Search This Blog

Sunday, November 27, 2011

ഒരു മരക്കൊമ്പും മണ്ണിന്റെ കണ്ണീരും

കാലം മൃതിച്ചെണ്ട കൊട്ടിയെന്‍ ജീവന്റെ
നാലതിര്‍ക്കോണിലും ശാസനക്കൊടിയുയര്‍ത്തി
നോവിന്റെ താളത്തിലുതിരും വിയര്‍പ്പിന്റെ
നാവും പിഴുതെന്റെ യാത്മാവുവാഴും നടയടച്ചൂ.

കണ്ണീരുവറ്റിയൂര്‍ദ്ധന്‍ വലിക്കുന്ന മണ്ണിലെ -
ന്നുള്ളിന്‍ വിരല്‍ത്തുമ്പാല്‍ വൃഥാ സാന്ത്വനം കോരി
വിഷുപ്പക്ഷിയെന്നോ വിട ചൊല്ലി ,വര്‍ഷങ്ങളിട തെറ്റി -
വിഷച്ചേര്‍പ്പാലുതിര്‍ന്നീ മണ്‍ദാഹമാറ്റുവാന്‍ നോക്കി

ഉഷസ്സിന്‍ കുളിര്‍മയിലുപ്പു ചേര്‍ന്നു,ഉപ്പന്‍ ചിലപ്പടക്കി ,
ഉയിരാല്‍ തിളങ്ങും വിളപ്പാടമൂഷരമാവാനൊരുങ്ങീ.
കായുന്ന വയറിന്റെയോരത്ത് കാതുകള്‍ താഴിട്ടു നിന്നു ഞാ -
നാരാലുമറിയാത്തോരബദ്ധപിണ്ഡമായരികൊതുങ്ങി

വടിവൊത്ത ധവളപ്പുതപ്പിലെ വെള്ളച്ചിരിക്കീഴി -
ലടവച്ചൊരഞ്ജലിക്കായൊഴിയാതെ വിരല്‍ത്തുമ്പു നീട്ടി ഞാന്‍
ഒപ്പമെന്‍ തെക്കേപ്പുറത്തെ മാവിന്റെ കൊമ്പു -
മൊത്തതാണുയിരിന്‍ കുടുക്കിനെന്നുറപ്പിച്ചു വച്ചു .

കണ്ണുറപ്പിച്ച മണ്ണിലെ പൊന്നിന്നടങ്ങാത്ത രോദനം
എണ്ണിപ്പെറുക്കാനെഴുത്താള് കൂട്ടമായെത്തി
കുരുവിച്ചിലമ്പുമാക്കുടമണിത്താളവുമധിനിവേശം
കുരുക്കുന്ന മണ്ണീന്നലമുറയിട്ടകന്നു പോയീ .

പടി കടന്നെത്തും പലിശപ്പുലികളെ കണി ക -
ണ്ടുടയുന്നൊരുള്ളിന്റെ കോണില്‍ കുരുന്നിന്റെ കണ്ണും
ഉടയോന്റെ യുള്ളലിഞ്ഞൊരുങ്ങുന്ന വഴി തേടി -
യിടമുറിയാത്തിരി തെളിക്കുന്ന ദാരങ്ങളും

ഇവിടെയെന്‍ വേര്‍പ്പുമീ ജീവനുമാര്‍ക്കു വേണം
കഴുത്തറ്റുറവച്ചാവു പേറുമീ മണ്ണുമിന്നാര്‍ക്കു വേണം
കതിരോന്റെ കണ്ണാല്‍ കറുത്തോരീ മെയ്ക്കൊഴുപ്പും
ഹരിതപ്പുതപ്പാലൊഴുകിത്തിമിര്‍ക്കും കുളിരുമിന്നാര്‍ക്കു വേണം

മണ്‍വെട്ടി താങ്ങിത്തഴമ്പിട്ടതോളിന്നുടമസ്ഥന്‍
കണ്‍പോലെ കാക്കുമിപ്പച്ചത്തലപ്പുമേല-
ധിനിവേശക്കരിമ്പാറ്റ ചുടലനൃത്തം ചവിട്ടുമ്പോളീ -
നിധികാത്ത മണ്ണും നിറയാത്തകണ്ണുമൊറ്റപ്പെടുന്നുവോ ?

ഉറയും പലിശപ്പണക്കോമരപ്പിന്നിലമറിത്തിമിര്‍ക്കും
പറച്ചെണ്ടയും ,പടക്കൂട്ടവും ,പതിക്കുന്ന വാറോലയും
ചിറ കെട്ടി നിര്‍ത്തുവാനാവാത്ത ദുസ്വപ്നമായ്
നിറയുമ്പോളലയുന്നു കണ്ണാ മരക്കൊമ്പു തേടി

ഉയിരിന്റെ പാതിയോടുരിയാടിടാതെയുയിരാം കുരുന്നിനെ തൊ-
ട്ടുണര്‍ത്താതിരുളിന്റെ കോണിലൂടകലുന്നു കയര്‍ത്തുണ്ടുമായി ഞാന്‍
ഭരണത്തിരുപ്പടിയിലച്ചിക്കുവാന്‍ മരണക്കുറിപ്പേകാതെ
കരുണയിറ്റെങ്കിലും കാക്കാതെയകലട്ടെ ഞാനാരാലുമറിയാത്തവന്‍

വെള്ളച്ചിരിക്കോലമെത്തുന്നു വെളിപാടുതിര്‍ക്കുന്നു
വെള്ളപ്പുതപ്പിന്നരികിലായെത്ര ചിത്രം പകര്‍ത്താനുരയ്ക്കുന്നു
മുറ്റത്തുയര്‍ന്നോരാപ്പന്തലിന്‍ കീഴിലിറ്റു വീഴും മഴത്തുള്ളി പോലു -
മറ്റൊരാ ചേതനത്തിന്നരികിലെയലമുറയോടിറ്റു കരുണ കാട്ടി

Wednesday, November 23, 2011

ഊര്‍മ്മിള

മിഥി നിന്‍ പൌത്രിയാമൂര്‍മ്മിള കരയാതെ കരയുന്നു
വിധിഹിത ചൊല്ലു ചേര്‍ന്ന് ചുടു കാറ്റ് നിറയുന്നു
താരുണ്യ പ്പൂമുഖത്തിണയായി നിന്നവള്‍
ചാരുതച്ചന്ദനച്ചാര്‍ത്താല്‍ കാതോര്‍ത്തു നിന്നവള്‍

അനപത്യ ദുഃഖ മുഴവു ചാലിലമരുമ്പോ -
ളനഘമുത്തായനജത്തിയായ് പിറന്നവള്‍
പ്രേമ മധുമുത്തുതിരുമാച്ചിരിയില്‍ നിറ -
ച്ചാര്‍ത്തുമായ് മൈഥിലീ ! നിന്നോരത്തു മൂകം .

വിണ്ണുലഞ്ഞിരുന്നൊരു വില്ലിന്നമര്‍ച്ചയി -
ലര്‍േണ്ണാജനേത്രനിലലിഞ്ഞ ഭൂമിപുത്രീ !
നിന്‍ പ്രഭയിലിഴചേര്‍ന്നു നില്‍ക്കും താരമാ -
യന്‍പുള്ളില്‍ തുളുമ്പുമവളനുഗമിക്കുന്നു ദുഃഖം ഭുജിക്കാന്‍

അമ്മ തന്‍ നോവിന്നു പകരമായാദ്യരോദന -
മന്ത:പുരം വിട്ടകലുംപോളിറ്റു നൊമ്പരം
ജീവന്റെ താളങ്ങളിലഴകായാരൂഢമായ്
ജീവാര്‍ദ്ധമായുള്ളോന്റെ പരിലാളനം

ഏറെക്കൊതിച്ചുള്ള ജന്മമാധുര്യത്തേന്‍
നീറുന്നോരാത്മാവും നിറയാത്ത കണ്ണുമായ് നില്പൂ
അകത്തളക്കോണിലതിരറ്റ പ്രേമം നിറ -
ഞ്ഞകലുന്ന പാതിയോടിറ്റു പരിഭവം കൂടാതെ

ഒരു നിയോഗത്തിന്‍ രഥമുരുളാന്‍ കാത്ത വാക്കിനു -
മുരുകുമുള്ളാല്‍ പിടയുമീ വൃദ്ധതാതനും
ആരാലുമമരുവാനാവാത്ത സിംഹാസനത്തിനും
ചാരേയാരാലുമറിയാതൊരുത്തി മൂകയായ്‌ .

ഇന്നവള്‍ക്കൊരു മാത്രയൊരുയുഗമാണ് നോവിന്റെ -
യെന്നിട്ടും കണ്ടതില്ലാര്യ പുത്രനാക്കരൾ നൊമ്പരം
അരികത്തു നിന്നിറ്റു കുളിര്‍വാക്കു ചൊല്ലേണ്ടോരമ്മയു -
മരിയതായ് കണ്ടതാത്മജാനുയാത്ര താതമനം കുളിര്‍ക്കാന്‍

ചിരി കൊണ്ടു മായ്ച്ചാക്കരളിന്റെ കണ്ണീരിനെ മ -
കരക്കണ്ണിയാളകക്കോണിലേകയായ്‌ മാത്രയെണ്ണി
ചിരമീപ്പെൺചിരിപ്പിന്നിലേറെ ഹൃദ്‌നോമ്പരമാവാ -
മിരവിലേതു മിഴിത്തടം തേടുവതാ കരസ്പര്‍ശമാവാം

വാക്കിന്നിരിപ്പടം തെറ്റിയ പുത്ര ദുഃഖച്ചോട്ടില്‍
നാക്കിന്‍ കരുത്താല്‍ നായികാസ്ഥാനത്തൊരമ്മ
പകലിന്റെ പുസ്തകത്താളുകള്‍ കറയറ്റു നില്‍ക്കാന്‍
പകലിരവുകലതിരിട്ടു കാണാനിതു നിയോഗമാവാം

അന്ത:പുരത്തിലെ നൊമ്പരച്ചാര്‍ത്താമമ്മ ദുഃഖങ്ങളു -
മന്ധമെന്നൊട്ടു നിനച്ചിടാവുന്ന സ്ത്രൈണ ധാര്‍ഷ്ട്യങ്ങളും
കാതു കാരുന്നോരാസുര മന്ഥരാ ചിന്തയുമെന്നേക്കു -
മാകുലക്കണ്ണീര്‍ മുളയ്ക്കാത്ത താരുണ്യമാവാന്‍ വിധിച്ചിരിക്കാം

രാപകലളവിട്ടു കാടേറിയും പാതകളിലന്ത -
രായപ്പതിരാറ്റിയും പതിന്നാലു കാലം കഴിഞ്ഞോര്‍
പാഠങ്ങളേറെപ്പഠിച്ചോര്‍ പട നയിച്ചോര്‍
പാഠഭാഗമാവാതേകയായോള്‍ക്കിറ്റുകണ്ണേകിടാതെ

കഥയിലും കാതിലുമശോകവനക്കണ്ണീരുമാത്രമെന്നോ
വ്യഥകൊണ്ടന്ത:പുരച്ചുവരില്‍ ചിത്രം വരയ്ക്കുവോളെ
വിധിയെന്നു ചൊല്ലിക്കളയേണ്ടതെന്നോ
കിതപ്പാര്‍ന്നു നില്‍ക്കും പെണ്ണിവളൂര്‍മ്മിള,നീ ഭൂമി ,സര്‍വ്വംസഹ.

Saturday, November 12, 2011

ഗര്‍ഭപാത്രം പറഞ്ഞത്

ഒരു വേള ഞാനിരുന്നോട്ടെ നിഴല്‍ പറ്റിയീയുമ്മറപ്പടിയി
ലൊരുനാളിലീമണമുണ്ടിരിക്കുവാനകലത്തെയാലയത്തിണ്ണയില്‍
കരളിന്റെ ഭിത്തിയില്‍ വരച്ചു ചേര്‍ക്കട്ടെയീ സ്മൃതിച്ചിത്രമൊരു വേള
നരകാര്‍ന്നു നില്‍ക്കുമീ വൃദ്ധതന്‍ ചുളിവാര്‍ന്നെഴും വിരല്‍ത്തുമ്പിനാല്‍

എന്നാണെനിക്കുള്ളോരാ വിടുതല്‍ക്കുറിപ്പയയ്ക്കുന്ന -
തെന്നാണെന്നെ നിന്നില്‍ നിന്നും പറിച്ചകറ്റുന്നതെന്റെ കുഞ്ഞേ !
നോവിന്റെ നൊമ്പരം കൊണ്ടു കുളിര്‍ത്തോരീക്കരളിന്റെ മുന്നില്‍
നാവുയര്‍ത്തുന്നോരജ്ഞയെന്‍ കാതില്‍ കാട്ടുതീ കോരുന്നു

നിന്നിലേക്കെനിക്കുള്ള ദൂരമപ്പൊക്കിള്‍ക്കൊടിത്തുമ്പില -
റ്റിന്നുമെന്‍ കൈക്കുഞ്ഞായീക്കൈമടക്കില്‍ കാണാമെനിക്ക്
കുഞ്ഞിച്ചിരിത്തുമ്പില്‍ കോര്‍ത്ത മുത്തുമണിക്കിലുക്കത്തില്‍
കുഞ്ഞായി ഞാനും പെണ്ണിന്റെ മാത്രം ഭാഗ്യമായ് നിനക്കൊപ്പം

ഹൃദയം ചുരന്നു ഞാനിറ്റ സ്നേഹപ്പൂമണമിന്നുമാ -
ച്ചിരിക്കിലുക്കത്തില്‍ നുകരുന്നു കൊതിയടങ്ങാതെ
അകലമിട്ടെനിക്കായൊരു ലോകമൊരുക്കുമ്പോഴും
വികലമാവാതിരിക്കട്ടെ നിന്‍ ജീവയാത്രയൊരു മാത്ര പോലും

ഒരിക്കലേറ്റോരു പേറ്റു നോവിന്‍ നൊമ്പരച്ചാര്‍-
ത്തൊരുവേളപോലുമകലുകില്ലോരമ്മയില്‍ നിന്നും
പെരുമഴക്കീഴിലൊറ്റയാകും നിനക്കു കുടയായി ഞാ -
നരുമകൊതിച്ചൂട്‌ നല്‍കിയിടരാറ്റി നിന്നൂ .

അക്ഷരദാഹമേറാന്‍ നിനക്കൊത്തിരിക്കഥ വിളമ്പി -
യജ്ഞത വേരറ്റിടാനെത്ര നാമ ജപപ്പാല്‍ച്ചുരന്നൂ.
ദിശയറിഞ്ഞയനം കുറിക്കാന്‍ വഴിവെളിച്ചമാ -
യിടരോട് പൊരുതുവാനൂര്‍ജ്ജം ചൊരിയുമരുവിയായി

ജീവിച്ചു നീ എത്ര കാലമാര്‍ജ്ജിച്ചതെത്ര
മോഹപ്പൂമെത്തമേലാമോദ ഗന്ധം നുകര്‍ന്നതെത്ര
ചോദിപ്പതില്ലാരുമീ മണ്ണിലാരോടുമൊരുനാളുമേ
കാതോര്ത്തിടുന്നേവരു"മെങ്ങിനെ"യെന്ന ചോദ്യവും പേറി

ഒരു വേള നിന്നിലെക്കൊന്നു നോക്കുകുരുകി -
നിറയും ഹൃദ്‌നൊമ്പരങ്ങള്‍ തന്‍ കണ്ണീരു കാണാന്‍
നെഞ്ഞൂര്‍ന്നു തന്നൊരമൃതിന്‍ മണവുമാരുചിയും
കുഞ്ഞേ ! നീയായ്‌ വളര്‍ന്നു ,കുഞ്ഞാണ് നീയെനിക്കെന്നും

പുലയാട്ടു ചേര്‍ത്ത ചോറിന്നുപ്പായെന്റെ കണ്ണീരു ചേര്‍ക്കാം
നില വിട്ടുതിര്‍ത്ത വാക്കിനെയെന്നാത്മനൊമ്പരങ്ങളാലിയിക്കാം
എന്‍ മുന്നിലെന്നേക്കുമായടയുമീ വാതിലിന്നപ്പുറമിപ്പുറ -
മെന്‍ ശ്വാസതാളം നിറയ്ക്കാം നിനക്കെന്നുമൊരു കാവലായ്

പടവിറങ്ങിയകലുമ്പോളിച്ചെവി തേടുന്ന പിന്‍വിളിയും
കുട നിവര്‍ത്തിത്തണല്‍ പങ്കിട്ടു നില്‍ക്കും നിന്‍ വിരല്‍ച്ചൂടും
ഇടമുറിയാതിടനാഴിയിലുയരുമിളമുറച്ചിനുങ്ങലുമീ -
നടുമുറ്റത്തിലകമാം തുളസീദളത്തിന്‍ വിഷാദവും

ഒക്കെയൊരു സ്വപ്നമായ് നിറച്ചു ഞാനിവിടെ നി -
ന്നകലത്തെയാലയത്തേക്കകലാതെയകലാം
ദുഃഖമീ മിഴിച്ചെപ്പിലിട്ടും നിനക്കായ് തിരി തെളിക്കാ -
മൊട്ടൊഴിയാതിടനെഞ്ചില്‍ നിന്നെയേറ്റി ഞാ"നവിടു"റങ്ങാം

എങ്ങുമെന്നുമെല്ലായിടത്തുമെത്തുവാനാവില്ലെനി -
ക്കതിന്നാലമ്മയാകുന്നു ഞാന്‍ പിന്നെയഛനും