നിന്നോടെനിക്കുള്ള പ്രേമമെന്‍ കാന്താ
എന്ത് പേരിട്ടു ചൊല്ലേണ്ടൂ ചൊല്ലു നീ
നിന്നിളം കിരണചുംബനത്താലെന്‍
നീര്‍ നിദ്ര മിഴികള്‍ നിനക്കായ് തുറന്നുവല്ലോ
ഒരു നറുപുഞ്ചിരിക്കുള്ളിലായ് ഞാനെന്റെ
ഹൃദയവീണതന്‍ കവിത നല്‍കാം
ഇതള്‍നീര്‍ത്തി ഞാനീ ഹരിതമഞ്ജിമ-
യ്ക്കിളവേറ്റു നല്കാമൊരുപാട് മോദവും
വനദേവതമാര്‍ ശ്രീമുഖം നോക്കുമീ
വാപികാ ഹൃദയത്തില്‍ ഞാന്‍
മഞ്ഞലച്ചാര്‍ത്താല്‍ മുഖം മറച്ചു
കുളിര്‍ കോരി നില്പൂനവോഢയെപ്പോല്‍
എന്നേക്കു നീളും നിന്‍ പ്രദവചുംബനച്ചൂടാലി-
തള്‍നീര്‍ക്കണമൊരുക്കും കല്ലോലനടുവില്‍
എന്നും നിനക്കായ് കാതോര്‍ത്തിരിക്കു-
ന്നൊന്നു നീയെന്നു മാത്രം മനസ്സേറ്റി ഞാനും
അകലെയാണെങ്കിലുമരികത്തൊരു കുളിര്‍ബിന്ദുപോല്‍
മുകില്‍ മുറിച്ചെത്തും നിന്‍ സ്നേഹ കിരണങ്ങള്‍
അകലമറിയാത്തൊരു നൊമ്പരച്ചാര്‍ത്തായ്
മികവേറ്റി മിഴികൂമ്പി നില്കുമീ പ്രേമപുഷ്പം ഞാന്‍
No comments:
Post a Comment