Search This Blog

Thursday, January 13, 2011

ചന്ദ്രിക ഞാന്‍.......



പകലിതിലാദ്യന്തമൂര്‍ജ്ജം ചൊരിഞ്ഞവന്‍
പതിവായ്‌ പടിഞ്ഞാറണയുംപോഴാ-
ലശീലയാവേണ്ടതെന്തിനായ്‌ ചൊല്ക
നിലാക്കുളിര്‍പൊയ്ക ചൊരിയാം നിനക്കായ്

ഒരു രാപ്പൂപ്രണയം




അണയുമൊരിന്ദിന്ദിരത്തിന്നഴകെഴു
മീണമൊന്നിനായ് ധ്യാനലീനയായിരവിലും
പുണരുമതിനാലെന്‍ കുലമതുതുടരുവാനി
പ്പരാഗരേണുവിന്‍ ഗന്ധം പരത്തുന്നുഞാന്‍

വിശപ്പ്‌




അറിയാമിതെന്‍ മക്കളല്ലെന്നതെങ്കിലു
അശനമിതിനുമതമറയില്ല ഭുജിക്ക നിങ്ങള്‍

ഹരിതമില്ലാത്തവള്‍




ഹരിതമെനിക്കന്യമെന്നാലുമണയുമിക്കാറ്റിലു -
മരികെഴുംഹരിതത്തിലും നിറയും ജംഗുലമെന്‍ പ്രിയം

എന്‍ കുഞ്ഞ്




ഇല്ലൊരരിയുമിരയാക്കില്ല നിന്നെ
യില്ലിമേലിക്കരങ്ങള്‍ കവചമാണാ
വോളം നുണയുകമുലപ്പാലെന്‍റെ കുഞ്ഞേ

ഇനി ഞാനുറങ്ങട്ടെ



അരനാഴികയില്‍ ഞാനകലുമറികനീയിരുട്ടിനെ 
യരനാള്‍കഴിഞ്ഞണയാമിളം മയൂഖമോടെ 

ദിവാകരന്‍




കര്‍മ്മണ്യപൂരിത ചരാചരമജമിതില്‍
കൂര്‍മ്മകിരണപ്രസാദമെന്‍ മുഖത്താല്‍
മര്‍മ്മമെന്തെന്നതെ നീയറിയേണ്ടൂ വൃഥാ
യെന്ത്രചരടില്‍ കൊരുക്കാന്‍ ശ്രമമേകവേണ്ടാ

Thursday, January 6, 2011

ഞാന്‍ കണ്ണൂര്‍


ഒഴിയുന്നതില്ലെന്റെ കണ്ണീരിടനെഞ്ചി 
ലിനിയും പുകയും നെരിപ്പോടുകള്‍ 
നിറയൌവ്വനത്തിന്റെ ചേലിലും
വൈധവ്യത്തിന്റെ നൊമ്പരങ്ങള്‍ 
ഉറയുന്ന കോമരം തലകൊയ്തു മാറ്റിയോ 
രുറ്റവന്റുടല്‍കണ്ടു തേങ്ങുന്ന പുത്രിമാര്‍ 
തിരികെയീമണ്ണിലിനിയുമെത്താത്തോരഛനോ 
ടരുമയാം കളിപ്പാവ കേള്‍ക്കുന്ന കൊച്ചുമക്കള്‍
നിറയുന്നിരുട്ടിലും വീശുന്ന കാറ്റിലും
കാതോര്‍ത്തു നില്‍ക്കുന്ന കോമരങ്ങള്‍  
ഒഴുകുന്ന ചോരയിലുയിര്‍കൊണ്ടവീര്യമാ
യുയരെപറക്കും പതാകകള്‍ 
ഉയരെച്ചുരുട്ടുന്ന മുഷ്ടികള്‍ 
ഞാന്‍ കണ്ണൂര്‍ ....................
(2008 Jan ല്‍ എഴുതിയത് ) 

കൂടപ്പിറപ്പ്

ചങ്ങല കൊണ്ടതിര്‍ കോറിയപ്പോള 
ച്ചക്കരമാവപ്പുറത്തായുവല്ലോ 
ഒപ്പമെന്‍ കൂടപ്പിറപ്പേയെന്‍ഹൃത്തും
പകുത്തോണ്ടകലുന്നതെന്തിനായ്
പിച്ചയില്‍കാലിടറവെയൊട്ടകലത്തുനി
ന്നൊപ്പമെന്നുമെന്നു നിന്‍ കണ്ണാലെനിക്കോതിയില്ലേ
ഇപ്പൊഴീ മണ്ണാല്‍ കലംപുമ്പോളെന്നുമാ
യുറ്റൊരീ കൂടപ്പിറപ്പു നിനക്കന്യമെന്നോ  
 

Tuesday, January 4, 2011

കടലമ്മയ്ക്കു


നീണ്ടോരീ നൂല്‍ത്തുമ്പിലെന്‍ ജീവന്‍ കൊരുക്കുമമ്മേ 
ആഴം കനത്ത നിന്‍മാറില്‍ നിന്നമ്മിഞ്ഞ പോല്‍ 
ചായംപുരട്ടാത്തോരീമക്കള്‍തന്‍ ജീവന്നുമേല്‍ 
ഊഴമെത്താതിരിക്കട്ടെ നിന്‍രൌദ്രമീ നൂല്‍ക്കുരുക്കെന്ന പോല്‍ 

ജീവന്‍റെയീണങ്ങള്‍


നീളെ പരക്കുമീ നീര്‍തരംഗമെന്നപോല്‍
നീളത്തിലായും നയമ്പിന്നാവൃത്തിയും 
തെല്ലു പിഴച്ചാല്‍ ചായുന്ന നൌകയും 
ഇല്ലാതെപോകുമീയോളത്തിലെന്‍ ജീവന്റെ താളവും 

ഞാനും കടലും

അറിയുന്നു ഞാനാഴിയെന്നപോലാഴിയെന്നെയും
നിറയുന്നതിന്നാലീ ജാലികക്കുടുക്കിലെന്നന്നവും 
അണയുന്നോരോരോ തരംഗത്തിലുമെന്‍ജീവരേണുക്കളീ 
മണല്‍പോലെ വിസ്തൃതമതിലേറെ ശുദ്ധം 

അയനം

നിലാവിന്‍റെ ചോട്ടിലും നീണ്ടു നില്കുമൊരുഷ്ണ
ശീല്കാരത്തിലകലുമിഴചേര്‍ന്ന ബന്ധങ്ങളത്രയും
ഒരു വേളയെങ്കിലും തൊടുക്കുവാനൊരു ചോദ്യവു
മായെത്തുമെന്നയനം സ്വപ്നം കണ്ടു മയങ്ങുന്നു
കണ്ടാലറയ്ക്കുംമുഖമെന്ന കണ്ടെത്തലാള്‍ദൈവത്തെ
ക്കണ്ണാടിയാലതിര്‍ചാര്‍ത്തിയുള്ളില്‍ കുടിയിരുത്തി

രക്തസാക്ഷി


ഇറ്റൊരീ ചുടുചോരയന്യനായെന്നറിയാതെ
യാത്മാവന്യമാക്കിയോന്‍ രക്തസാക്ഷി 
നിശ് ചേതനത്തിന്റെമുന്നിലായിറ്റു
കണ്ണീര്‍പൊഴിക്കാനുറ്റതായൊരു പെറ്റവള്‍
ചെമ്പട്ടു ചുറ്റിയ സ്തൂപിക ച്ചോട്ടിലായ് 
ചെമ്പൂ വടി ക്കുറിപ്പാ "യനശ്വരന്‍ "
ഉയരെ പ്പറക്കും ചെമ്പതാകയ്ക്കു കീഴെ
യുയരെ ചുരുട്ടുന്ന മുഷ്ടിയും മുദ്രയില്ലാത്ത വാക്യവും 
ഇല്ല മരിക്കില്ല നീയെന്ന ചൊല്ലിന്നു പിന്നിലാ
യില്ല വരില്ല പിന്നാലെ നീയെന്ന മൌന മന്ദസ്മിതം
ഇന്നു നീ നാളെയോ ......................................?

മണല്‍ക്കാട്ടിലെ വിരാമം

തിരിഞ്ഞൊന്നു നോക്കുവാനാവോത്തോരീ
യാത്രയോടുങ്ങുന്നതെന്നിനിയെന്റെയഛാ
ഇടംകാതിലമ്മതന്‍ നിശ്വാസമൊരുകുളിര്‍ പോല്‍ 
വലംകാതിലേല്ക്കുന്നു നോവീമണല്‍ക്കാറ്റിനാല്‍
നിറംകാത്തു നില്‍ക്കുമീയീന്തപ്പനച്ച്ചോട്ടി
ലുറവുതേടുമീയാത്മാക്കള്‍തന്‍ വിരാമമത്രേ