Search This Blog

Saturday, March 26, 2011

പ്രിയ ഏട്ടനു

മുറുകിയുറഞ്ഞ ഇരുട്ടിന്റെ നിശ്ശബ്ദതയില്‍ ഉറക്കം ഇടയ്ക്കിടെ കൂട്ട് വിളിയ്ക്കും .ഏട്ടന്റെ ആതുരാവസ്ഥ കുഞ്ഞേച്ചി (എന്റെ ഏടത്തി ) യെ കുത്തിനോവിക്കുന്നത് ഞാന്‍ പാതിയുറക്കത്തിന്റെ ഇട വഴി ചേര്‍ന്നിരുന്നു വായിക്കാറുണ്ട്.ഇടയ്ക്കിടെ ബോധം മറഞ്ഞും സന്നി ബാധിച്ചും ഇടനെഞ്ചിലേക്ക്‌ നോവിന്റെ സാന്ദ്രത ഒഴുകി നിറയും പോഴും ആരുടേയും കാണ്‍കെ കണ്ണീര്‍ പൊഴിക്കാത്ത എന്റെ കുഞ്ഞേച്ചി എനിക്ക് അമ്മയ്ക്കുമപ്പുറം എന്തോ ആണ് .ആശു പത്രിയുടെ സ്ഥിര ഗന്ധം പേറി നിറഞ്ഞ മുറിയില്‍ ചൂടിന്റെയും തണുപ്പിന്റെയും വിവേചന ബോധം വിടപറഞ്ഞ ഏട്ടന്റെ ശരീരത്തിന് കാറ്റിളക്കി കുളിര്‍ ഒഴുക്കുംപോ ബോധാവസ്ഥയില്‍ ചേച്ചി നല്‍കിയിരുന്ന സ്നേഹ സംവേദനത്തിന്റെ തുടര്‍ച്ച എനിക്ക് കാണാമായിരുന്നു .അരികില്‍ കാല്‍ പാദത്തില്‍ ചൂട് പകര്‍ന്നു ഞാനും .ചേച്ചി എന്നും ദുഃഖ ഭാരം ഇറക്കിവയ്ക്കാന്‍ ഒരിടം തേടുന്നത് എന്റെ പ്രിയതമയിലായിരിക്കും.കൈക്കുഞ്ഞുമായ് ഇടയ്ക്കെതുംപോള്‍ കനലെരിയുന്ന ആ ഹൃദയത്തിലൂടെ നിരാവിയാകാതെ ഒരു നീര്‍ക്കണം ഒഴുകി നടക്കന്നത് കാണാം .വേദന ഘനീഭവിപ്പിക്കുന്ന ഏട്ടന്റെ ചേഷ്ടകള്‍ ചില ശൂന്യ വേളകളില്‍ ഞാന്‍ തുണ്ടു പേപ്പറിലേക്ക്‌ നിരത്തും . കാഴ്ചയ്ക്ക് മേലെ മൂടല്‍ നിറയ്ക്കുന്ന നീര്‍ക്കണങ്ങള്‍ ആ അക്ഷരങ്ങള്‍ക്ക് മേലെ ചിതറിത്തെറി ക്കുമ്പോ വാക്കുകളുടെ സമൃദ്ധി എന്നില്‍ നിറയാന്‍ ദില്ലിയില്‍ നിന്നും ഏട്ടന്‍ അയച്ചു തന്ന "പഞ്ച മഹാ നിഘണ്ടു " എന്റെ കവിള്‍ തലത്തില്‍ മൃദുലമായ് തലോടും .അയച്ചു തന്ന കത്തുകളിലെ ഉപദേശങ്ങളുടെ തീവ്രതയും ഔന്നത്യവും നിഷേധിചില്ലെങ്കിലും ഞാന്‍ അന്ന് എന്നിലേക്ക്‌ സന്നി വേശിപ്പിചിരുന്നില്ല.ഘനം തൂങ്ങി നിന്ന വേദനയുടെ പടിവാതിലിലൂടെ ഒരു കട വാവല്‍ ചിറകടിച്ചു പോയി . ആരോ ആത്മാവിനെ കൊത്തി വലിക്കുന്നത് പോലെ .ഒരു കറുത്ത രൂപത്തോട് കടുത്ത യുദ്ധം ചെയ്യുന്ന ഏട്ടന്‍ .ബോധതലങ്ങളില്‍ നിന്നും എത്രയോ കാതം അകലെ .ഓരോ വലിഞ്ഞു മുറുകലും അരികിലെ ജന്മങ്ങളില്‍ തീക്കനല്‍ നിറയ്ക്കുമ്പോള്‍ അതറിയാതെ ആയുധമില്ലാത്ത യോദ്ധാവായി ഏട്ടനും .ഒടുവില്‍ എല്ലാ ചലനങ്ങള്‍ക്കും പൂര്‍ണവിരാമം ഇട്ടകന്ന ശരീരത്തിലേക്ക് കുഞ്ഞേച്ചി കണ്‍ നിറയ്ക്കാതെ ദുഃഖ ചലനങ്ങള്‍ അന്യരറിയാതെ ചുണ്ടുകളില്‍ കോര്‍ത്ത്‌ ആ നെഞ്ചിലേക്ക് അമരുമ്പോള്‍ ,അവസ്ഥയുടെ നോവിന്‍ സാന്ദ്രത തിരിച്ചറിയാത്ത രണ്ടു ഇളം കുരുന്നുകള്‍ ആ കൈകളോട് ചേര്‍ന്നിരുന്നു .
ഓരോ എഴുത്തിന്റെ വേദനയിലും വാക്കുകള്‍ക്കു വേണ്ടി കണ്‍ നിറയ്ക്കുമ്പോള്‍ ഞാന്‍ ഏട്ടനിലൂടെ പഞ്ച മഹാ നിഘണ്ടു വിലും തിരിച്ചും യാത്ര ചെയ്യും .ആ യാത്ര എന്നും സഫലമാക്കി എന്നില്‍ ഒരു കുളിരാര്‍ന്ന മഴനൂല്‍ പൊഴിക്കാന്‍ ഏതോ നക്ഷത്ര ചോട്ടില്‍ ഏട്ടനുണ്ടാവ ണം....വല്ലപ്പോഴും മാത്രം എന്നോട് ചിരിച്ചിട്ടുള്ള എന്റെ ഏട്ടന്‍ .....................
(എന്റെ ആദ്യ പുസ്തകത്തിന്റെ സമര്‍പ്പണക്കുറിപ്പ്‌ ഒരു കവിതയായ് ഇന്ന് എഴുതുകയുണ്ടായി .എന്റെ എല്ലാ എഴുത്തിലും അദ്രിശ്യമായി എന്നോട് സംവദിക്കുന്ന "പഞ്ചമാഹാ നിഘണ്ടു ",ഈ കുറിപ്പ് എഴുതാന്‍ എന്നെ നിര്‍ബ്ബന്ധിതനാക്കി )

No comments: