Search This Blog

Sunday, February 27, 2011

പ്രിയേ നിനക്കായ്

കണ്ണില്‍പ്പതിഞ്ഞ നിന്നുത്തുംഗ ചാരുത
ചൊല്ലാനറിയാത്ത നൊമ്പര ബിന്ദുവായ്‌
നിറയുമീയകൃത്തില്‍ കുളിര്‍കണമതുപോല്‍
നിറയുന്നു ഹൃത്തില്‍ സ്നേഹരൂപം പ്രിയേ

ഒരു മുറി ചാരിയ പടിവാതില്‍ പിന്നി
ലൊരു നിലാ വെട്ടമായെത്തി നില്‍ക്കെ
അര്‍ദ്ധ രൂപം കാട്ടി പെരുവിരല്‍തുമ്പാ
ലര്‍ത്ഥ പൂര്‍ണമാമനുരാഗക്കളം വരയ്ക്കെ

ചിത്രലേഖനം ചെയ്തെന്‍ ഹൃത്തിന്റെ ഭിത്തിയില്‍
വിദ്യുത്ക്കണം പോലെ നിന്നൊളികണ്ണു സത്യം
നൂല്‍ത്തുമ്പിലെന്റെ മനം കോര്‍ത്തു നല്‍കി
യാല്‍പത്രരൂപം ചാര്‍ത്തുമാചിത്രം

ശുദ്ധ രൂപമാമഗ്നിക്കു സാകഷ്യമാ-
യഛനേല്പ്പിച്ച നിന്‍ വലം കൈയിതെന്നില്‍
ഇറ്റു പോലും നോവാതിടനെഞ്ചേറ്റിയീടാ
യക്കുങ്കുമം ചാര്‍ത്തി നിന്‍ പത്മകത്തില്‍

ഒട്ടും ഘനക്കാത്ത നിന്‍ മൊഴിത്തേനിന്‍
ചിട്ടവട്ടത്താല്‍ ചരിക്കുന്നു ജീവിതം ശുദ്ധമായ്‌
ആണ്ടു താണ്ടുമ്പോഴുമിളം കുരുന്നായീ മുന്നില്‍
രണ്ടു ജന്മങ്ങളും നിന്‍ ധരാ സമ്മാനിതം കോമളേ

എന്നും നിഴല്‍ പോലെന്നിടനെഞ്ചു ചാരി
ഇടരാറ്റുവാനായ് നിന്നിടം വിരല്‍ തൊട്ടും
വെയില്‍ ചാഞ്ഞു നില്ക്കുംപോളിടം തോള്‍ച്ചുനുപ്പില്‍
വലംകൈ പകുക്കും നിന്നിളം ചൂടുമെന്‍ പ്രിയേ

Tuesday, February 22, 2011

നിളേ.....

ഒരു നാളിലീയോരത്ത് കാറ്റേറ്റു നില്‍ക്കുവാന്‍
വരുമായിരുന്നു ഞാനാ കവിവാക്കുമൂളി
ഇന്നെന്‍റെയുമ്മറക്കോലായിലൂന്നു വടിക്കൂട്ടോടെ
നിന്നേക്കു നീളുമൊരു നീര്‍മിഴിയാലിരിപ്പൂ ഞാന്‍
കാറ്റേറ്റു നല്‍കും, നിളേ നിന്‍ കാതരമൊഴി കേട്ടു
കണ്ണറിയാതൊഴുകുമീ നീര്‍ക്കണനനവോടെ
കണ്‍ പാതി പൂട്ടി കാതൊന്നില്‍ താഴിട്ടു നിന്‍റെ
മണ്‍കൂന മേല്‍ മനം പൊട്ടി വാപൂട്ടി നില്പൂ
കനവിലീ കാല്‍പ്പെരുക്കത്താല്‍ കളിവാക്കു ചൊല്ലും
മണല്‍പ്പരപ്പോടു കളമൊഴികള്‍ ചൊല്ലും നിളേ
ഇന്നു നിന്‍ നോവിലായിറ്റുവാന്‍ തെല്ലുമില്ലെന്റെ
ഹൃത്തില്‍ നൊമ്പര മുതിര്‍ക്കുമൊരു നീര്‍ക്കണം പോലും
ഓരമാര്‍ന്നൊഴുകുന്ന നേര്‍രേഖ മാത്രമായ്‌ഗാത്രം
ചുരുങ്ങി നീ പിന്‍ നോക്കിടാതെ യാത്രയാവുമ്പോള്‍
നീറും നെരിപ്പോടുപോലെയെന്നുള്ളമപ്പുറം
നേരുവാനാവതില്ലൊന്നുമീലുഭിതന്നുമാപ്പാക്കുക

Friday, February 18, 2011

താജ് നിനക്കായ്


ഇല്ലെന്റെ കണ്ണില്‍ പൊഴിക്കുവാനിനിയിറ്റുനീര്‍ക്കണം
മുല്ല പോല്‍ മൃദു സ്നേഹ സാന്ദ്രയാം മുംതാസ് നിനക്കായ്
നിനച്ചു ഞാന്‍ കാലാതിവര്‍തിയായീ രാജശ്മശില്‍പം
മനം വിങ്ങി നിറം മങ്ങി നില്പൂ നിലാക്കളങ്കംപോല്‍
ബാഹുഛേദിതനാം ഭണ്ടിലന്‍ തന്‍ കണ്ണീര്‍ക്കണങ്ങളോ
നീരറ്റുപുളയുമീയമുനതന്‍ വിലാപ വേഗങ്ങളോ
നീലജനാള മുതിര്‍ക്കും ജംഗുല ധൂമകൂപങ്ങളാലീ
നീല വിഹായസ്സുമസിതാത്മ പൂരിതം
ചാരംവിത്യ്ക്കുമീ കാറ്റോടു കാതു ചേര്‍ത്തെന്റെ
കാലം കഴിക്കുന്നു ദുഖാത്മികേ ഞാനുമീ മണ്ണില്‍
അനുബിംബമേറ്റുമീ വാപികാ തീരത്തു
മുറിവേറ്റോരാള്‍ നിന്‍ ഗതകാലം നുണഞ്ഞിരിപ്പൂ
ഹരിതം വിട ചൊല്ലി നില്‍കുമീ വനികയില്‍
പാട്ടുമൂളാനാവാതെ പൂങ്കുയില്‍ക്കൂട്ടവും
നേര്‍ച്ചയായിറ്റു നീര്‍ക്കണം നല്‍കി നിന്‍
ദാഹമാറ്റാന്‍ വെമ്പുമാലംബഹീനരും
അറ്റുപോയെന്റെയംഗമെല്ലാമമ്പേ
യനംഗവുമര്‍ദ്ധ ജീവനുമായ് വിലപിപ്പു ഞാന്‍

Saturday, February 12, 2011

സന്ധ്യേ.


ഏകയാമെന്നോട് മൂളുവതെന്താണ്
മൂക വിഷാദങ്ങളിഴചേര്‍ന്ന സന്ധ്യേ
ഇനിയുമടങ്ങാനാവാത്തൊരലയില്‍
നീ നിന്‍റെ ജീവനെയേകി വിലയിക്കയോ

കാതില്‍ പകരുമീകാറ്റിന്‍റെയീണത്തില്‍
വേദന തിങ്ങും നിന്‍ ഗദ്ഗദം ചേര്‍ന്നുവോ
ഒരു സ്നേഹ ചുംബനം നല്‍കിയകലുംപോള്‍
തീരമറിഞ്ഞുവോ തിര തന്‍റെ നൊമ്പരം

പാലൊളിപ്പുഞ്ചിരി നീളെ തൂകിയടുത്തവള്‍
താള മുപേക്ഷിച്ചകലുന്നു കണ്ടുവോ
ഒരു വേള ഞാനും നിന്നിലലിയുന്നു
ഗദ്ഗദം തിങ്ങും ഹൃത്തിന്‍ മിഴിനീരാല്‍

Friday, February 11, 2011

ഒറ്റപ്പെട്ടവള്‍

ചാലു തീര്‍ക്കുന്നോരീ കണ്ണിന്നു താഴെ
ചാവു മണക്കും ചിരി തീര്‍ക്കുവോള്‍ ഞാന്‍
ചീര്‍ത്തൊരീ മുലക്കണ്ണിലൂടെന്‍ കുഞ്ഞിനു
പയസ്സന്യമായോരാ നിണത്തുള്ളി നല്കുവോള്‍
താപം കുറിച്ചിട്ട ഹൃത്തിന്റെ നൊമ്പര ബിന്ദുവില്‍
ഉയിരൂതിയെന്‍ കുഞ്ഞിനായ് ചൂടേകുവോള്‍

മൃദുമന്ത്രണം പോല്‍.............



ഒറ്റ മുഖമാണെന്റെ കണ്ണിലെന്നിടം
തോള്‍ച്ചുനുപ്പില്‍ വലം കവിള്‍ ചേര്‍
ത്തിരുകൈകളാലെന്നൊരുകൈ മുറുക്കി
പ്പകര്‍ന്നോരാ ചൂടാണിന്നുമെന്‍ ചൂട് .
ഒറ്റയാളായീ വെയില്‍ ചാഞ്ഞ സന്ധ്യയില്‍
ഒട്ടല്ലാതെയോര്‍ത്തു ഞാനീയിരിപ്പടത്തില്‍ നിന്നെ ഞാന്‍ .............

Wednesday, February 9, 2011

മറവു തേടുമ്പോള്‍.....

നിന്നോടെന്‍റെ സിരകള്‍
കലഹിച്ചപ്പോള്‍
നീ മേനിക്കു മറ തിരക്കി
അവിടം മുതല്‍ നിന്നെ
പ്രാപിക്കാന്‍
ഞാന്‍ മറവു തേടി
ഇരുളിന്റെ താഴ്വാരങ്ങള്‍
രക്ത പങ്കില മായപ്പോള്‍
സൂര്യനും വിറങ്ങലിച്ചു
നിലാവു വേദനിച്ചു
നിനക്കുള്ള കുളിര്‍മഴകള്‍
മണ്ണില്‍പ്പതിക്കാതെ
നീരാവിയായി
നീരുതേടിയ വേരുകള്‍
നീതിമാനെ തിരക്കി
കിളിയുടെ കരച്ചില്‍
കാറ്റ് കവര്‍ന്നു
മണ്ണിരക്കുന്നവന്റെ
കയ്യില്‍
ഓട്ടപ്പാത്രം ബാക്കി........

Thursday, February 3, 2011

ഭൂമി നിന്‍ മുന്നില്‍......................

ഊര്‍ദ്ധന്‍ വലിക്കുമൊരാതുരയെപ്പോല്‍
ഭൂമിനിന്‍ തീവ്ര നോവിന്നുമുന്നില്‍

ബധിരകര്‍ണ്ണങ്ങള്‍ തന്നോരത്തുനിന്നിതാ
വാപൂട്ടി നില്‍പോന്റെ കണ്ണു നീര്‍

അന്നം വിളഞ്ഞോരാ മുണ്ടകന്‍പാടത്ത്
ചെമ്മണ്‍ നിറയ്ക്കുന്ന വന്‍ കോമരങ്ങള്‍

വെറി വീണ മണ്ണിനായ് തെളിനീരു തേടുന്ന
നെറികേടറിയാത്ത നിരഞ്ജനര്‍ ഹാലികര്‍

മുറ്റത്തോരിത്തിരിത്തണല്‍പ്പരപ്പിനായ്
മുത്തച്ഛന്‍ നട്ടമരത്തിന്റെ കണ്ണുനീര്‍

യന്ത്രപ്പിശാചിന്റെ കൊമ്പു പിളര്‍ന്ന നിന്‍
മാറില്‍ നിന്നിറ്റുന്ന ചോരയ്ക്കായ് വാപിളര്‍പ്പോര്‍

തീമുട്ട പേറിപ്പറക്കുന്നോരെന്ത്രപ്പരുന്തുക
ളമ്മേ നിന്‍ മാറില്‍ ചാട്ടുളികളെയ്യുമ്പോള്‍

തീയും പുകയ്ക്കൊത്തു തീര്‍ക്കുമാഗര്‍ത്തത്തില്‍
തീരുന്നോരായിരം ജന്മങ്ങള്‍ നിഷ്കളങ്കം

ജീവന്‍റെ വീഥിയിലറുകൊലക്കണ്ണുമായ്
ജംഗുല ധൂമകൂപങ്ങള്‍ നില്‍പൂ തീ നാവു കാട്ടി

പ്രാണന്നോരല്‍പ്പം കുടിനീരു നല്‍കാന്‍
പാവമന്ത്യശ്വാസം വലിക്കും പുഴയ്ക്കാവുമോ

കൂടു കൂട്ടാനൊരു കാട്ടു ചില്ലയ്ക്കായ്
കൂകിയലയുന്ന പൂങ്കുയില്‍ക്കൂട്ടം

വറ്റിവരണ്ടോരാക്കാട്ടു ചോലച്ചോട്ടി
ലിറ്റ്നീര്‍ക്കണം തേടി കണ്ണുനാട്ടോര്‍ കാട്ടുമക്കള്‍

ജീവസമീരന്‍ നിനക്കേകുവാനാവാതെ
മൃതചരണ ദാരുസഞ്ചയങ്ങളമ്മേ

ഒരു നീര്‍ക്കണത്താലൊരുപാടു ജീവന്‍ മുളയ്ക്കും
പരശ്ശതമാത്മരേണുക്കള്‍ തന്നമ്മ നീ

ഇടനെഞ്ചു കീറിയുമിരയുമിരിപ്പടോം തേടുവോര്‍
ക്കിടറാതെയെന്നും മുല ചുരത്തുവോള്‍

എനിക്കില്ല മറ്റിടം നീയോഴികെയമ്മേ
വിറയോടെ കണ്‍നിറയ്ക്കാനെന്‍ നോവിലും