ഒരു തുണ്ടു വെട്ടവും പേറിയീപ്പടിവാതിലെത്തു -
മ്പോളറിയാതെയുരുവിട്ടു പോകുന്നു "ശുഭ ദിനം "
ഇരുള്‍ കൈ കാട്ടി നില്കും സന്ധ്യയില്‍ നോവേറി
തിരികെ നോക്കാനാവാതെ കണ്‍ നിറഞ്ഞകലുന്നു മൂകം
നെറുകയിലൊരു ചെണ്ട് മല്ലിപ്പൂവാല്‍ പിച്ചവയ്ക്കും പകല്‍
നെറികേട് മേലെ തുഴയെറിഞ്ഞഴലേറിയകലുംപോള്‍
ചിരി വിഴുങ്ങിച്ചീര്‍ത്തോരിരുളിന്‍ മുടിക്കെട്ടി-
ലിരുള്‍ പകല്‍ ഭേദമില്ലാത്ത മാനമേ ശ്വേതപുഷച്ചിരി കണ്ടുവോ ?
ഇല്ലൊരു പുല്ലു പോലുമിന്നെന്നതീ മണ്ണിന്റെ നൊമ്പര-
മിന്നലെ പുല്ലിന്റെ ജീവനാല്‍ പുതച്ചെന്നതോ സ്വപ്നവും
മണ്ണിലായ് കൊള്ളിമീന്‍ പിറപ്പിച്ച ഭൂഛത്രമമ്പേ
ജംഗുലം മോന്തിയല്പ മാത്രയിലന്ത്യവും കൊള്ളുന്നൂ .
ഇന്നീ മണ്ണിലിറ്റുന്ന കുളിര്‍ തന്നരിപ്പൂക്കള്‍
നിന്നിലെന്നും ഋതുവുണര്‍ത്തി നന്മ വിളയിക്കേണ്ടയോ
ഇരുണ്ടോരാഗര്‍ഭം നിരന്നു തിര്‍ക്കും മഴ നൂല്‍പ്പിറപ്പുക -
ളൊരു മൃദു മന്ത്രണം പോല്‍ മണ്ണു കാതോര്‍ത്തു നില്പൂ
ഇല കൊഴിഞ്ഞിനിയുമിതളിടാനാവാത്ത വേളയി -
ലിരു പുറം നോക്കാതെ കൂമ്പിയാകാശം നോക്കി
നീര്‍ വറ്റിയെന്നോ നിര്‍ജ്ജീവമാം കണ്‍ തുറപ്പില്‍,കാലം
കാതോര്‍ക്കുവാനരുളി ചൂണ്ടു വിരല്‍ നീട്ടി നില്‍ക്കുന്നൂ .
എന്‍റെ ജീവ താളത്തിലീയിളം നിലാക്കുളി -
രന്‍പു നിറയ്ക്കാനുഡുക്കള്‍ തന്‍ മിഴിച്ചിമ്മലും
ഇല്ല രാവെങ്കിലില്ല ഞാനുമെന്നാത്മാവു -
മില്ല പകലുമിക്കണ്ണീരുമിരവു തിന്നുന്ന പുഞ്ചിരിയും.
മലതാണ്ടി മടിത്തട്ടില്‍ ജീവന്റെ വെട്ടം നിരത്തി
വെയിലു വയലില്‍ പൊലിപ്പിച്ച പൊന്‍ തിളക്കങ്ങളില്‍
ചിതലു ചുവടു കാര്‍ന്നോരുണക്കമരം പോലെ
ചിറയിറക്കം കരിവു കൈയ്യേറി കണ്‍ കൂമ്പിയങ്ങനെ
പൂങ്കോഴിച്ചാത്തനളവിട്ടിരുള് മുറിച്ചപ്പം
പൂങ്കുയിലീണം കൊരുത്തൊരാ നാട്ടുവഴിച്ചായ് വില്‍
ഊപ്പമീന്‍ കോരാനിഴത്തോര്‍ത്തു വീശിയോരിട -
ത്തോട്ടില്‍ വാലുപൊക്കി ക്കൊടിത്തൂവ കാലുറപ്പിക്കുന്നു
കാലം കരുത്തു കാട്ടാത്തൊരെന്‍ ജീവയാത്രയില്‍ പുലര്‍-
കാലസൌന്ദര്യ മുണര്‍ത്തുപാട്ടാലുയിരിട്ട നാടന്‍ തുടിപ്പില്‍
പതറിച്ചിലമ്പുമവതാളപ്പിറപ്പുമലറിയതിരിട്ടകലം-
കുറിക്കാന്‍ വിരല്‍ ചൂണ്ടി നില്‍ക്കും രക്തബന്ധങ്ങളും
അര്‍ദ്ധചക്രപ്പെരുവഴിയൊടുവിലന്തിത്തിരി കൊളുത്തി -
യിരുളുള്ളിഴതിരിക്കാന്‍ കുറിപ്പിട്ടകലും പകല്‍പ്പെണ്ണു ഞാന്‍
നീര്‍ തേടി വേരോടി നിനവാളി നില്‍ക്കേണ്ട യൌവ്വനം
നര കേറി നഞ്ചു കാര്‍ന്നമ്മയ്ക്കഴലേറ്റി നില്കുന്നൂ
ഹരിത ക്കുടക്കീഴില്‍ നിഴല്‍ക്കുളിര്‍ കൊതിയ്ക്കും മണ്ണിവള്‍
മരണക്കുറിപ്പെഴുതി ചരമത്തിനു കാതു കൂര്‍പ്പിയ്ക്കുന്നൂ
ഒരു നീര്‍ക്കണമെന്നോടു കേണീ ക്കിളിച്ചുണ്ടു-
നീരറ്റ കൊമ്പിലെക്കൂട്ടില്‍ ചത്തമുട്ടയ്ക്കടയിരിക്കുന്നു
സര്‍പ്പ ശീല്‍ക്കാരം നിറച്ചിട്ട ചിത്ര ചലനത്തി -
ലര്‍ത്ഥപ്പരതലുലൊഴുക്കി നില്‍ക്കും ദിനപ്പത്രക്കൊലച്ചിരി
വാര്‍ത്തു കോര്‍ത്തൊരുക്കുന്ന വാര്‍ത്താ തരംഗത്തില്‍
വാവിട്ടു കേഴുവോര്‍ക്കായ് ശാസനക്കരിംകണ്ണീര്‍
നാട്ടു ചര്‍ച്ചയിലിടം കൊണ്ടസത്യമറ്റമെത്താതകാല-
മൃത്യുവായ് തുടര്‍ച്ചിത്രഘോഷം നടത്തിച്ചരിപ്പോര്‍
ജാരന്‍റെ വേര്‍പ്പു നാറ്റമൊഴിയാതറപ്പറ്റവള്‍
ചാരിത്ര്യ പാഠക്കുറിപ്പൊരുക്കും നഗരസത്യങ്ങള്‍
ചതി കുത്തി ചത്തു പോയോള്‍ തന്നുടയോരെയെല്ലാം
നാട്യശാസ്ത്രം പഠിപ്പിച്ചിരുത്തി ചലച്ചിത്രം പിടിച്ചും
ചിത്തം കുളിര്‍പ്പിക്കാനിത്തിരി മേമ്പൊടി ചേര്‍ത്തൊത്തിരി
ചോദ്യോത്തരം കാട്ടി വേട്ടയാടും പ്രസാരവീരന്മാര്‍
ചാരം പുതച്ചുറങ്ങുന്നോരാ ചാവിടത്തില്‍
നാവനക്കാനാവാതിളം കുരുന്നിന്‍ വിലാപം
ജാലകപ്പടിയിലൂടകലേക്കു നീരറ്റ കണ്ണു ന -
ട്ടാലസ്യമകലാതെയഴലുഘനം തൂങ്ങി നില്പൂ .
വളര്‍ച്ച തന്നളവിന്നു സാകഷ്യപത്രം നല്‍കി പ്രകൃതി
പെണ്ണാക്കിയോള്‍ക്കുമേല്‍ കണ്ണിട്ടസുര ജന്മങ്ങള്‍
കണ്ണടച്ചിരുളാക്കാനറിയാത്തോരെന്റെ മേല്‍ കള്ളക്കഥ കൊണ്ടു
കരിംപുകതുപ്പി കണ്ണുരണ്ടും പറിച്ചിരുളിട്ടതികായര്‍
വിഷം തീണ്ടി വീര്‍ത്തോരമ്മിഞ്ഞയില്‍ ചുണ്ടു കോര്‍ -
ത്തിറ്റു താരാട്ട് തൊട്ടുഴിയാതെയെന്നഭിശപ്തബാല്യം
ഉള്ളു നിറയ്ക്കാനാവാതുള്ളിലൊന്നുമില്ലാതെ പീലിപ്പിറ -
പ്പൊഴിഞ്ഞക്ഷരവരള്‍ച്ചയോടെന്റെ കൌമാരപുസ്തകം
ഹരിതം കരിഞ്ഞംശുകമറ്റഴലുറയുന്ന മണ്ണില്‍ നെറി-
കേടിനോടൊട്ടും വിരല്‍ ചൂണ്ടി നില്‍ക്കാതെ യൌവ്വനം
പുലയാട്ടുറതുള്ളിക്കണ്ണുരുട്ടി നില്‍ക്കും കോലായില്‍ നിന്നുമ -
കലേയൊരാലായത്തിണ്ണയില്‍ കണ്ണീരു കൈത്താങ്ങായെന്റെ വാര്‍ദ്ധക്യം
ഇരു പുറം നോക്കേണ്ടതില്ലാത്തോരിരുളിനോ -
ടിണചേര്‍ന്നു നില്‍ക്കുന്നൊരു പകല്‍പ്പാട്ടീണം കൊതിച്ചു ഞാന്‍ .
3 comments:
Extremely beautiful with a message good work prasanna
Extremely beautiful with a message good work prasanna
Valare nannaayittundu Prasanna kumar! Veendum ezhuthuka...
Post a Comment