Search This Blog

Sunday, April 24, 2011

ഇരകള്‍

ഇനിയീത്തുരുത്തിലൊരു ജീവനായ് മുളയ്ക്കാതിരിക്കട്ടെ
ഞാനെന്നാശിച്ചാലമ്മേ പൊറുക്ക നീയെന്നാളും
ശുദ്ധ സമീരന്റെ നെറുകയില്‍ ചുറ്റി നിറയു-
മിപ്പാഷാണപ്പിറപ്പുകണ്ടും കാറ്റേറ്റ കല്ലുപോലിവര്‍

ആളുന്ന നോവിന്‍ പെരുമ്പറച്ചോട്ടിലമ്മയായ്
നീളേ നിറയുന്ന നിന്‍ മിഴികള്‍ കാണാനാവതില്ല

വാകീറിയോനിര നല്‍കുമെന്നു നീ നിനച്ചാലും
വായില്ലാത്തോരെന്നെ നിന്നൊക്കത്തു നിന്നാറ്റുമോ
പുഞ്ചിരിയറിയാത്ത ചുണ്ടു മിഞ്ചോടു നോവുതിര്‍പ്പു-
മിഞ്ചിഞ്ചു നീറും നിന്‍ ഹൃത്തുമിന്നന്ധര്‍ക്കു മുന്നില്‍

ജീവന്‍ തുടിക്കുന്ന പിണ്ഡമായിന്നുമ്മറക്കോലായി-
ലീച്ചയാറ്റിക്കിടപ്പൂ കാലദോഷപ്പകര്‍പ്പായ്
ഉടയോന്റെ അളവു തെറ്റിപ്പിറപ്പായ്‌ ഞങ്ങളു-
മിടരൊഴിയാതലമുറയുതിര്‍ക്കുമമ്മമാരും

ശലഭമണയാത്തൊരീപ്പൂക്കള്‍ തന്‍കണ്ണീരു
മിലകരിെഞ്ഞാടുങ്ങും തണല്‍മരക്കൂട്ടവും
ഋതുവാകാന്‍മടിക്കുന്ന മണ്ണും
ചിതയൊരുക്കിച്ചിരിക്കുന്ന കാറ്റും

ചില്ലു കൂട്ടിന്‍ പിന്നിലായ് വെള്ളച്ചിരിക്കൂട്ടോടെ
ചൊല്ലുകളുതിര്‍ക്കുന്ന "ശുദ്ധ "മൂര്ത്തിയാം ദാസാ
ചൊല്ലൂ നീയാര്‍ക്കായുയര്‍ത്തുന്നു നിന്‍ ചൂണ്ടു വിരല്‍
തെല്ലധൃഷ്ടമുണ്ടെന്നാലീയില്ലത്തണഞ്ഞു കൈകോര്‍ക്ക നീ

(For the victims of END o SULPHAAN)

No comments: