ്വരമതലക്കെട്ടണിഞ്ഞോരെ-
ഴുത്തോല സത്യ സൗന്ദര്യം ചേര്‍ത്തേല്‍പിച്ച ശുദ്ധന്‍


അകലെയാമലമുകളില്‍ നിന്നൊളി കണ്ണു വീശും
മയൂഖമന്നന്റിളംകിരണ ചുംബനം കൊതിക്കുന്ന പൂവും
ചെറു ചെറു നീലിമകളൊഴുകിപ്പരക്കുന്ന
ഹരിതപ്പുതപ്പിന്‍ മടിതട്ടുമെന്റെ ഗ്രാമം


ചെറുകിളികളുയരെയോരിലത്തുംപിലൂയലാടാന്‍
ചിരമൊരു നൊമ്പരം പോല്‍ കോര്‍ത്തിണക്കുന്ന കൂടും
പകലറുതിയിലിണയോടു പങ്കിടും മധുമൊഴിയില്‍
ചെറുമണികള്‍ ചേര്‍ത്തുയിര്‍ നിറയ്ക്കാനന്തിത്തിരി-
ച്ചാര്‍ത്തായ് മിന്നാമിനുങ്ങും

പകലിന്‍റെ പൂമുഖത്തേകുവാനിത്തിരി തീര്‍ഥവും പേറി
ഹരിതം തല ചായ്ച്ചു നില്‍ക്കുമീ നാട്ടു വഴിയോരത്ത്
ഇള വെയിലിളകുമന്പുള്ള തുമ്പച്ചിരിയും
കിളിച്ചിലമ്പിന്‍ ശിഖരത്ത് കുയില്‍പ്പാട്ടീണവും

ഇരുളൊടുവിലിലകളിണ ചേര്‍ന്നു യിരുണര്‍ത്തു-
മീറന്‍ ബാഷ്പ ബിന്ദുക്കളിലിതള്‍വിടര്‍ത്തുമിന്ദ്ര ജാലവും
ഇരതേടിയകലുവാനൊരുങ്ങുമിണക്കിളിക്കൂട്ട -
മുരുവിട്ടുണര്‍ത്ത് പാട്ടാക്കും കിളിച്ചിലമ്പും

അങ്കവാല്‍പ്പെരുമയിലിരുളളവറിയിക്കും
പുഞ്ചക്കരയിലെ പുല്‍ക്കുടില്‍ ക്കൂട്ടത്തില്‍
മധുരനീര്‍ ക്കൊയ്ത്തിനിറങ്ങും പുരുഷന്‍റെ
കുറുമുണ്ടരക്കെട്ടിലുതിരും കുടുകുടാ ശബ്ദവും

പത്രവീര്യകപ്പാവടുക്കിന്മേലൊറ്റക്കടുക്കത്തിളക്കത്തില്‍
ചിത്ര കൌതുകം പേറും വാഞ്ചികപ്പെരുമയില്‍
പുച്ഛം വളഞ്ഞതാമക്കെട്ടുവടി ചേര്‍ത്തൊത്തിരി -
യിഷ്ടം നുണഞ്ഞിരിക്കുന്ന ഗ്രാമീണ പ്രൌഡിയും

വടിചുഴറ്റിവായ്ത്താരിയില്‍ കുടമണിത്താളം പിറക്കും
വയലിറക്കത്തൊളിവിലൊരു തവളക്കരച്ചിലും
ശ്വേതമുനികളുളിയെറിഞ്ഞിര പിടിക്കും ചേറ്റിളക്കത്തില്‍
ഞാറ്റുപാട്ടിന്‍റെയീണത്തിലിളം തണ്ടു കുത്തും പുലയക്കറുപ്പും

അമ്പിളിച്ചിരിയുതിരുമരിവാള്‍ ത്തലപ്പാല്‍-
പെണ്‍കരുത്തു കൊയ്തടുക്കും പുന്നെല്‍ പ്പെരുക്കം
കൊയ്ത്തുപ്പാട്ടിന്നീണം കൊരുക്കും മെയ്കറുപ്പില്‍ വിയ്ര്‍പ്പുപ്പു ചേര്‍ന്നു
ചേറ്റിറക്കത്തില്‍ കളം കാത്തുറങ്ങും കതിര്‍ക്കറ്റയും

ചെങ്കണ്‍ തിളക്കത്തിലതിര്‍മരക്കൊമ്പിലെ
ചെമ്പോത്ത് ചെണ്ട കൊട്ടിപ്പൊഴിക്കും ശുഭക്കുറിപ്പും
വിത്തു തേടി കൈക്കോട്ടു തേടി ചങ്ങാതി
വിഷുപ്പക്ഷി ചക്കയിലുപ്പും തിരക്കി

ശംഖൊലിപ്പിന്നിലായോട്ടുമണി ത്താളത്തില്‍
ശാന്ത നൃത്തമാടും തിരിനിരകള്‍ക്കുമപ്പുറം
ഭണ്ഡിലക്കരവിരുതില്‍ ശാന്തി ദീപം ചൊരിഞ്ഞ്
ദണ്ഡമാറ്റിക്കുടികൊള്ളുമെന്റെ ഗ്രാമ ദൈവം

അമ്പല ക്കോളാമ്പിയുരുവിട്ടൊഴുക്കുന്ന ബ്രാഹ്മ കീര്‍ത്തനത്തി -
ലഞ്ജലീ ബദ്ധരായ് മിഴി പൂട്ടി നില്‍ക്കുന്ന ഗ്രാമ ചിത്തം
ശംഖിന്‍ നെറുകയില്‍ ചുണ്ട മര്‍ത്തിയുള്ളാലെയര്‍പ്പിച്ചു
പള്ളിയുണര്‍ത്തായ് പിറക്കു മോംകാരനാദവും

തിടമ്പേറ്റി നില്കും ഗജരാജ പ്രൌഢി തന്‍ പക്ക -
ത്തുടയവര്‍ ഗ്രാമ മക്കള്‍ക്കു ണര്‍ ത്തായ്
ഇളമുറ ക്കൈയിലിലത്താളക്കൊഴുപ്പി -
ലമര്‍ത്തി ചെണ്ടപ്പിറപ്പാക്കും ചടുല താള പ്പെരുക്കം

കെട്ടിയൊരുക്കുന്ന കാഴ്ച കാണിക്ക നല്‍കി മനം കോര്‍ -
ത്തിഷ്ട ദേവനായര്‍പ്പിച്ചു ജീവിപ്പോര്‍
മണ്ണു ദൈവമെന്നറിഞ്ഞോര്‍ വര്‍ണ്ണങ്ങള്‍ ചാര്‍ത്താ-
തതിരു കോറാതെ യൊന്നാണ് ചോരയെന്നുള്ളാലറിഞ്ഞോര്‍

ഓര്‍മ്മ തന്നുമ്മറത്തുലാത്തുമക്കാരണവര്‍ പോല്‍
നിര്‍മ്മല മീ ഗ്രാമ ചിത്രം മിഴി പൂട്ടി ക്കാണ്‍മൂ ഞാന്‍
ഇന്നെന്‍റെ മുന്നില്‍ കണ്‍നിറച്ചെത്തുമന്നിന്റെ യോര്‍മ്മക -
ളൊന്നാകെയെരിഞ്ഞടങ്ങുന്നിന്നിലെ ക്കാഴ്ചയില്‍

ചാത്തന്റെ വായ്ത്താരിയമ്പേ മറന്നൂര്‍ദ്ധന്‍ വലിക്കുന്ന
ചെമ്പാവു പാടം മിഴി നീരു വറ്റിക്കേഴുന്നു കുടി നീരിനായ്‌
കള കേറി ജട ചൂടിയിരുള്‍ നിരക്കുന്ന പാടപ്പരപ്പുകള്‍
കരമണ്ണു മൂടിയുറവമുറിഞ്ഞര്‍ദ്ധജീവനായ് വിലാപം പൊഴിക്കുന്നു

ചിറവരമ്പത്താവയല്‍ക്കൊറ്റി ചിലപ്പടക്കിക്കേഴുന്നു
ചിലമ്പിക്കുരുവികളിലച്ചില്ല ക്കൂടുപേക്ഷിച്ചകലുന്നു
ചൂടുപാളയില്‍ മനം കോര്‍ത്തു ചേറ്റു പാടം പൂകിയോള്‍
ചൂടി നിന്നൊരാ ഹരിതപ്പുതപ്പിന്‍ കരി കണ്ടു കണ്ണടയ്ക്കുന്നു

അന്തക വിത്തെറിഞ്ഞതിരു കൈയ്യേറിയുയിരു കൊയ്യാ -
നധിനിവേശം മൃതിച്ചെണ്ട കൊട്ടിപ്പറക്കുന്നു
മണ്ണിന്‍ കരച്ചിലിലുപ്പളവു തേടിയുടയോര്‍ക്കു മുന്നില്‍
കണ്ണു പൊത്തിക്കളിക്കുന്നു ശാസനപ്പിണിയാളര്‍


ഇനി നമുക്കീ വായു മാത്രം ബാക്കിയാകുന്നു വില്‍ക്കാന്‍
മുനിയുമൊരോട്ടു വിളക്കിന്‍ ചോട്ടിലായിറ്റു ദാഹമാറ്റാന്‍
വറുതി മുറ്റിക്കേഴുന്ന താലങ്ങള്‍ കാലിയായിരിക്കുന്നു
ചെറുതല്ലാതധിനിവേശം ഒളിവിലൊളിയമ്പൊരുക്കുന്നു മൂകം

വട്ടമിട്ടെത്തും കഴുകന്‍റെ മുമ്പിലൊട്ടും ചെറുക്കാനാവാതെ
ബാഹുക്കളറ്റ കരുത്തനെപ്പോലൊറ്റയ്ക്കു നാമെത്ര നാള്‍ ...........

2 comments:

RAJEEV said...

Valare nannayirikkunnu Prasanna Kumar!

BOBANS said...

പ്രസന്നകുമാര്‍ ജി,

താങ്കളുടെ "എന്റെ ഗ്രാമം" കവിത വായിച്ചു. ഏതോ നൊമ്പരത്തില്‍ ഉണരുന്ന സുഖം തരുന്ന ആ ഓര്‍മകളെ വര്‍ണിക്കുന്ന വരികളെല്ലാം അത്യന്തം ഹൃദയഹാരി തന്നെയാണ്. മലയാള ഭാഷയെ സ്നേഹിക്കുന്ന താങ്കളെ പോലുള്ളവര്‍ ചുരുക്കം മാത്രം. എന്റെ ആശംസകള്‍.

വൈറ്റ് ലൈനില്‍ ചിലര്‍ (ഞാന്‍ പേരെടുത്തു പരയ്ന്നില്ല) ആധുനികം, അത്യാധുനികം എന്നൊക്കെ പറഞ്ഞു വലിയ ജാടകളോടെ നടക്കുന്നുണ്ട്. അര്‍ത്ഥമില്ല, താളമില്ല, വൃത്തമില്ല, ഉപമയില്ല, അലങ്കാരമില്ല, അങ്ങിനെ കഥയോ കവിതയോ അല്ലാത്ത ഗദ്യ കവിതകള്‍ ആണെന്ന് പറഞ്ഞു പടച്ചു വിടുന്നുണ്ട്. നമ്മളൊക്കെ കവികളുമല്ല നമ്മള്‍ എഴുതുന്നത്‌ കവിതയുമല്ല എന്നാണവര്‍ പറയുന്നത്. നമ്മളെ പോലുള്ളവരെ ഉന്മൂലനം ചെയ്യണമെന്നു വരെ പറയുന്നവരുണ്ട്. ഇതാണ് നമ്മുടെ മലയാള ഭാഷയുടെ ഗതി എന്ത് ചെയ്യാം. ഇവരൊക്കെ എന്നാണോ സാഹിത്യം പഠിക്കുന്നത്. ആവോ.

സസ്നേഹം ബോബന്‍


എന്റെ ഫോണ്‍ No . 7738990556

http://kavyashakalangal.blogspot.in/